Gulf
പുതിയ മാപ്പിളപ്പാട്ടുകളില്‍ പ്രണയത്തിന്റെ അതിപ്രസരമെന്ന് ഫൈസല്‍ എളേറ്റില്‍

ദോഹ: റിയാലിറ്റി ഷോകള്‍ സൃഷ്ടിച്ച ട്രെന്‍ഡില്‍ പുതിയ മാപ്പിളപ്പാട്ട് രചനകള്‍ ധാരാളം ഉണ്ടാകുന്നുണ്ടെങ്കിലും ഭാഷാ മികവും വിഷയ വൈവിധ്യവും കുറവാണെന്നും പ്രേമത്തിന്റെ അതിപ്രസരമാണ് കാണുന്നതെന്നും മാപ്പിളപ്പാട്ട് പ്രവര്‍ത്തകനും വിധി കര്‍ത്താവുമായ ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു. പ്രണയം വിഷയമാകുന്നു എന്നതല്ല പ്രശ്‌നം. തീരേ നിലവാരുമുണ്ടാകുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ പുതിയ രചനകള്‍ പരിഗണിക്കുന്നതിന് ശക്തമായ നിബന്ധനകള്‍ വെക്കേണ്ടി വരുന്നുണ്ട്. ദോഹയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
റിയാലിറ്റി ഷോകള്‍ മാപ്പിളപ്പാട്ടിനെ കൂടുതല്‍ രംഗത്തു കൊണ്ടു വരികയും ജനകീയമാക്കുകയും ചെയ്തു. കുമാരനാശാനെപ്പോലെ മോയിന്‍ കുട്ടി വൈദ്യരും ഒരു കവി എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. സംഗീത രംഗത്ത് ബാബുരാജും ശ്രദ്ധയില്‍ വന്നു. പിന്നണിഗായകരെപ്പോലെ മാപ്പിളപ്പാട്ടു ഗായകരും സ്വീകരിക്കപ്പെട്ടു. എന്നാല്‍ മോയിന്‍ കുട്ടി വൈദ്യരുടെ രചനകള്‍ മാത്രമാണ് മാപ്പിളപ്പാട്ടുകളെന്ന ഒരു ധാരണ ഇപ്പോഴും തുടരുന്നുണ്ട്. സ്‌കൂള്‍ യുവജനോത്സവമുള്‍പ്പെടെയുള്ള മുഖ്യധാരാ മത്സരങ്ങളില്‍ പുതിയ പാട്ടുകള്‍ സ്വീകരിക്കപ്പെടാത്തത് അതു കൊണ്ടാണ്. ക്ലാസിക്കല്‍ മത്സരങ്ങളുടെ പരിമിതി എന്നതിനപ്പുറം വിധികര്‍ത്താക്കളായി എത്തുന്നവരുടെ മാപ്പിളപ്പാട്ടു ധാരണകളും അവയെ സ്വാധീനിക്കുന്നു.
പഴയ മാപ്പിളപ്പാട്ടുകളില്‍ ചരിത്രമായിരുന്നു ഇതിവൃത്തം. മോയിന്‍ കുട്ടി വൈദ്യരുടെ ബദറിനു ലഭിച്ച സ്വീകരാര്യത പിന്നീട് ചരിത്രമെഴുതാന്‍ പലരെയും പ്രേരിപ്പിച്ചു. അക്കാലത്ത് ലഭ്യമായിരുന്നു സ്രോതസും അതായിരുന്നു. വിശ്വാസി സമൂഹത്തിനിടയിലെ സ്വാധീനവും ചരിത്രത്തിലേക്കു കേന്ദ്രീകരിക്കുന്നതിനു കാരണമായി. എന്നാല്‍ ബദറുല്‍ മുനീര്‍ എന്ന കാല്പനിക പ്രണയകാവ്യമെഴുതുന്നതിനും മോയിന്‍കുട്ടി വൈദ്യര്‍ സന്നദ്ധമായിട്ടുണ്ട്. വിവിധ ഭാഷകള്‍ ഒരു പോലെ പ്രയോഗിക്കുന്ന മാപ്പിളപ്പാട്ടെഴുത്തില്‍ പുതിയ തലമുറ ഭാഷാ പരിജ്ഞാനക്കുറവിന്റെ പ്രശ്‌നം നേരിടുന്നുണ്ട്.
പുതിയ മാപ്പിളപ്പാട്ടു സംഗീതത്തിന് തനിമ നിലനിര്‍ത്താന്‍ പറ്റുന്നില്ല. പല പാട്ടുകളും തിനിമ വിട്ട് കര്‍ണാടിക് സംഗീതത്തിന്റെയൊക്കെ രീതിയിലേക്കു മാറുന്നുണ്ട്. ഇത് മാപ്പിളപ്പാട്ടിന്റെ തനിമയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.