ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

Posted on: February 15, 2017 11:09 am | Last updated: February 15, 2017 at 9:37 pm
SHARE

ന്യൂഡല്‍ഹി: ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കീഴടങ്ങാന്‍ സാവകാശം ചോദിച്ച ശശികലയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഉടന്‍ കീഴടങ്ങണമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമറിയില്ലേയെന്ന് ശശികലയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.

നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അതിനാല്‍ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു.

സര്‍ക്കാരുണ്ടാക്കാന്‍ ശശികല പക്ഷവും പനീര്‍ശെല്‍വവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിഷയത്തില്‍ എന്ത് നിലപാടെടുക്കും എന്നതാണ് നിര്‍ണായകമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here