എല്ലാം ആസൂത്രണം ചെയ്തത് പള്‍സര്‍ സുനിയെന്ന് മണികണ്ഠന്‍

Posted on: February 21, 2017 10:30 am | Last updated: February 21, 2017 at 11:54 am

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ പള്‍സര്‍ സുനിയാണെന്ന് പിടിയിലായ മണികണ്ഠന്റെ മൊഴി. എല്ലാം ആസൂത്രണം ചെയ്തത് സുനി ഒറ്റക്കാണെന്ന് മണികണ്ഠന്‍ പോലീസിന് മൊഴിനല്‍കി. ഒരു ‘വര്‍ക്ക്’ ഉണ്ടെന്ന് പറഞ്ഞാണ് കൂടെകൂട്ടിയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താന്‍ കരുതിയത്. സുനിക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയശേഷമാണ് താന്‍ അറിഞ്ഞത്. കൃത്യത്തിന് ശേഷം താനും സുനിയും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും മണികണ്ഠന്‍ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണമായും പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണ്കണ്ഠനെ കോയമ്പത്തൂരിനും പാലക്കാടിനും ഇടക്കുള്ള ഒളിയിടത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്നുപേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിലൊരാളാണ് പിടിയിലായ മണികണ്ഠന്‍.