Connect with us

Articles

തടയുന്നത് പിണറായിയെ മാത്രമല്ല

Published

|

Last Updated

ഇന്ന് മംഗലാപുരത്ത് നടക്കുന്ന മതസൗഹാര്‍ദ റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുക്കാനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടകയിലെ സംഘ്പരിവാര്‍ സംഘടനകള്‍. ആര്‍ എസ് എസും ബി ജെ പിയും മംഗലാപുരത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഭോപാലില്‍ പിണറായി വിജയനെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞ സംഘ്പരിവാര്‍ നീക്കങ്ങളുടെ തുടര്‍ച്ചയാണ് മംഗലാപുരം സംഭവങ്ങള്‍.

ബന്ദും അക്രമങ്ങളും വഴി മംഗലാപുരത്തെ മതസൗഹാര്‍ദ റാലി അലങ്കോലപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മംഗലാപുരത്തെ സി പി എം ഏരിയാകമ്മിറ്റി ഓഫീസിന് ആര്‍ എസ് എസുകാര്‍ തീയിട്ടു. ബുധനാഴ്ച അര്‍ധരാത്രിയാണ് ഉള്ളാള്‍ തോക്കോട്ട് സിറ്റിയിലുള്ള പാര്‍ട്ടി ഓഫീസിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്ത് തീയിട്ടത്. പുസ്തകങ്ങളും ഫയലുകളും സൂക്ഷിച്ച അലമാരകളും ഫര്‍ണിച്ചറുകളും ടി വിയുമെല്ലാം തകര്‍ത്തു. മംഗലാപുരം നഗരത്തില്‍ നാട്ടിയിരിക്കുന്ന മതസൗഹാര്‍ദറാലിയുടെ പ്രചാരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരിക്കുകയാണ്.
മതനിരപേക്ഷ ശക്തികളെയും നാനാമതസ്ഥരായ മതവിശ്വാസികളെയും ഒന്നിപ്പിച്ചുകൊണ്ട് വര്‍ഗീയതയെയും ഹിന്ദുത്വ ഫാസിസത്തെയും പ്രതിരോധിക്കാനുള്ള ചുവടുവെപ്പുകളാണ് സിപി എം കര്‍ണാടക സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ശ്രീരാമസേനയും സനാതന്‍സംസ്തയും അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടുന്ന സാഹചര്യമാണ് കര്‍ണാടകയില്‍ ഇപ്പോഴുള്ളത്. കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്ന സനാതന്‍സംസ്തയും സാധാരണ ജനങ്ങളുടെ വ്യക്തിജീവിതത്തില്‍ വരെ കടന്നുകയറുന്ന ശ്രീരാമസേനയും കര്‍ണാടകയുടെ സമാധാനത്തെയും സൈ്വരജീവിതത്തെയും തകര്‍ക്കുന്ന ക്രിമിനല്‍ സംഘങ്ങളാണ്.

