Connect with us

Wayanad

നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാത: പ്രതേ്യക ഉദ്ദേശ്യ കമ്പനി രൂപവത്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം

Published

|

Last Updated

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രതേ്യക ഉദ്ദേശ്യ കമ്പനി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരണനടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. സംയുക്ത സംരംഭമായി നടപ്പാക്കാന്‍ കേരളം നിര്‍ദ്ദേശിച്ച 8 റയില്‍വേ പദ്ധതികളില്‍ കേന്ദ്ര അനുമതി ലഭിച്ചത് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്ക് മാത്രം. ഈ പാതയുടെ ചെലവിന്റെ പകുതി വഹിക്കാമെന്ന് കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. സംസ്ഥാനം വഹിക്കേണ്ട ബാക്കി തുക പ്രതേ്യക ഉദ്ദേശ്യ കമ്പനി രൂപീകരിച്ചശേഷം ബാങ്കുകളില്‍നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍നിന്നോ വായ്പയായോ സ്വകാര്യ മൂലധനമായോ സമാഹരിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാതയില്‍നിന്നുള്ള വരുമാനം കൊണ്ട് വായ്പ തിരിച്ചടച്ചശേഷം കമ്പനി പാത റയില്‍വേയെ തിരിച്ചേല്‍പ്പിക്കുകയാണ് ചെയ്യുക. രാജ്യത്തൊട്ടാകെ 30 റയില്‍വേ പദ്ധതികള്‍ക്കാണ് ഇപ്രകാരം അനുമതി ലഭിച്ചത്.

ഈ പദ്ധതികള്‍ നടപ്പാക്കാനുള്ള ഫണ്ട് കഴിഞ്ഞ പൊതുബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണം തുടങ്ങാനായി നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ചിലവിന്റെ പകുതിയായ ഏകദേശം 2500 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്നും ലഭിക്കുക. സംയുക്ത സംരംഭ പദ്ധതികള്‍ നടപ്പാക്കാനുള്ള ആദ്യഘട്ടമായ സംയുക്ത സംരംഭ കമ്പനി കേരളം രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ഗതാഗതവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ ഡയറക്ടര്‍മാരായി കേരളാ റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന പേരിലാണ് കമ്പനി രൂപീകരിച്ചിട്ടുള്ളത്. ഈ കമ്പനിക്കുകീഴില്‍ കേന്ദ്ര അംഗീകാരം കിട്ടുന്ന പദ്ധതികള്‍ക്ക് ഓരോന്നിനും വെവ്വേറെ പ്രത്യേക ഉദ്ദേശ്യ കമ്പനികള്‍ രൂപീകരിച്ചാണ് ഓരോ പദ്ധതിയും നടപ്പാക്കേണ്ടത്. ബാക്കിയുള്ള പദ്ധതികള്‍ക്കുകൂടി അംഗീകാരം ലഭിക്കാനായി കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റു പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ അഞ്ചു വര്‍ഷത്തെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് കേന്ദ്ര അനുമതി ലഭ്യമാക്കാനായത്. ബാക്കിയുള്ള പദ്ധതികള്‍ക്കുകൂടി അംഗീകാരം ലഭിക്കാനായി കാത്തിരുന്നാല്‍ കാലതാമസമുണ്ടാവും. അതിനാല്‍ അംഗീകാരം ലഭിച്ച പദ്ധതിയുടെ തുടര്‍നടപടികള്‍ ഉടന്‍ ആരംഭിക്കുകയാണ് വേണ്ടത്. അതോടൊപ്പം ബാക്കി പദ്ധതികളുടെ അംഗീകാരത്തിനായി ശ്രമിക്കുകയും ചെയ്യാം.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും അന്തിമസ്ഥലനിര്‍ണ്ണയ സര്‍വ്വേയും ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ത്തന്നെ പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരണ നടപടികള്‍ ആരംഭിച്ചാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയായാലുടന്‍ പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും ടെണ്ടര്‍ നടപടികളും ആരംഭിക്കാം. ജനപ്രതിനിധികളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അതീവ താല്‍പ്പര്യമാണ് പ്രകടിപ്പിച്ചത്. ബാംഗ്ലൂരില്‍നിന്നും 7 മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താവുന്ന ഈ റയില്‍പാത രണ്ട് സംസ്ഥാനങ്ങളുടേയും വികസനത്തിന് നിര്‍ണ്ണായകമാണ്. കേരളത്തിനും കര്‍ണ്ണാടകക്കും ഇടയിലെ വനത്തില്‍ കടന്നുപോകുന്ന 11 കി.മീ ദൂരം തുരങ്കപാതയായി നിര്‍മ്മിക്കാനാണ് ഡോ:ഇ.ശ്രീധരന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രതേ്യക ഉദ്ദേശ്യ കമ്പനിയുടെ രൂപീകരണനടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍ എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി റയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രി തോമസ് ഐസക്കിനും നിവേദനം നല്‍കിയിട്ടുണ്ട്. ആക്ഷന്‍ കമ്മറ്റി യോഗത്തില്‍ കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, വി.മോഹനന്‍, എം.എ.അസൈനാര്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ഫാ:ടോണി കോഴിമണ്ണില്‍, ജേക്കബ് ബത്തേരി, നാസര്‍ കാസിം, അനില്‍, സംഷാദ്, സല്‍മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.