ട്രംപാണ്, പേടിയുണ്ട്; ആശങ്കയല്ല പ്രാര്‍ഥനയാണ്

Posted on: January 21, 2017 12:01 am | Last updated: January 21, 2017 at 12:01 am

യു എസ് പ്രസിഡന്റ് പദവിയിലേക്കെത്തുന്നവരെ ലോകം ഉറ്റുനോക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പക്ഷേ, മുമ്പെങ്ങുമില്ലാത്ത വിധം ഇതാദ്യമാണ് ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ ലോകം ഇത്ര പേടിയോടെ വരവേല്‍ക്കുന്നത്. അമേരിക്കയെ പോലെ 195 രാജ്യത്തെ ജനങ്ങളും അലോസരത്തോടെയാണ് ഇന്നലെ യു എസ് കാപിറ്റോളിലെ സ്ഥാനാരോഹണം കണ്ടത്. പണ്ടൊക്കെ ‘ലോക പോലീസി’ന്റെ അമരത്തെത്തുന്നയാള്‍ എങ്ങനെയാകുമെന്ന ആശങ്കയായിരുന്നു ജനങ്ങള്‍ക്കുണ്ടായിരുന്നതെങ്കില്‍ ഇക്കുറിയത് പ്രാര്‍ഥനായി മാറിയിട്ടുണ്ട്. ഒന്നും സംഭവിക്കരുതെന്ന, ലോകം വിപത്തുകളാല്‍ നിറയരുതെന്ന, അലര്‍ച്ചകള്‍ കേട്ട് ഉണരരുതെന്ന, രക്തപ്പുഴകള്‍ ഒഴുകരുതെന്ന പ്രാര്‍ഥന.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയ അമേരിക്ക യു എസ് എസ് ആറിന്റെ തകര്‍ച്ചയോടെ നിര്‍ണായക ശക്തിയായി മാറി. അന്ന് മുതല്‍ അമേരിക്കന്‍ പ്രസിഡന്റും ഭരണകൂടവും ലോകത്തെ സ്വാധീനിക്കുന്ന ഒന്നായി മാറി. ജോര്‍ജ് എച്ച് ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു ബുഷ് എന്നിവരുടെ കീഴിലെ അമേരിക്ക ലോകത്ത് മതിപ്പും അവമതിപ്പുമുണ്ടാക്കുന്ന ഒട്ടേറെ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ബരാക് ഹുസൈന്‍ ഒബാമയുടെ രണ്ട് ടേമിലായുള്ള ഭരണത്തിന് ഇനിയും ചെയ്യാന്‍ ഒരുപാടുണ്ടായിരുന്നെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും വൈറ്റ് ഹൗസില്‍ ‘ബ്ലാക്കാ’യി ഒബാമ തന്നെ മതിയായിരുന്നുവെന്ന് ജനം മന്ത്രിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
തീവ്രവലതുപക്ഷക്കാരനായ ലക്ഷണമൊത്ത ഫാസിസ്റ്റ് തന്നെയാണ് ട്രംപ്. അതോടൊപ്പം ഏത് ഫാസിസത്തെയും ‘ലാഭ’ത്തില്‍ വിറ്റഴിക്കാന്‍ പ്രാപ്തമായ കച്ചവട കൗശലവുമുണ്ട് റിയല്‍ എസ്റ്റേറ്റുകാരനായ പുതിയ പ്രസിഡന്റിന്. ട്രംപിന്റെ കച്ചവടക്കെണിയില്‍ പെടാത്ത, കൊടിയുടെ നിറവ്യത്യാസം കൊണ്ട് അങ്ങനെ പെട്ടുപോകാതിരുന്ന ഒരുകൂട്ടമാണ് ട്രംപിന്റെ കീഴിലെ അമേരിക്കയെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ നഗരത്തില്‍ ഉറഞ്ഞു തുള്ളുന്നത്. ട്രംപ് തങ്ങളുടെ പ്രസിഡന്റ് അല്ലായെന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍ അതിനര്‍ഥം അവര്‍ അത്രത്തോളം അപമാനം സഹിക്കുന്നുണ്ടെന്ന് തന്നെയാണ്.
