ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ പ്രമുഖ വ്യവസായി എം.എ.യൂസഫലി അനുശോചിച്ചു

Posted on: February 1, 2017 5:00 pm | Last updated: February 1, 2017 at 5:00 pm
SHARE

അബുദാബി: മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ പ്രമുഖ വ്യവസായി എം.എ.യൂസഫലി അനുശോചിച്ചു. പ്രവാസികളോട് അനുകമ്പയും സ്‌നേഹവും സാഹോദര്യവും എന്നും വച്ചു പുലര്‍ത്തിയിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്നു ഇ.അഹമ്മദ് എന്ന് യൂസഫലി അനുസ്മരിച്ചു.

കേന്ദ്രവിദേശകാര്യ സഹമന്ത്രി എന്ന നിലയിലും അല്ലാത്തപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ ഭരണനേതൃത്വവുമായും ഉദ്യോഗസ്ഥരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഈ അവസരങ്ങളിലൊക്കെ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രവാസി ഭാരതീയ ദിവസ് നടക്കുമ്പോഴൊക്കെ പ്രവാസികളുടെ ഉന്നമനത്തിനായും പ്രശ്‌നപരിഹരങ്ങള്‍ക്കായും പല നിര്‍ദ്ദേശങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നയതന്ത്രപാടവം പലഘട്ടങ്ങളിലും അദ്ഭുതത്തോടെയായിരുന്നു ഞാന്‍ നോക്കി കണ്ടിട്ടുള്ളത്. രാജ്യത്തിനും വിശിഷ്യ പ്രവാസി സമൂഹത്തിനും വലിയൊരു നഷ്ടമാണ് ഇ.അഹമ്മദിന്റെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നതെന്നും എം.എ.യൂസഫലി പറഞ്ഞു.