ഈ പ്രക്ഷോഭം ഒരു പതിവല്ല

Posted on: January 21, 2017 12:03 am | Last updated: January 21, 2017 at 12:03 am
SHARE

വാഷിംഗ്ടണ്‍: ആരവങ്ങള്‍ക്കിടയിലല്ല; ആക്രോഷങ്ങള്‍ക്കും അലോസര ശബ്ദങ്ങള്‍ക്കുമിടയിലാണ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയത്. ഫലം പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ട്രംപ്‌വിരുദ്ധ പ്രക്ഷോഭം ഇന്നലെ കൂടുതല്‍ രൂക്ഷമായി. ജനാധിപത്യ സംവിധാനങ്ങളിലൂടെ അധികാരത്തിലേറിയ ഒരു പ്രസിഡന്റിനെതിരെ ഇത്രയും വ്യവസ്ഥാപിതമായി പ്രക്ഷോഭം നടക്കുന്നത് അമേരിക്കയില്‍ പതിവുള്ള രീതിയല്ല. വിജയിക്കുന്ന എതിരാളിയെ ജനാധിപത്യ അച്ചടക്കം പാലിച്ച് അംഗീകരിക്കലായിരുന്നു ഇത്രയും കാലം അമേരിക്ക ചെയ്തത്. എന്നാല്‍, ട്രംപിന്റെ തിരഞ്ഞെടുപ്പ് കാലത്തെ നിലപാടുകളും ഫല പ്രഖ്യാപനത്തിന് ശേഷം നടന്ന ഇടപെടലുകളും ജനങ്ങളെ കടുത്ത നിരാശയിലേക്കും അമര്‍ഷത്തിലേക്കും നയിച്ചു. മത, വര്‍ണ, രാഷ്ട്രീയ കക്ഷിഭേദമന്യേ തെരുവിലിറങ്ങിയത് കുറെ ആള്‍ക്കൂട്ടങ്ങളായതിനാല്‍ തന്നെ അവരെ നിയന്ത്രിക്കാന്‍ ഒബാമയുടെ കീഴിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പോലും സാധിച്ചിട്ടില്ല.
28,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ അണിനിരന്ന വാഷിംഗ്ടണ്‍ നഗരത്തിലൂടെ പ്രക്ഷോഭകര്‍ ട്രംപ്‌വിരുദ്ധ പോസ്റ്ററുകളുമായി പ്രതിഷേധിച്ചു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിന് മുമ്പിലും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ തടിച്ചുകൂടി. പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ രംഗത്തെത്തി. ഹോളിവുഡ് താരം റോബര്‍ട്ട് ഡി നിറോ, അലെക് ബലാഡ്‌വിന്‍, ഓസ്‌കാര്‍ ജേതാവ് മൈക്കിള്‍ മൂറെ, ഗായകന്‍ ചെര്‍, ന്യൂയോര്‍ക്ക് മേയര്‍ ബില്‍ഡി ബ്ലാസിയോ എന്നിങ്ങനെയുള്ള നീണ്ട പ്രമുഖര്‍ തന്നെ പ്രക്ഷോഭകര്‍ക്ക് മുന്നിലെത്തിയത് ജനപങ്കാളിത്തം വര്‍ധിക്കാനിടയാക്കി. ‘ഞങ്ങള്‍ എല്ലാവരും മുസ്‌ലിംകളാണ്, ഞങ്ങള്‍ മെക്‌സിക്കോക്കാരാണ്, ഞങ്ങള്‍ സ്ത്രീകളാണ്, ഞങ്ങള്‍ അമേരിക്കക്കാരാണ്, അതോടൊപ്പം ഞങ്ങള്‍ കിറുക്കന്മാരുമാണ്.’ പ്രക്ഷോഭത്തിനിടെ ട്രംപിനെ പരിഹസിച്ച് സംവിധായകന്‍ മൂറെ പറഞ്ഞു.