‘ഹാര്‍വാര്‍ഡിനേക്കാള്‍ പ്രാധാന്യം ഹാര്‍ഡ്‌വര്‍ക്കിന്’

Posted on: March 2, 2017 8:20 am | Last updated: March 2, 2017 at 12:21 am

മഹാരാജ്ഗഞ്ച്: നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്നിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അമര്‍ത്യസെന്നിനെതിരെ മോദി പരോക്ഷ വിമര്‍ശമുന്നയിച്ചത്.

ഹാര്‍വാര്‍ഡ് ചിന്തയേക്കാള്‍ പ്രധാന്യം ഹാര്‍ഡ് വര്‍ക്കി(കഠിനാധ്വാനം)നാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ അമര്‍ത്യസെന്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു. വിശ്വാസം അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയുടെ വേരിനെ തന്നെ ഇല്ലാതാക്കിയ തന്നിഷ്ടപ്രകാരമുള്ള തീരുമാനമെന്നാണ് നോട്ട് അസാധുവാക്കലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിനുള്ള മറുപടിയാണ് മോദിയുടെ ഹാര്‍ഡ്‌വര്‍ക്ക് പരിഹാസം.

ഹാര്‍ഡ്‌വര്‍ക്കും(കഠിനാധ്വാനം) ഹാര്‍വാര്‍ഡും തമ്മിലുള്ള വ്യത്യാസം രാജ്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വശത്ത് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ആളുകളെ ഉദ്ധരിച്ചുകൊണ്ട് നോട്ട് അസാധുവാക്കലിനെ ചിലര്‍ വിമര്‍ശിക്കുന്നു, മറുവശത്ത് പാവപ്പെട്ട ഒരാളുടെ മകന്‍ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്നു. മോദി പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരേയും മോദി വിമര്‍ശനങ്ങളുയര്‍ത്തി.
ശനിയാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ ആറാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.