കേന്ദ്രം ജനങ്ങളുടെ അന്നം മുട്ടിക്കുന്നു: കോടിയേരി

Posted on: March 2, 2017 7:15 am | Last updated: March 2, 2017 at 12:17 am

തിരുവനന്തപുരം: പാചകവാതക വില വന്‍തോതില്‍ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാചക വാതക സിലിണ്ടറിന് 90 രൂപയും ഹോട്ടലുകള്‍ക്കും മറ്റുമുള്ള സിലിണ്ടറിന് 147 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന ഭക്ഷ്യഭദ്രതാ നിയമത്തിന് പിന്നാലെ പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് ജനങ്ങളെ കൊള്ളയടിക്കലാണ്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ പാചകത്തിന് എല്‍ പി ജിയെയും മണ്ണെണ്ണയെയുമാണ് ആശ്രയിക്കുന്നത്.

ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്ത് ഭൂരിപക്ഷം പേരും സബ്‌സിഡി സിലിണ്ടറിന് അര്‍ഹരുമല്ല. അന്താരാഷ്ട്ര വിപണയിലെ അസംസ്‌കൃത എണ്ണയുടെ വിലയുമായി താരതമ്യമുള്ളതല്ല ഇപ്പോഴത്തെ വില വര്‍ധനവ്. ഒരു ന്യായീകരണവുമില്ലാത്ത ഈ വില വര്‍ധനവ് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.