റിയാദില്‍ പുതിയ രണ്ട് എയര്‍പോര്‍ട്ടിനു കൂടി അനുമതി

Posted on: February 11, 2017 1:10 pm | Last updated: February 11, 2017 at 1:01 pm
SHARE

ദമ്മാം: സഊദിയുടെ കേന്ദ്ര പ്രവിശ്യയ റിയാദില്‍ രണ്ട് അഭ്യന്തര എയര്‍പോര്‍ട്ടുകള്‍ക്ക് കൂടി അനുമതി. ഈ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര ദക്ഷിണ ഭാഗങ്ങളില്‍ പണിയാനുള്ള നിര്‍ദ്ദേശത്തെയാണ് റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ അംഗീകാരം നല്‍കിയത്.

സെലക്ഷന്‍ ആന്റ് റിസര്‍വേഷന്‍ കമ്മിറ്റിയാണ് എയര്‍പോര്‍ട്ടിന്റെ പ്ലാനും ശിപാര്‍ശയും സമര്‍പ്പിച്ചത്. 2024 വരെയുള്ള റിയാദ് മേഖലയില്‍ വരുന്ന ഗൈഡ് അടങ്ങിയതാണ് നിര്‍ദ്ദേശമെന്ന് റിയാദ് ഡവലപ്മന്റ് അതോറിറ്റി വെബ്‌സൈറ്റില്‍ അറിയിച്ചു. വ്യവസായ വാണിജ്യ പുരോഗതി ലക്ഷ്യം വെച്ച് റിയാദിന്റെ തെക്ക് സുദൈര്‍ സിറ്റിക്കടുത്താണ് ഒരു എയര്‍പ്പോര്‍ട്ട് വരുന്നത്. 24 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം ഇതിനായി കണ്ടുവെച്ചിട്ടുണ്ട്. സുല്‍ഫ, മജ്മ, അല്‍ഗാത്ത് പ്രവിശ്യകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് റിയാദ് വടക്ക് എയര്‍പ്പോര്‍ട്ട് വരുന്നത്. റെയില്‍, റോഡ്, ലോജിസ്റ്റിക്, ഇന്റസ്ട്രി എന്നിവ പരിഗണിച്ചാണ് സ്ഥലം കണ്ടെത്തിയത്. അല്‍ ഖര്‍ജ്, അല്‍ ഹരീഖ്, അല്‍ അഫ്‌ലാജ്, എന്നിവിടങ്ങളിലുള്ള വികസനങ്ങളും പുതിയ എയര്‍പ്പോര്‍ട്ട് വരുന്നതോടെ കൂടുതല്‍ വളര്‍ച്ച കൈവരും.