കല്‍ബുര്‍ഗിയില്‍ 2,200 യുവതികള്‍ക്ക് ഗര്‍ഭപാത്രം നഷ്ടമായി

Posted on: February 8, 2017 8:54 am | Last updated: February 7, 2017 at 11:56 pm

ബെംഗളൂരു: ശസ്ത്രക്രിയയിലൂടെ പണം സമ്പാദിക്കുന്നതിന് കര്‍ണാടകയിലെ സ്വകാര്യാശുപത്രികള്‍ കേന്ദ്രീകരിച്ച് സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന റാക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചു. കല്‍ബുര്‍ഗിയിലെ 2,200 സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്തി ഗര്‍ഭപാത്രം നീക്കം ചെയ്ത സംഭവം പുറത്തായതോടെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവരുന്ന റാക്കറ്റിനെക്കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ലംബാനി, ദളിത് വിഭാഗത്തില്‍പ്പെട്ട യുവതികളാണ് ഡോക്ടര്‍മാരുടെ കൊടും വഞ്ചനക്ക് ഇരയായത്. സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുകയാണ്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ നാല് സ്വകാര്യാശുപത്രികള്‍ക്കെതിരെയാണ് അനാവശ്യമായി ശസ്ത്രക്രിയ നടത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. കര്‍ണാടക ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘം നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് അസുഖമില്ലാതെ സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയ കാര്യം വെളിപ്പെട്ടത്. ഇത്തരം ശസ്ത്രക്രിയയിലൂടെ സ്ത്രീകളില്‍ നിന്ന് ഡോക്ടര്‍മാര്‍ തട്ടിയെടുത്തത് വന്‍ തുകയാണ്.

ഡോക്ടര്‍മാരുടെ ചതി മനസിലാക്കിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഈ റാക്കറ്റിനെ കണ്ടെത്തുകയും 2015 ആഗസ്റ്റില്‍ ആശുപത്രികളുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇവ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും രംഗത്ത് വരികയായിരുന്നു. ആയിരത്തോളം വരുന്ന ഇരകളെ അണിനിരത്തി വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കല്‍ബുര്‍ഗിയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
വയറുവേദനയോ നടുവേദനയോ ബാധിച്ച് ചികിത്സക്ക് വേണ്ടി ആശുപത്രിയിലെത്തുന്ന സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ശസ്ത്രക്രിയ നടത്താന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കുകയാണെന്നാണ് തട്ടിപ്പിനിരയായ സ്ത്രീകളുടെ പരാതി. ഈ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ കുറേക്കാലമായി ചെയ്ത് വന്നത് ഇതാണെന്നും സ്ത്രീകള്‍ പറയുന്നു. ആദ്യം ഏതാനും ദിവസത്തേക്ക് മരുന്ന് നല്‍കി വിടും. വേദന കുറവില്ലാതെ വീണ്ടും വരുമ്പോള്‍ സ്‌കാന്‍ ചെയ്ത് നോക്കിയ ശേഷം ഗര്‍ഭപാത്രത്തില്‍ ക്യാന്‍സറുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുക മാത്രമാണ് പ്രതിവിധിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ക്യാന്‍സര്‍ പേടിച്ച് സ്ത്രീകള്‍ ഇതിന് സമ്മതിക്കുകയും ചെയ്യുന്നു. വന്‍ ബില്ല് വരുന്ന ശസ്ത്രക്രിയ നടത്തിയാണ് ഡോക്ടര്‍മാര്‍ വന്‍ തുക തട്ടിയെടുക്കുന്നത്. ഈ ആശുപത്രികളില്‍ ശസ്ത്രക്രിയക്ക് വിധേയരായ 2,200 പേരില്‍ മിക്കവാറും എല്ലാ സ്ത്രീകളുടെയും കാര്യത്തില്‍ ഇതാണ് സംഭവിച്ചിട്ടുള്ളതെന്ന് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെറിയ അസുഖങ്ങളുമായി എത്തുന്നവരില്‍ നിന്ന് വന്‍ തുക തട്ടുന്നതിനാണ് അനാവശ്യമായി ശസ്ത്രക്രിയകള്‍ നടത്തിയത്. ഇരകളാക്കപ്പെട്ട 40 ശതമാനം പേരും ദരിദ്രരായിരുന്നെന്നും 50 ശതമാനവും 40 വയസ്സില്‍ താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ ശസ്ത്രക്രിയക്കായി സ്ത്രീകളെ എത്തിക്കുന്നതിന് കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഏജന്റുമാരും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. അങ്കണ്‍വാടി പ്രവര്‍ത്തകരെയും ചെറിയ തുക നല്‍കി രോഗികളെ കണ്ടെത്താന്‍ നിയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സ്ത്രീകളെ ഇത്തരമൊരു ക്രൂരതക്ക് ഇരയാക്കിയ ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രിക്കെതിരെയും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും എതിരെ നടപടി ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരാനാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ തീരുമാനം. ആശുപത്രികള്‍ അടച്ചു പൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. ആള്‍ടര്‍നേറ്റീവ് ലോ ഫോറം, വിമോചന, സ്വരാജ് അഭിയാന്‍ തുടങ്ങിയ എന്‍ ജി ഒകളും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു.