സിറിയന്‍ സമാധാനം: റഷ്യയോട് സഹായം തേടി വിമതര്‍

Posted on: March 1, 2017 7:39 am | Last updated: March 1, 2017 at 12:40 am
SHARE

ജനീവ: സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് സര്‍ക്കാറിന്‍മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് സിറിയയിലെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പ് റഷ്യയോട് ആവശ്യപ്പെട്ടു. ജനീവയില്‍ യു എന്‍ പിന്തുണയോടെ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ നാലാംഘട്ടത്തിലാണ് വിമതര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഉന്നത കൂടിയാലോചന കമ്മിറ്റിയും പ്രധാന പ്രതിപക്ഷ സംഘവും റഷ്യന്‍ പ്രതിനിധികളെ കാണുന്നുണ്ട്. രാഷ്ട്രീയ പ്രക്രിയയെ അനുകൂലവും നിര്‍മാണാത്മകവുമായാണ് തങ്ങള്‍ കാണുന്നതെന്ന് പ്രതിപക്ഷ സംഘത്തെ നയിക്കുന്ന നാസര്‍ അല്‍ ഹരീരി സിറിയയിലെ പ്രത്യേക യു എന്‍ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.

സമാധാന പ്രക്രിയയില്‍ തങ്ങള്‍ റഷ്യയുടെ പിന്തുണ പ്രതീക്ഷിക്കുകയാണ്. അത് സിറിയന്‍ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തി പരിപൂര്‍ണ സമാധാനത്തിലേക്ക് നയിക്കുമെന്നും ഹരീരി പറഞ്ഞു. അസദ് സര്‍ക്കാറിന് റഷ്യയുടെ പ്രധാന പിന്തുണയുണ്ട്. സിറിയന്‍ സൈന്യത്തെ റഷ്യന്‍ വ്യോമസേന പിന്തുണക്കുന്നത് മുതല്‍ നയതന്ത്ര നടപടികളില്‍ റഷ്യക്ക് പ്രധാന പങ്കുണ്ട്.