കെ എസ് ആര്‍ ടി സി യാത്രാ കാര്‍ഡ് പദ്ധതി പാളുന്നു; പുതിയ കാര്‍ഡുകള്‍ സ്റ്റോക്കില്ല

Posted on: February 25, 2017 11:45 am | Last updated: February 25, 2017 at 11:12 am

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ഥിരം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ കഴിഞ്ഞ മാസം 24ന് ആഘോഷപൂര്‍വം പുറത്തിറക്കിയ പ്രതിമാസ ട്രാവല്‍ കാര്‍ഡ് പദ്ധതി പാളുന്നു. 1000, 1500, 3000, 5000, രൂപ നിരക്കില്‍ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡന്‍, പ്രീമിയം എന്നീ നാല് തരത്തിലുള്ളതാണ് കാര്‍ഡ്. എന്നാല്‍, ഇവയുടെ കാലാവധി കഴിയുമ്പോള്‍ പകരം നല്‍കാന്‍ കഴിയുന്നില്ല.

കാര്‍ഡുകള്‍ പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ 5000ത്തിന്റെ പ്രീമിയം കാര്‍ഡ് ഒഴികെ മറ്റുളളവയെല്ലാം വിറ്റുപോയിരുന്നു. ഒരു മാസം യാത്ര ചെയ്യാന്‍ കഴിയുന്ന കാര്‍ഡുകളുടെ കാലാവധി തീരുന്ന മുറക്ക് പകരം നല്‍കാന്‍ പുതിയ കാര്‍ഡുകള്‍ സ്റ്റോക്ക് ഇല്ലാത്തതാണ് കാരണം.
കാലാവധി കഴിയാറായ പല കാര്‍ഡുടമകളും വിവിധ ഡിപ്പോ ഓഫീസുകളില്‍ ബന്ധപ്പെട്ടെങ്കിലും പുതിയ കാര്‍ഡ് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നാണ് മറുപടി.
പ്രത്യേകം തയ്യാറാക്കിയ ഫോമില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ സഹിതം നല്‍കി ഡിപ്പോകളിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളില്‍ നിന്നാണ് കാര്‍ഡുകള്‍ വാങ്ങിയിരുന്നത്. 1000 രൂപക്കുള്ള ബ്രോണ്‍സ് കാര്‍ഡില്‍ സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളിലും 1500 രൂപക്കുള്ള സില്‍വര്‍ കാര്‍ഡില്‍ സിറ്റി ഫാസ്റ്റ്, ജന്‍ റം നോണ്‍ എ സി ബസുകളിലും ഒരു മാസം യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു. കൂടാതെ, 3000, 5000 രൂപ കാര്‍ഡുകളില്‍ സിറ്റി ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ജന്‍ റം ഏ സി, നോണ്‍ ഏ സി ബസ്സുകളിലും യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു.

തിരക്കുള്ള സമയത്ത് ടിക്കറ്റ് എടുക്കാനും ചില്ലറക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് കാര്‍ഡ് കരുതാതെ വെറും ചടങ്ങ് നടത്തിയതാണ് പദ്ധതി പാളാന്‍ കാരണമെന്ന് യാത്രക്കാരുടെ പരാതി. കെ എസ് ആര്‍ ടി സി നടപ്പാക്കിയ ട്രാവല്‍ കാര്‍ഡ് യാത്രക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും, ദീര്‍ഘവീക്ഷണമില്ലാത്തതാണ് പരാജയത്തിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.