ആദ്യ മത്സരത്തില്‍ പെണ്‍ജയം

Posted on: January 18, 2017 9:07 am | Last updated: January 18, 2017 at 9:07 am

കണ്ണൂര്‍: ഓട്ടന്‍തുള്ളല്‍ വേദിയില്‍ വ്യത്യസ്തത പകര്‍ന്ന് പറയന്‍ തുള്ളലും ആടിയപ്പോള്‍ ആദ്യമായി പെണ്‍കുട്ടി മത്സരിച്ച് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ എസ് പി ദേവികയാണ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ പറയന്‍തുള്ളലവതരിപ്പിച്ച് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തില്‍ കൂടുതല്‍ പേരും ഓട്ടന്‍തുള്ളലും ശീതങ്കന്‍ തുള്ളലും അവതരിപ്പിച്ചപ്പോഴാണ് പ്രയാസമേറിയ പറയന്‍ തുള്ളല്‍ അവതരിപ്പിച്ച് ദേവിക സദസ്സിന്റെ മനം കീഴടക്കിയത്. ഓട്ടന്‍തുള്ളലും ശീതങ്കന്‍ തുള്ളലും ഹാസ്യരസ പ്രധാനമാണെങ്കില്‍ പറയന്‍ തുള്ളല്‍ അനുഷ്ഠാന കലയാണ്. അത് കൊണ്ട് തന്നെ പെണ്‍കുട്ടികള്‍ പറയന്‍ തുള്ളല്‍ അവതരിപ്പിക്കാറില്ലായിരുന്നു. ചുവന്ന പട്ട്, ദേഹമാസകലം ഭസ്മം, തലയില്‍ നാനപടം കിരീടം എന്നിവയാണ് പറയന്‍ തുള്ളലിന്റെ വേഷവിധാനം. ഒരു കാലില്‍ ചിലങ്കയും ഒരു കാലില്‍ മാത്രം താളമിട്ടുമാണ് പറയന്‍ തുള്ളല്‍ അവതരിപ്പിക്കുന്നത്. കുരുത്തോല ആഭരണങ്ങള്‍ അണിഞ്ഞ് മുഖം മിനുക്കി കച്ചയും പാവാടയും അണിഞ്ഞാണ് ശീതങ്കന്‍ തുള്ളല്‍ അവതരിപ്പിക്കുന്നത്.