ഇത്തരം ഹിന്ദുത്വഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ യോജിച്ച പ്രതിരോധങ്ങള്‍ ഉയര്‍ത്താനാണ് സി പി എം ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഫെബ്രുവരി 25-ന് നടക്കുന്ന മംഗലാപുരത്തെ മതസൗഹാര്‍ദ റാലി. ഇതില്‍ പ്രകോപിതരായി കൊണ്ടാണ് സംഘ്പരിവാറുകാര്‍ മംഗലാപുരം ജില്ലയിലുടനീളം അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെയും ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങളെയും വെല്ലുവിളിക്കുകയാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് വിലക്ക് കല്‍പ്പിച്ചുകൊണ്ട് സംഘ്പരിവാര്‍ സംഘടനകള്‍.
കര്‍ണാടകയിലെ ഈ നീക്കങ്ങള്‍ക്ക് ബി ജെ പിയുടെ കേരള നേതാക്കള്‍ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷം വളര്‍ത്തുകയെന്ന തന്ത്രമാണ് കേരളത്തിലും കര്‍ണാടകയിലുമൊക്കെ ആര്‍ എസ് എസ് സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തില്‍ എല്ലാ ഫാസിസ്റ്റുകളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. പോളണ്ടിനെ ആക്രമിക്കാനും അതുവഴി യൂറോപ്പിനെ കീഴടക്കാനുമുള്ള യുദ്ധം ആരംഭിക്കാനും ഹിറ്റ്‌ലറും നാസികളും നടത്തിയ കുത്സിത നീക്കങ്ങള്‍ ചരിത്രത്തിന്റെ അപരാധപൂര്‍ണമായ പാഠങ്ങളായി നമ്മുടെ മുന്നിലുണ്ടല്ലോ.
നാസികള്‍ പോളണ്ടിലേക്ക് ക്രിമിനല്‍ സംഘങ്ങളെ അയച്ച് ജര്‍മന്‍ വംശജര്‍ക്കെതിരായി തുടര്‍ച്ചയായി അക്രമങ്ങള്‍ അഴിച്ചുവിടുകയും പോളണ്ടില്‍ ജര്‍മന്‍കാര്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന് വരുത്തിതീര്‍ത്തുകൊണ്ടാണല്ലോ പോളണ്ടിലേക്ക് ഹിറ്റ്‌ലര്‍ സൈന്യത്തെ അയക്കുന്നത്. ഇതിനു സമാനമായ നീക്കങ്ങളാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ആര്‍ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്. മലേഗാവ്, മക്കാ മസ്ജിദ്, സംജോത എക്‌സ്പ്രസ് സ്‌ഫോടനപരമ്പരകള്‍ സംഘ്പരിവാര്‍ സംഘടനകള്‍ തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും എന്നിട്ട് മുസ്‌ലിം സംഘടനകളാണ് ചെയ്തതെന്ന് പ്രചരിപ്പിക്കുകയുമായിരുന്നല്ലോ. കേരളത്തില്‍ സ്വന്തം പാര്‍ട്ടിക്കാരെ നിഷ്ഠൂരമായി കൊലചെയ്യുകയും ഉത്തരവാദികള്‍ സി പി എം ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത് ഹര്‍ത്താല്‍ നടത്തുകയും ചെയ്യുന്ന മനസ്സാക്ഷിയില്ലാത്ത ഫാസിസ്റ്റ് തന്ത്രങ്ങളാണ് ബി ജെ പി പ്രയോഗിച്ചുനോക്കുന്നത്. സി പി എം നേതാക്കളെ വധിക്കാന്‍ ഇട്ട പദ്ധതികള്‍ ഇത്തരം നീക്കങ്ങളുമായി യോജിക്കാന്‍ പറ്റാത്തതുകൊണ്ട് ആര്‍ എസ് എസ് വിട്ടുവന്നവര്‍ ഇപ്പോള്‍ പരസ്യമായി തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടല്ലോ.

രാജ്യമെമ്പാടും തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ക്ഷുദ്രവികാരങ്ങളുണര്‍ത്തി കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയതയെയും പാരമ്പര്യത്തെയും കുത്തകമൂലധന കേന്ദ്രീകൃമായ വ്യവസ്ഥയുടെ അലംഘനീയങ്ങളായ വിശ്വാസപ്രമാണമാക്കുകയാണല്ലോ ചരിത്രത്തിലുടനീളം ഫാസിസ്റ്റുകള്‍ ചെയ്തിട്ടുള്ളത്.
ഹിറ്റ്‌ലറും മുസ്സോളിനിയും ഫ്രാങ്കോയുമെല്ലാം അത്യന്തം മതാധിഷ്ഠിതമായ സങ്കുചിത ദേശീയഭ്രാന്തിനെ ഇളക്കിവിടുകയാണ് ചെയ്തത്. ജ്യൂലിയസ് സീസറിന്റെയും അഗസ്റ്റസ് സീസറിന്റെയും പ്രതാപകാലത്തിന്റെ പുനരാനയത്തിലൂടെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന ഉന്മാദമാണ് മുസ്സോളിനി ഇറ്റലിയില്‍ ഉടനീളം സൃഷ്ടിച്ചത്. പ്രാചീന റോമാ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന മതവംശീയ വിദേ്വഷത്തിന്റെ വിശ്വാസഭ്രാന്ത് സൃഷ്ടിക്കുകയും അതിനെ ചോദ്യം ചെയ്ത കമ്യൂണിസ്റ്റുകാരെ ക്രൂരമായി വേട്ടയാടുകയുമാണ് മുസ്സോളിനിയുടെ ഫാസിസ്റ്റ് സംഘങ്ങള്‍ ചെയ്തത്.

