ജയലളിതയുടെ അഭാവത്തില്‍ അനാഥത്വമെന്ന് ശശികല

Posted on: February 24, 2017 11:20 am | Last updated: February 24, 2017 at 11:01 am

ചെന്നൈ: മുന്‍ഗാമിയും ഏറെക്കാലത്തെ സുഹൃത്തുമായ ജയലളിതയുടെ അഭാവത്തില്‍ താന്‍ അനാഥത്വം അനുഭവിക്കുകയാണെന്ന് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല. ജയലളിതയുടെ 69ാം ജന്മവാര്‍ഷിക ദിനത്തില്‍ ബെംഗളൂരു ജയിലില്‍ നിന്ന് കൊടുത്തുവിട്ട പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശത്തിലാണ് ശശികല ഇങ്ങനെ പറയുന്നത്.

എല്ലാ വര്‍ഷവും ജയലളിതയുടെ ജന്മദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍, ഈ വര്‍ഷം ഇത്രയും ദുഃഖപൂര്‍ണമാകുമെന്ന് താന്‍ ചിന്തിച്ചിരുന്നില്ല. അമ്മ നമുക്കൊപ്പമില്ലെന്നത് തന്നെ കൂടുതല്‍ ദുഃഖിതയാക്കുന്നു. ചിന്തകള്‍ മുഴുവന്‍ അവരെ ചുറ്റിപ്പറ്റി മാത്രം നില്‍ക്കുന്നു. സ്ഥാപക നേതാവ് എം ജി ആറിന്റെ മരണ ശേഷം പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിലനിര്‍ത്തിയത് ജയലളിതയാണ്.
മുന്‍ വര്‍ഷങ്ങളില്‍ ഈ ദിനത്തില്‍ അമ്മക്കുള്ള പിറന്നാള്‍ ആശംസകളാണ് നേര്‍ന്നിരുന്നത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ അവരുടെ ഓര്‍മകള്‍ മനസ്സില്‍ നിറച്ച് ജനങ്ങളെ കൂടുതല്‍ സേവിക്കുകയാണ് ചെയ്യേണ്ടതെന്നും കത്തില്‍ ശശികല പറഞ്ഞു.

അതിനിടെ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി കൂടിയായ ഒ പനീര്‍ശെല്‍വവുമായി അനുരഞ്ജന സൂചന നല്‍കി എ ഐ എ ഡി എം കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ രംഗത്തെത്തി. മാതൃസംഘടനയിലേക്ക് തിരിച്ചുവരുന്ന ആരെയും ‘മാതൃവാത്സല്യത്തോടെ’ സ്വീകരിക്കുമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിനകരന്റെ മറുപടി. ഏതാനും എം എല്‍ എമാരും എം പിമാരും വഴി തെറ്റി മാതൃസംഘടനയില്‍ നിന്ന് പോയിരിക്കുകയാണ്. പാര്‍ട്ടി വിട്ടവരെല്ലാം തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

അതേസമയം, പാര്‍ട്ടിയിലേക്ക് താന്‍ പെട്ടെന്ന് തിരിച്ചെത്തുകയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാകുകയും ചെയ്ത നടപടിയെ അദ്ദേഹം ന്യായീകരിച്ചു. എ ഐ എ ഡി എം കെയുടെ ആദ്യ നാളുകളില്‍ത്തന്നെ ജയലളിത തന്നെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതാണെന്നും എം പി സ്ഥാനവും പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും അവര്‍ തനിക്ക് തന്നതാണെന്നും ദിനകരന്‍ പറഞ്ഞു.