Connect with us

Gulf

തമിഴ്‌നാട്ടുകാര്‍ക്ക് വധശിക്ഷ; ദോഹ ഇന്ത്യന്‍ എംബസി ദയാ ഹരജി സമര്‍പ്പിച്ചു

Published

|

Last Updated

ദോഹ: ഖത്വര്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ച രണ്ടു തമിഴ്‌നാട് സ്വദേശികള്‍ക്ക് ശിക്ഷയില്‍ ഇളവു തേടി കേന്ദ്ര സര്‍ക്കാര്‍ ദയാഹരജി സമര്‍പ്പിച്ചു. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് ദയാ ഹരജി നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് ഹരജി ഫയല്‍ ചെയ്തതെ മന്ത്രാലയം വക്താവ് വിക്‌സാ സ്വരൂപ് പറഞ്ഞു.
നാലു വര്‍ഷം മുമ്പ് സ്വദേശി വൃദ്ധ കൊല്ലപ്പെട്ട കേസില്‍ തമിഴ് നാട് സ്വദേശികളായ അളഗപ്പ സുബ്രഹ്മണ്യന്‍, ചെല്ലദുരൈ പെരുമാള്‍ എന്നിവരാണ് വധശിക്ഷ നേരിടുന്നത്. കീഴ്‌കോടതിയുടെ ശിക്ഷ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് പരിഗണനക്കെടുത്ത സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രം ദയാ ഹരജി നല്‍കിയത്. വധശിക്ഷ സംബന്ധിച്ചും തുടര്‍ന്ന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും ദോഹയിലെ ഇന്ത്യന്‍ എംബസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ദയാ ഹരജി സമര്‍പ്പിച്ചത്. കേസിലെ മൂന്നാം പ്രതി ശിവകുമാര്‍ അരസന് 15 വര്‍ഷത്തെ തടവാണ് ശിക്ഷ.

2012ലാണ് സലത്ത ജദീദില്‍ കേസിനാസ്പദമായ സംഭവം നടന്നത്. സ്വദേശി വൃദ്ധ കൊല്ലപ്പെട്ട കേസില്‍ ചെല്ലദുരൈ പെരുമാളിന്റെയും അളഗപ്പ സുബ്രമഹ്ണ്യന്റെയും വധശിക്ഷ ഖത്വര്‍ സുപ്രിം കോടതി കഴിഞ്ഞ ദിവസം ശരിവെച്ചപ്പോള്‍ മൂന്നാം പ്രതിയായ ശിവകുമാര്‍ അരസന്റെ ജീവപര്യന്തം തടവ് 15 വര്‍ഷമായി കുറക്കുകയും ചെയ്തിരുന്നു. സ്വദേശി വൃദ്ധയുടെ വീട്ടില്‍ മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. ശിവകുമാര്‍ അരസനും കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി അത് ജീവപര്യന്തമാക്കി ചുരുക്കുകയായിരുന്നു. ഈ വിധിയാണ് സുപ്രിംകോടതി 15 വര്‍ഷമാക്കിയത്.
കൊല്ലപ്പെട്ട സ്വദേശി സ്ത്രീ താമസിച്ചിരുന്ന വീടിന് സമീപത്തെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് മൂന്നു പേരും ജോലി ചെയ്തിരുന്നത്. പ്രതികളുടെ നിയമസഹായത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ സുരേഷ് കുമാര്‍ എന്ന അഭിഭാഷകനെ ഖത്വറിലേക്ക് അയച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതിയിയില്‍ കുറ്റം ബോധിപ്പിച്ചതിനെത്തുടര്‍ന്ന് കോടതി പ്രതികള്‍ക്ക് വധശിക്ഷ തന്നെ വിധിക്കുകയായിരുന്നു. ശിക്ഷാവിധി വന്നയുടന്‍ തന്നെ ഖത്വറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദോഹ ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിശദീകരണം തേടുകയും ദയാ ഹരജി സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കാര്‍ക്കെതിരെ വന്ന കോടതി വിധി കാഠിന്യമേറിയതാണെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. കേസിന്റെ തുടര്‍ച്ചകള്‍ ദോഹ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും പ്രാദേശിക നിയമസ്ഥാപനവുമായി ചേര്‍ന്ന് വേണ്ട രീതിയില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് നേരത്തെ അറിയിച്ചിരുന്നു.

Latest