ഹിറ്റ്‌ലര്‍ ആര്യവംശാഭിമാനത്തിന്റേതായ സങ്കുചിത ദേശീയബോധം തിളപ്പിച്ച് സെമറ്റിക് സമൂഹങ്ങളെയും കമ്യൂണിസ്റ്റുകാരെയും കൊന്നൊടുക്കുകയാണ് ചെയ്തത്. ജൂത വിരോധത്തിന്റേതായ വര്‍ണവംശമഹിമാ സിദ്ധാന്തം ജര്‍മനയില്‍ ദശലക്ഷക്കണക്കിന് ജൂതര്‍ക്ക് ഗ്യാസ് ചാംബറുകളാണ് വിധിച്ചത്. വര്‍ണസങ്കരം തടയാന്‍ നാസികള്‍ ജര്‍മനിയില്‍ പ്രണയത്തെപ്പോലും കുറ്റകൃത്യമാക്കുകയായിരുന്നു. ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും പാതയില്‍ സഞ്ചരിക്കുന്ന ഹിന്ദുത്വവാദികള്‍ ലൗജിഹാദും മീറ്റ്ജിഹാദും ഘര്‍വാപസിയും വഴി രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ബ്രാഹ്മണമൂല്യങ്ങളിലധിഷ്ഠിതമായ സാംസ്‌കാരിക ദേശീയതയുടെ ആക്രോശങ്ങളാണ് ന്യൂനപക്ഷങ്ങളെയും ദളിതരെയും സ്ത്രീകളെയും അരക്ഷിതരാക്കിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിലേക്ക് എല്ലാറ്റിനെയും വിലയിപ്പിച്ചെടുക്കാനുള്ള ബലപ്രയോഗങ്ങളാണ് ആസൂത്രിതമായി നടക്കുന്നത്.

ഹൈന്ദവതയെ ദേശീയതയായി അവതരിപ്പിക്കുന്നവര്‍ അതിനെതിരായവയെയെല്ലാം ദേശവിരുദ്ധതയായി ചിത്രീകരിക്കുകയാണ്. രാജ്യദ്രോഹത്തെ രാജ്യതന്ത്രമാക്കി ദളിതരെയും ന്യൂനപക്ഷങ്ങളെയും ബുദ്ധിജീവികളെയും വേട്ടയാടുന്നു. തങ്ങള്‍ക്കനഭിമതരായവരെയെല്ലാം പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കുമെന്ന് ഭീഷണിമുഴക്കുന്നു. സാംസ്‌കാരിക സ്ഥാപനങ്ങളെയും ചരിത്രകൗണ്‍സിലിനെയും ജ്ഞാനോല്‍പാദനകേന്ദ്രങ്ങളായ സര്‍വകലാശാലകളെയും കാവിവല്‍ക്കരിക്കുന്നു.
ഇതിനെതിരെ നിലപാടു സ്വീകരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും വിശിഷ്യാ സി പി എമ്മിനെ ലക്ഷ്യം വെച്ച് രാജ്യവ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഈയൊരു ഫാസിസ്റ്റ് നീക്കങ്ങളുടെ ഭാഗമാണ് മംഗലാപുരം റാലി അലങ്കോലപ്പെടുത്താനുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍.

 

Latest