ചീമേനി ജയിലിലെ ഗോപൂജ

Posted on: February 8, 2017 6:52 am | Last updated: February 7, 2017 at 11:53 pm

ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ വിവാദമായിരിക്കുകയാണ്. കര്‍ണാടകയില്‍ നിന്നുള്ള ആര്‍ എസ് എസ് നേതാക്കളെയും ജയിലിലെ ആര്‍ എസ് എസ് തടവുകാരെയും പങ്കെടുപ്പിച്ച് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ചട്ടങ്ങള്‍ ലംഘിച്ച് ഗോപൂജ നടത്തിയത്. ജയിലിലെ ജൈവ കാര്‍ഷിക വിളകള്‍ക്കായി കര്‍ണാടക ഹൊസനര മഠം വക 20 കുള്ളന്‍ പശുക്കളെ ചീമേനി ജയിലിലേക്ക് നല്‍കിയിരുന്നു. ഈ പശുക്കളെ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന ചടങ്ങിലാണ് പൂജ നടന്നത്. ഇതോടനുബന്ധിച്ചു ഗോ മാതാ കീ ജയ് വിളികളും ഉയര്‍ന്നു. ഹൊസനര മഠാധിപതി രാമചന്ദ്രപുര, രാഘവേശ്വര ഭാരതി സ്വാമികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഗോപൂജക്ക് പുറമെ നിന്നുള്ള 25-ഓളം സംഘ്പരിവാര്‍ പ്രവര്‍ത്തകരും പങ്കെടുത്തതായി പൂജയുടെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ വെളിപ്പെടുത്തുന്നു. ജയിലിലേക്ക് പുറത്തു നിന്നുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ടായിരിക്കെയാണ് കാര്‍മികരും സംഘ്പരിവാര്‍ പ്രവര്‍ത്തകരും അകത്തു കയറി പൂജ നടത്തിയത്. ജയില്‍ സൂപ്രണ്ടും ജോയിന്റ് സൂപ്രണ്ടും ചേര്‍ന്ന് സ്വാമിയെയും സഹകാരികളെയും ജയിലിനകത്തേക്ക് ആനയിക്കുകയായിരുന്നു. ഗോപൂജ നടക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ബി ജെ പി, ആര്‍ എസ് എസ് തടവുകാരെ പങ്കെടുപ്പിച്ചു ജയിലില്‍ പ്രത്യേക യോഗം നടന്നിരുന്നതായും അറിയുന്നു.

പശുക്കളെ സൗജന്യമായി നല്‍കിയ മഠം അധികൃതര്‍ അവരുടെ രീതിക്കനുസരിച്ചു ചടങ്ങ് നടത്തുകയായിരുന്നുവെന്നും താനോ ജയില്‍ ജീവനക്കാരോ പങ്കാളികളായിട്ടില്ലെന്നുമാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. എങ്കില്‍ മഠം അധികൃതര്‍ക്കും കൂടെയുള്ള സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും ജയിലില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതും പൂജക്കുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതും ആരായിരുന്നു? ജയിലിനകത്ത് ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തിന്റെ പൂജകള്‍ പാടില്ലെന്ന് ജയില്‍ ഉദ്യാഗസ്ഥര്‍ എന്തുകൊണ്ട് അവരെ ഉണര്‍ത്തിയില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ സംഘ്പരിവാര്‍ വിധേയത്വമാണ് സംഭവത്തിലുടെ പുറത്തു വന്നത്. ചീമേനി ജയിലിലെ ഒരു ഉദ്യോഗസ്ഥ മേധാവി കണ്ണൂര്‍ നടുവില്‍ ആര്‍ എസ് എസിന്റെ ശാഖയില്‍ പങ്കെടുക്കാറുള്ളതായും റിപ്പോര്‍ട്ടുണ്ട്.