ട്രംപ് ഭരിക്കുന്ന അമേരിക്കയിലെ പൗരന്മാരാണെന്ന് പറയാന്‍ പോലും അവര്‍ക്ക് മടിയുണ്ട്. പശുവിന്റെയും കാളയുടെയും പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്ന രാജ്യത്തെ പൗരന്മാരാണെന്ന് പറയാന്‍ ലജ്ജിക്കുന്ന ഇന്ത്യക്കാരെ പോലെ അമേരിക്കയും മാറുന്നുണ്ട്.
ട്രംപ് എന്ന് കേള്‍ക്കുമ്പോള്‍ മനുഷ്യത്വം ചോദ്യം ചെയ്യപ്പെടുമെന്ന ആധി തന്നെയാണ് ആദ്യം വരുന്നത്. കിടപ്പാടം നഷ്ടമായി അഭയം തേടിയെത്തിയവര്‍ക്ക് ചുറ്റും മതില്‍ പണിയുമെന്നും മുസ്‌ലിംകളോട് രാജ്യം വിട്ട് പോകണമെന്നും ആക്രോശിച്ച ഒരാളെ ഭയക്കാതിരിക്കുന്നത് എങ്ങനെയാണ്.
അസഹിഷ്ണുതയും സ്ത്രീവിരുദ്ധതയും വര്‍ഗീയ, വര്‍ണ ചിന്തയും വേണ്ടുവോളമുണ്ട് പുതിയ പ്രസിഡന്റിന്. റഷ്യയെന്ന ശത്രുവുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കാന്‍ ട്രംപ് ശ്രമിക്കുമെന്ന സംശയമല്ല, ഉറപ്പാണ് അമേരിക്കന്‍ ജനതക്ക് ഇപ്പോഴുള്ളത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പുറത്തുവന്ന റഷ്യന്‍ ഹാക്കിംഗും അതില്‍ പുടിനും ട്രംപിനുമുള്ള പങ്കും ആ സംശയത്തെ അരക്കിട്ടുറപ്പിക്കാന്‍ കാരണമായി. ‘ട്രംപിന് വോട്ട് ചെയ്തതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നുവെന്ന മുദ്രാവാക്യവുമായി ‘ട്രംപ് എന്റെ പ്രസിഡന്റ് അല്ല’ എന്ന ബാനറില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കൊപ്പം ആയിരങ്ങള്‍ അണിനിരന്നതും അതിന്റെ തുടര്‍ച്ചയാണ്.
എതിരാളികളുമായി കൈകോര്‍ക്കുന്നതും സന്ധിയാകുന്നതും നല്ല ലക്ഷണമായിട്ടാണ് കണക്കാക്കേണ്ടത്. സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നത് ട്രംപിന്റെ കാര്യത്തില്‍ നല്ല ലക്ഷണമല്ല. വൈരം മറന്ന് റഷ്യയുമായി ഒരുമിക്കുന്നുവെന്ന് പറയുമ്പോള്‍ പശ്ചിമേഷ്യയാണ് ആദ്യം വിറക്കുന്നത്. സിറിയയും ഇറാഖും ഇറാനും ഫലസ്തീനുമൊക്കെ ആ ഒരുമിക്കലിനെ ഭീതിയോടെയാണ് കാണുന്നത്. പേരിനെങ്കിലും തങ്ങള്‍ക്കുണ്ടായിരുന്ന അനുകൂല ശബ്ദം അവസാനിക്കാന്‍ പോകുന്നുവെന്ന ദുഃസ്സൂചന റഷ്യയില്‍ നിന്ന് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
റഷ്യക്ക് പുറമെ ഇന്ത്യ, പാക്കിസ്ഥാന്‍, മ്യാന്മര്‍, ബ്രിട്ടന്‍, ഇറ്റലി തുടങ്ങി ചെറുതും വലുതുമായ രാജ്യങ്ങളുമായി ഒരുമിച്ച് നീങ്ങാനുള്ള സാധ്യതകളും ട്രംപ് എന്ന കച്ചവടക്കാരന്‍ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപ് 45ാം യു എസ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ എല്ലാം കണ്ടറിയാം എന്നല്ല, എന്തൊക്കെ കണേണ്ടിവരുമെന്നാണ് ലോകം പരിതപിക്കുന്നത്.