സൗദിയില്‍ 2017 വിനോദ വര്‍ഷം

Posted on: January 14, 2017 12:01 pm | Last updated: January 14, 2017 at 12:01 pm

ദമ്മാം: സഊദികള്‍ക്ക് 2017 വിനോദ വര്‍ഷമായിരിക്കുമെന്ന് ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി സിഇഒ അമീര്‍ അല്‍ മദനി. സമ്പന്ന വിനോദ സാഹചര്യമൊരുക്കി സ്വദേശികളെ സഊദിയില്‍ തന്നെ തങ്ങാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ അവരെ ആകര്‍ഷിപ്പിക്കലാണ് ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഇതിനായി ജനുവരി അവസാനം വിനോദ കലണ്ടര്‍ ഇറക്കും. എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫാമിലി ഇവന്റുകള്‍ സംഘടിപ്പിക്കാനും നിക്ഷേപകരെ ക്ഷണിക്കാനും അതോറിറ്റി നേതൃത്വം നല്‍കും. പ്രകൃതിയും രാജ്യത്തിന്റെ മറ്റു വിഭവങ്ങളും ആകര്‍ഷക രീതിയില്‍ സംവിധാനിച്ച് വിനോദത്തിനായി രാജ്യത്തിന്റെ പുറത്തേക്കുള്ള പോക്ക് കുറച്ച് കൊണ്ടു വരും.

നിലവില്‍ രാജ്യത്തിനകത്തെ സ്വദേശികളുടെ വിനോദ നിരക്ക് 2.9 ശതമാനമാണ്. ഇത് ലോകോത്തര നിലവാരമായ 6 ശതമാനത്തിലേക്ക് എത്തിക്കും. സഊദിയുടെ പാരമ്പര്യത്തിന്റെയും സംസ്‌കൃതിയുടെയും ഭാഗമായി സംഗീത സാംസ്‌കാരിക പരിപാടികള്‍ കൊണ്ടു വരും. 2017 ഫാമിലികളെയാണ് കൂടുതല്‍ ലക്ഷ്യം വെക്കുന്നത്. അതിനര്‍ത്ഥം സൗദിയിലെ 60 ശതമാനം വരുന്ന യുവ സമൂഹത്തെ ലക്ഷ്യം വെക്കുന്നില്ലെന്നല്ല. 2017 കലണ്ടറില്‍ എല്ലാവിഭാഗത്തിനെയും ഉള്‍ക്കൊള്ളിക്കും.

സൗജന്യ ഉത്സവങ്ങളും ഇവന്റുകളും ഒരുക്കും. ഡോ. ലാമ സുലൈമാന്‍ അതോറിറ്റിയിലെ വനിതാ പ്രതിനിധിയാണ്. സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനെ മിശ്രസമിതി വന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സിനിമ ഇറക്കുന്നതിനെക്കുറിച്ചും വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുന്നു. തീരുമാനമെടുത്തിട്ടില്ല. 2017 കലണ്ടറില്‍ ഇപ്പോള്‍ സിനിമ ഇല്ല. അല്‍ മദനി പറഞ്ഞു. മുഹമ്മദ് അബ്ദുവിന്റെ സംഗീത കച്ചേരി ഉടന്‍ റിയാദില്‍ സംഘടിപ്പിക്കുന്നുണ്ട്. റിയാദിലും ഇത്തരത്തില്‍ ആസൂത്രണം ചെയ്യുന്നു. സഊദിയിലേയും ഗള്‍ഫിലെയും വിവിധ കലാകാരന്മാരുടെ സംഗീതക്കച്ചേരികള്‍ 2017 കലണ്ടറില്‍ സ്ഥാനം പിടിക്കും.