Connect with us

International

കാലിഫോര്‍ണിയയില്‍ ഓറോവില്ലെ ഡാം തകര്‍ച്ചയിലേക്ക്‌

Published

|

Last Updated

അപകട ഭീഷണി ഉയര്‍ത്തുന്ന കാലിഫോര്‍ണിയയിലെ ഓറോവില്ലെ ഡാമില്‍ നിന്ന് കുത്തിയൊലിക്കുന്ന വെള്ളം

ഓറോവില്ലെ(കാലിഫോര്‍ണിയ): യു എസ് സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ഓറോവില്ലെയില്‍ ഡാമിന് വിള്ളല്‍. അപകട ഭീതിയെ തുടര്‍ന്ന് രണ്ട് ലക്ഷത്തോളമാളുകളോട് നാട് വിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായി. 770 അടി നീളമുള്ള ഓറോവില്ലെ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ ഡാമാണ്.
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഡാം ഇപ്പോള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം ഡാമിലെ ജലപരിധി ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും രണ്ട് ഓവര്‍ഫ്‌ളോ ചാനലുകളും എമര്‍ജന്‍സി സ്പില്‍വേയും തകര്‍ച്ചയുടെ വക്കിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ സാക്രാമെന്റോയിലെ 105 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന ഓറോവില്ലെ നദീ തീരത്തെ 1.8 ലക്ഷത്തോളം ജനങ്ങളെ ഡാമിലെ തകര്‍ച്ച ബാധിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഡാമിന്റെ അരനൂറ്റാണ്ട് പഴക്കമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു പ്രഖ്യാപനം നടക്കുന്നത്.

കാലിഫോര്‍ണിയ ജല അതോറിറ്റി കനത്ത മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഡാമിന്റെ സമീപവാസികളായ 16,000ത്തോളമാളുകളോട് വടക്കന്‍ മേഖലയിലേക്ക് നീങ്ങാന്‍ ആഭ്യര്‍ഥിച്ചിട്ടുണ്ട്. ജനങ്ങള്‍ കൂട്ടത്തോടെ വീട് ഒഴിയാന്‍ തുടങ്ങിയതോടെ ഗതാഗത തടസ്സം രൂക്ഷമായി. റോഡുകളില്‍ പലേടത്തും വലിയ കുരുക്കുകളാണ് രൂപപ്പെട്ടത്. രണ്ട് ലക്ഷത്തോളം വരുന്ന ജനങ്ങളെ അധിവസിപ്പിക്കാനുള്ള ശ്രമം അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ദുരന്തം നേരിടാനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നദി നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ടെന്നും ശക്തമായ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും ഇതിനകം മുന്നറിയിപ്പ് വന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കിംവദന്തികള്‍ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

 

Latest