Connect with us

Gulf

ജിസിസിയിലെ വിദ്യാര്‍ത്ഥികളില്‍ 75% ഉം സഊദിയില്‍

Published

|

Last Updated

ദമ്മാം: ജിസിസിയിലെ വിദ്യാര്‍ത്ഥികളില്‍ 75% ഉം സഊദിയിലാണെന്ന് കണക്ക്. ബിസിനസ് ആന്റ് ടെക്‌നോളജി യൂനിവേഴ്‌സിറ്റിയുടെ ആറാമത് വിദ്യാഭ്യാസ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടതാണിത്. 1.8% വാര്‍ഷിക വര്‍ധിത നിരക്കോടെ ജി.സി.സി യിലെ ഗള്‍ഫ് രാജ്യങ്ങള്‍ 150 ബില്യന്‍ ഡോളര്‍ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതായി ജി.സി.സി ചേമ്പേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അബ്ദുല്‍ റഹ്മാന്‍ ഹസന്‍ പറഞ്ഞു. ഇതടിസ്ഥാനത്തില്‍ 2020 ല്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 11.3 മില്യന്‍ കുട്ടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഈ രാജ്യങ്ങള്‍ക്ക് 163,200 അധ്യാപകരെ ആവശ്യമായി വരും എന്നര്‍ത്ഥം.

വരും വര്‍ഷങ്ങളിലെ ഏറ്റവും വലിയ നിക്ഷേപ സാധ്യതയുള്ള മേഖലയാണ് വിദ്യാഭ്യാസമെന്ന് ഫെഡറേഷന്റെ സാമ്പത്തിക വികസന കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖലീഫ അല്‍ അബ്‌രി പറയുന്നു. ഗള്‍ഫില്‍ രാഷ്ട്രങ്ങളില്‍ നിലവില്‍ സ്വകാര്യവിദ്യാഭ്യാസ വിഭാഗത്തിലെ മൊത്തം നിക്ഷേപക മൂല്യം 36 ബില്യന്‍ ഡോളറാണ്.

ഇത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആവശ്യമായ വിദ്യാഭ്യാസത്തിന്റെ 14% മാത്രമാണ് നല്‍കുന്നത്. സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി ഈ രംഗത്ത് വിദഗ്ധരും നിപുണരുമായ സ്വദേശികളെ ഉള്‍പ്പെടുത്തി വളര്‍ച്ചയുടെ നിലവാരത്തില്‍ നല്ലൊരു മുന്നേറ്റം സാധ്യമാകുമെന്ന് സഊദി വിദ്യാഭ്യാസ മന്ത്രി അഹ്മദ് അല്‍ ഇസ്സാ പറഞ്ഞു. എണ്ണയെ ആശ്രയിക്കാതെ മറ്റു മേഖലകളില്‍ നിന്നുള്ള വരുമാനം ഗള്‍ഫ് വികസനത്തിന് കൂടിയേ തീരൂ. ഇത് മൂല്യവര്‍ദ്ധിത പ്രവൃത്തിയിലൂടെ നേടിയെടുക്കാനാവും.

തല്‍ഫലം തൊഴില്‍ രംഗം മെച്ചപ്പെടുകയും നവീകരണങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും ക്രിയാത്മകത വളരുകയും ചെയ്യും. വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയ വ്യക്തികളെയും ഇത് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തില്‍ മാത്രമല്ല മറ്റു മേഖലകളിലും പൊതു സ്വകാര്യ പങ്കാളിത്തം വരും കാലങ്ങളില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അത് പോലെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏകീകരണ സ്വഭാവത്തോടെ വിദ്യാഭ്യാസത്തിലൂടെ യുവജനതയെ തൊഴില്‍ വിപണിയെ നേരിടാന്‍ ഉതകുന്ന രീതിയില്‍ വാര്‍ത്തെടുക്കാനുള്ള പരിശ്രമവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് ആന്റ് ടെക്‌നോളജി യൂനിവേഴ്‌സിറ്റിയുടെ ആറാമത് വാര്‍ഷിക വിദ്യാഭ്യാസ സമ്മേളന പ്രദര്‍ശന പരിപാടിയില്‍ ജി.സി.സി യില്‍ നിന്നും യൂറോപ്പില്‍ നിന്നുമായി 60 യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

 

Latest