ജയിലുകളില്‍ തടവുകാര്‍ക്കും ജീവനക്കാര്‍ക്കും യോഗ നിര്‍ബന്ധമാക്കിക്കൊണ്ട് ഡി ജി പി ലോകനാഥ് ബഹ്‌റയുടെ ഉത്തരവിറങ്ങിയത് അടുത്തിടെയാണ്. അറിയപ്പെട്ട ഹിന്ദുത്വ പ്രചാരണ സ്ഥാപനമായ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനാണ് പരിശീലനത്തിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. പരിശീലനം മുടക്കം കൂടാതെ നടക്കുന്നുവെന്ന് മേഖലാ ഡി ഐ ജിമാരും, വെല്‍ഫെയര്‍ ഓഫീസര്‍മാരും ഉറപ്പാക്കണമെന്നും പങ്കെടുക്കാത്തവരുടെ പേര്‍ വിവരം അറിയിക്കണമെന്നും ഡി ജി പിയുടെ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഹിന്ദുത്വ പ്രചാരണത്തിന് സംഘ് പരിവാര്‍ യോഗ പരിശീലനം രാജ്യവ്യാപകമായി നടപ്പാക്കി വരുന്നതിനിടെയാണ് ഡി ജി പിയുടെ ഉത്തരവ് ഇറങ്ങുന്നത്.

സംഘ്പരിവാര്‍ ഫാസിസത്തെ തടയാനും വളര്‍ച്ചയെ പ്രതിരോധിക്കാനും മുന്നില്‍ നില്‍ക്കുന്നവരാണ് ഇടതുമുന്നണി. അവരുടെ ഭരണ കാലത്ത് എങ്ങനെയാണ് ആര്‍ എസ് എസ് കേന്ദ്രങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ജയിലുകളില്‍ നിയമങ്ങള്‍ വരുന്നതും ഗോപൂജ അരങ്ങേറുന്നതും? സംസ്ഥാനത്തെ രാഷ്ട്രീയാധികാര കേന്ദ്രങ്ങളില്‍ സംഘ്പരിവാറിന് പ്രാതിനിധ്യമില്ലെങ്കിലും അവരുടെ അജന്‍ഡകള്‍ ഇവിടെ ഒന്നൊന്നായി നടപ്പാകുന്നുണ്ട്. ബഹ്‌റയെ പോലെ ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥന്മാരിലൂടെയാണ് അവര്‍ ഇത് സാധിച്ചെടുക്കുന്നത്. തൃശൂര്‍ രാമവര്‍മപുരത്തെ പോലീസ് അക്കാദമിയില്‍ മാട്ടിറച്ചിക്ക് വിലക്കേര്‍പ്പെടുത്തിയത് ഉത്തരേന്ത്യക്കാരനായ സുരേഷ് രാജ് പുരോഹിത് സ്ഥാനമേറ്റെടുത്ത ശേഷമായിരുന്നല്ലോ. കേരള പോലീസ് മെനുവില്‍ അനുവദിച്ച ഭക്ഷണമാണ് ബീഫ്. ഇത് മറികടന്നാണ് പുരോഹിത് അക്കാദമിയില്‍ ബീഫിന് നിരോധനം നടപ്പാക്കിയത്. മനുഷ്യജന്മത്തില്‍ ശ്രേഷ്ഠമായത് ബ്രാഹ്മണന്റെ ജന്മമാണെന്നും ആ കുലത്തില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും കേരള ബ്രാഹ്മണസഭയുടെ സമ്മേളനത്തില്‍ പ്രസംഗിച്ചതും ഇദ്ദേഹമായിരുന്നു.

ചീമേനി ജയിലിലെ പൂജയെപ്പറ്റി നിഷ്പക്ഷ അന്വേഷണം നടത്തി അതിന് അനുമതി നല്‍കുകയും സൗകര്യമൊരുക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ഉദ്യോഗസ്ഥരിലൂടെ സംസ്ഥാനത്ത് ഹിന്ദുത്വ ഫാസിസം നടപ്പാക്കാനുള്ള ശ്രമങ്ങളെ ശക്തിയായി ചെറുക്കുകയും ചെയ്യേണ്ടതുണ്ട്. മതേതര ഭരണ സംവിധാനത്തിന് കീഴില്‍ ജയിലുകളെയും പോലീസ് സ്റ്റേഷനുകളെയും മറ്റും ഏതെങ്കിലുമൊരു മതത്തിന്റെ പ്രചാരണങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന പ്രവണത ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ.