റൊമാനിയയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം

Posted on: February 3, 2017 12:30 am | Last updated: February 2, 2017 at 11:48 pm
റൊമാനിയന്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റയാള്‍

ബുച്ചാറെസ്റ്റ്: റൊമാനിയയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രൂക്ഷം. അഴിമതി ആരോപണത്തില്‍ ജയിലില്‍ കിടക്കുന്ന നിരവധി ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ ലക്ഷ്യംവെച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവിനെതിരെ രൂപപ്പെട്ട ജനരോഷം റൊമാനിയന്‍ ചരിത്രത്തില്‍ വന്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രക്ഷോഭം അക്രമാസക്തമായി. പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ നഗരം യുദ്ധക്കളമായി. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അരലക്ഷത്തോളം ഡോളറിന്റെ അഴിമതി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരെ രക്ഷിക്കാനായി പുതിയ നിയമം സര്‍ക്കാര്‍ പാസ്സാക്കുന്നുവെന്നാണ് സര്‍ക്കാറിനെതിരായ ആരോപണം. എന്നാല്‍ പ്രത്യേകമായി ആരെയെങ്കിലും ജയിലില്‍ നിന്ന് മോചിപ്പിക്കാനല്ല; ജയിലിലെ ജനബാഹുല്യം കുറക്കുകയെന്നതാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഡിസംബറില്‍ അധികാരത്തിലേറിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇടത് സര്‍ക്കാറിനെ പ്രക്ഷോഭം പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രക്ഷോഭം തണുപ്പിക്കാനായി വാണിജ്യ, വ്യവസായ മന്ത്രി ഫ്‌ളോറിന്‍ ജിയാനോ രാജിവെച്ചെങ്കിലും കാര്യമുണ്ടായില്ല.