Connect with us

Ongoing News

ആളൊഴിഞ്ഞു, പരിഭ്രാന്തി,ആകുലത: കലക്ക് കാവല്‍ പോലീസ്

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരിനെക്കുറിച്ച് പുറം ലോകത്ത് പ്രചരിക്കുന്ന കഥകളൊന്നും ശരിയല്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇവിടെയെത്തിയ പുറം നാട്ടുകാര്‍. ഈ നാട്ടിന്റെ ആതിഥേയത്വം മനസ്സറിഞ്ഞുണ്ട അവര്‍ക്കു മുന്നില്‍ ഒരു ദുസ്സ്വപ്‌നം പോലെയാണ് ഇന്നലെ അസമാധാനത്തിന്റെ നിഴല്‍ പൊട്ടി വീണത്. വേദിയില്‍ കുട്ടികളുടെ കലാപ്രകടനം കണ്ട് ആര്‍ത്തു ചിരിച്ചവര്‍ക്കു മുന്നിലാണ് ആകുലതയുടെയും പരിഭ്രാന്തിയുടെയും വാതില്‍ പൊടുന്നനെ തുറന്നത്. വേദിക്കു പുറത്തുള്ള റോഡരുകില്‍ നടക്കുന്ന കലഹങ്ങളൊക്കെയും വേദിക്കരികിലെ മതിലോരത്ത് നിന്ന് ചിലര്‍ കാണുന്നുണ്ടായിരുന്നു. പ്രതിഷേധവും സമരവും അക്രമവും ലാത്തിയടിയും അവര്‍ അവര്‍ സിനിമയിലെന്നപോലെ കണ്ടു.നടന്നതെന്താണെന്ന് കൃത്യമായി തിരിച്ചറിയും മുമ്പെ അവരെ ആരൊക്കെയോ കലയുടെ കലാപമില്ലാത്ത ലോകത്തേക്ക് തിരിച്ചു വിളിച്ചു.

കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സമരവും സംഘര്‍ഷവുമാണ് ഇന്നലെ കലോത്സവത്തിനെത്തിയവരില്‍ ആശങ്കയും ഭീതിയും ജനിപ്പിച്ചത്. മോണോ ആക്ട് മത്സരം നടന്ന പതിനൊന്നാം വേദിയായ ജവഹര്‍ സ്റ്റേഡിയത്തിന് പുറത്താണ് കോലാഹങ്ങളുടെ പൊടിപടലങ്ങളുയര്‍ന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ പത്തരയോടെ ബി ജെ പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. കലോത്സവ നഗരിക്ക് പുറത്തുള്ള പ്രതിഷേധം പോലിസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ പ്രകടനക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ എന്‍ജിഒ യൂനിയന്‍ ബില്‍ഡിംഗിന് നേരെ ആക്രമണം ഉണ്ടായി. കല്ലേറില്‍ എന്‍ ജി ഒ യൂനിയന്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. കലോത്സവത്തിന്റെ ബോര്‍ഡും ബാനറുകളും സിപി എം പ്രചാരണ ബോര്‍ഡുകളും സി ഐ ടി യു കൊടിമരവും തല്ലിത്തകര്‍ത്തു.

അക്രമം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന നില വന്നതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പന്ത്രണ്ട് തവണയാണ് കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചത്. ഇതോടെ ജനം ചിതറിയോടി. പിന്നീട് കൂടുതല്‍ പോലിസെത്തി. ഒരു മണിക്കൂറോളം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അരക്ഷിതാവസ്ഥ ക്രമേണ അലിഞ്ഞില്ലാതായി. രാവിലെ സമരാനുകൂലികള്‍ പലേടത്തും വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഹര്‍ത്താലില്‍ കലോത്സവ നഗരിയെ ഒഴിവാക്കിയെന്ന പ്രഖ്യാപനമുണ്ടായെങ്കിലും അതും നടന്നില്ല. പിന്നീട് ഉച്ചക്ക് ശേഷവും പ്രതിഷേധവും ഉപരോധവും പോലീസും. മേളക്കെത്താനാകാതെ വഴിയില്‍ കുടുങ്ങിയവരേറെയായിരുന്നു.

മേളക്കെത്തിയിട്ടും അന്നം കിട്ടാതെ വലഞ്ഞവരും പെട്ടെന്ന് നാട്ടിലെത്താന്‍ വണ്ടി തേടി നടന്നവരുടെയെണ്ണവും ഏറെയായിരുന്നു. എന്നാലും വൈകീട്ടോടെ കലോത്സവം പെരുമ തിരിച്ചു പിടിച്ചു. കനത്ത പോലീസ് കാവലില്‍ കണ്ണൂരിലെ കലോത്സവം തകൃതിയായി തുടങ്ങി.

 

---- facebook comment plugin here -----

Latest