ഹജ്ജ് സീസണ്‍ കൊയ്ത്ത് കാലമാക്കി സ്വകാര്യ വിമാനത്താവള ലോബി

Posted on: February 15, 2017 10:46 am | Last updated: February 15, 2017 at 10:46 am
SHARE

കൊണ്ടോട്ടി: കേരളത്തിന്റെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായി നേരത്തെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കരിപ്പൂര്‍ വിമാനത്താവളത്തെ നോക്കുകുത്തിയാക്കി സ്വകാര്യ വിമാനത്താവള ലോബി ഹജ്ജ് കാലം ലാഭകൊയ്ത്തിനുള്ള അവസരമാക്കി മാറ്റുന്നു.
കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിന്റെ പേരില്‍ ആദ്യം വലിയ വിമാനങ്ങളെ ഒഴിവാക്കുകയും തുടര്‍ന്ന് പകലില്‍ വിമാനത്താവളം അടച്ചിട്ടും കരിപ്പൂരിലെ സര്‍വീസുകള്‍ ഒന്നൊന്നായി അലങ്കോലപ്പെടുത്തി.റണ്‍വേ നവീകരണം അറ്റമില്ലാതെ നീണ്ടു പോയതോടെ പ്രക്ഷോഭങ്ങളും രൂപപ്പെട്ടു. ഒടുവില്‍ അടുത്ത മാസത്തോടെ വിമാനത്താവളം പൂര്‍ണമായും തുറന്നുകൊടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്
വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതി തിരിച്ചു നല്‍കുന്നില്ലെങ്കിലും ഈ വര്‍ഷം മുതല്‍ ഹജ്ജ് വിമാന സര്‍വീസുകള്‍ കരിപ്പൂരില്‍ തന്നെ തിരിച്ചെത്തുമെന്നുള്ള പൂര്‍ണ വിശ്വാസത്തിലായിരുന്നു ഹജ്ജ് അപേക്ഷകരും കേരളീയരും. ഹാജിമാരില്‍ 85 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരായതിനാല്‍ കരിപ്പൂരില്‍ നിന്ന് തന്നെ ഹജ്ജ് യാത്രക്ക് അനുമതി ലഭിക്കുന്നതിന് സര്‍ക്കാറും ഹജ്ജ് കാര്യ വകുപ്പും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയെങ്കിലും സ്വകാര്യ വിമാനത്താവള ലോബിയെ സഹായിക്കുന്ന തിരുമാനമാണ് വ്യോമയാന മന്ത്രാലയത്തില്‍ നിന്നുണ്ടായത്.

കഴിഞ്ഞ മാസം കരിപ്പൂരിലെ റണ്‍വേ നവീകരണം വിലയിരുത്താനെത്തിയ എയര്‍ പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത സംഘം കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതിന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നറിയിച്ചിരുന്നു. ഉന്നത സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചിരുന്നത് ഹാജിമാരും ഹജ്ജ് കമ്മിറ്റിയുമായിരുന്നു. 310 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോടെ ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്ന് തന്നെ സുഗമമായി നടത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷെ പ്രതീക്ഷയെല്ലാം തകിടം മറിയുകയായിരുന്നു.

കേരളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വലിയ വിമാനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. അതായത് കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്തില്ലെന്ന്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്ത കാലത്തോളം വലിയ വിമാ
നങ്ങള്‍ക്കെ ഹജ്ജിനു അനുമതി നല്‍കു എന്ന തീരുമാനം സ്വകാര്യ വിമാനത്താവള ലോബിയെ സഹായിക്കാനല്ലാതെ മറെറാന്നുമല്ല.
ഒരു വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു ലക്ഷത്തിലധികം രൂപയാണ് വിമാനത്താവളത്തിന് വാടകയായി നല്‍കേണ്ടത്. ഹജ്ജ് യാത്രക്കും മടക്ക യാത്രക്കുമുള്ള സര്‍വീകള്‍ ലഭിക്കുന്നതോടെ 40 ദിവസത്തിനുള്ളില്‍ മാത്രം കോടികളാണ് വാടകയിനത്തില്‍ ലഭിക്കുന്നത്. ഈ കോടികളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നെടുമ്പാശ്ശേരി ലോബി തട്ടിയെടുക്കുന്നത്. ഹജ്ജ് കാലം ലാഭക്കൊയ്ത്തിനുള്ള കാലമായി സ്വകാര്യ വിമാനത്താവള ലോബി കാണുന്നു.
കണ്ണൂര്‍ വിമാനത്താവളം നാടിനു സമര്‍പിക്കുന്നതോടെ ഇനി ഹജ്ജ് യാത്രാ അനുമതിക്കുള്ള പിടിവലിയായിരിക്കും കാണാനാവുക. ഹാജിമാരില്‍ 85 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരായതിനാല്‍ ഹജ്ജ് യാത കണ്ണൂരില്‍ നിന്നായിരിക്കണമെന്ന നിര്‍ദേശമായിരിക്കും കണ്ണൂര്‍ ലോബി മുന്നോട്ടുവെക്കുക. അപ്പോഴും കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച കരിപ്പൂരിലെ ഹജ്ജ് ഹൗസ് നോക്കുകുത്തിയായി തന്നെ നില്‍ക്കുന്നുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here