ജെല്ലിക്കെട്ടിന് നിയമനിര്‍മാണം നടത്തുമെന്ന് പനീര്‍ശെല്‍വം

Posted on: January 22, 2017 1:45 pm | Last updated: January 23, 2017 at 5:52 pm

ചെന്നൈ: ജെല്ലിക്കെട്ടിനായി നിയമനിര്‍മാണം നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. അതിനുള്ള കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ടിന്റെ ഉദ്ഘാടനത്തിനായി മധുരയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനാല്‍ അളകാനെല്ലൂരില്‍ ജെല്ലിക്കെട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കുന്ന നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ഉയര്‍ന്നതോടെ മുഖ്യമന്ത്രിക്ക് തിരികെ പോരേണ്ടിവരികയായിരുന്നു.

താല്‍ക്കാലിക പരിഹാരത്തില്‍ തൃപ്തരല്ലെന്നും എല്ലാ വര്‍ഷവും ജെല്ലിക്കെട്ടിന് അനുമതി വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അളകനെല്ലൂരിലെ സ്ഥിരം ജെല്ലിക്കെട്ട് വേദിക്ക് സമീപം തടിച്ചു കൂടിയ നാട്ടുകാര്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. അളകനെല്ലൂരിലേക്കുള്ള റോഡ്, റെയില്‍ ഗതാഗതം സമരക്കാര്‍ തടസപ്പെടുത്തി. തുടര്‍ന്നാണ് മുഖ്യമന്ത്രി തിരിച്ചുപോയത്.