ലിവര്‍പൂളിനെ തകര്‍ത്ത് ലെസ്റ്ററിന്റെ തിരിച്ചുവരവ്‌

Posted on: March 1, 2017 7:24 am | Last updated: March 1, 2017 at 12:25 am

ലണ്ടന്‍: ചാമ്പ്യന്‍ കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ലെസ്റ്റര്‍ സിറ്റി തകര്‍ത്താടി ! ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത കളിയുമായി ലെസ്റ്റര്‍ സിറ്റി മുന്‍നിരയിലുള്ള ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ 2-0ന് മുന്നിലായിരുന്ന ലെസ്റ്റര്‍ മത്സരം ഒരു മണിക്കൂറിലെത്തിയപ്പോള്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായി. കഴിഞ്ഞ സീസണില്‍ ലെസ്റ്ററിനെ ലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്‌ട്രൈക്കര്‍ ജാമി വാര്‍ഡി ഇരട്ട ഗോളുകളുമായി തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നു. 28, 60 മിനുട്ടുകളിലാണ് വാര്‍ഡിയുടെ ഡബിള്‍. ഡ്രിങ്ക് വാട്ടര്‍ മുപ്പത്തൊമ്പതാം മിനുട്ടില്‍ സീസണിലെ ആദ്യ ലീഗ് ഗോള്‍ നേടി.

അറുപത്തെട്ടാം മിനുട്ടില്‍ ബ്രസീലിയന്‍ താരം ഫിലിപ് കൊട്ടിഞ്ഞോയാണ് യുര്‍ഗന്‍ ക്ലോപിന്റെ ആശ്വാസ ഗോളടിച്ചത്. പരിശീലകസ്ഥാനത്ത് നിന്ന് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാരുടെ മികവിലേക്ക് തിരിച്ചുവരുന്ന കാഴ്ചയായിരുന്നു. അപ്രതീക്ഷിത തോല്‍വിയില്‍ ലിവര്‍പൂളിന് ടോപ് ഫോറിലേക്ക് തിരിച്ചെത്താനുള്ള അവസരം നിഷേധിക്കപ്പെട്ടു. 26 മത്സരങ്ങളില്‍ 49 പോയിന്റുള്ള ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്താണ്. 50 പോയിന്റുള്ള ആഴ്‌സണലും 52 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് തൊട്ട് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിന് 53 ഉം ഒന്നാംസ്ഥാനത്തുള്ള ചെല്‍സിക്ക് 63ഉം പോയിന്റ്.

ഇരുപത്താറ് മത്സരങ്ങളില്‍ 24 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി പതിനഞ്ചാം സ്ഥാനത്തേക്ക് കയറി. ലീഗില്‍ ശേഷിക്കുന്ന പന്ത്രണ്ട് മത്സരങ്ങളില്‍ വിജയക്കുതിപ്പ് തുടരാനായാല്‍ ലെസ്റ്ററിന് ആദ്യ പത്തില്‍ തിരിച്ചെത്താനാകും. റാനിയേരി പുറത്തായതോടെ താത്കാലിക കോച്ച് ക്രെയ്ഗ് ഷെക്‌സ്പിയറാണ് ലെസ്റ്ററിന് തന്ത്രമൊരുക്കുന്നത്. ഈ ടീമില്‍ നിന്ന് ഇനിയും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഷേക്‌സ്പിയര്‍ പറഞ്ഞു.

വിമര്‍ശനവും പരിഹാസങ്ങളും കളിക്കാരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നിര്‍ബന്ധിതമാക്കിയെന്ന് ഇരട്ട ഗോളുകള്‍ നേടിയ വാര്‍ഡി പറഞ്ഞു. ലിവര്‍പൂളില്‍ തനിക്കധിക കാലം തുടരാന്‍ സാധിക്കില്ലെന്ന സന്ദേഹമാണ് കോച്ച് യുര്‍ഗന്‍ ക്ലോപ് പങ്കു വെച്ചത്.