വോട്ട് ചെയ്യാത്തവര്‍ക്ക് സര്‍ക്കാറിനെ വിമര്‍ശിക്കാനാകില്ല: സുപ്രീം കോടതി

Posted on: February 6, 2017 8:35 am | Last updated: February 6, 2017 at 11:35 am

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം. രാജ്യത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി പരാമര്‍ശം നടത്തിയത്.
ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, സന്നദ്ധ സംഘടനക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താങ്കള്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചത്.
സത്യസന്ധമായി പറയുകയാണ്, ഇതുവരെ താന്‍ വോട്ട് ചെയ്തിട്ടില്ല എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതുകേട്ട ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ഇടപെടുകയും വോട്ട് ചെയ്യാത്ത ഒരാള്‍ക്ക് സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ അവകാശമില്ലെന്ന് പറയുകയും ചെയ്തു.
എല്ലാ കര്യത്തിലും ഒരാള്‍ക്ക് സര്‍ക്കാറിനെ വിമര്‍ശിക്കാനാകില്ലെന്നും വോട്ട് ചെയ്യാത്ത ഒരാള്‍ക്ക് സര്‍ക്കാറിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും ചീഫ് ജസ്റ്റിസും പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, എവിടെയെല്ലാം കൈയേറ്റങ്ങളുണ്ടോ അതാത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാനും ഹരജിക്കാരനോട് നിര്‍ദേശിച്ചു.