മഅ്ദനി ഇപ്പോഴും അവിടെത്തന്നെയുണ്ട്

അങ്ങനെ, ഭരണകൂട ഭീകരതയുടെ ഇരയായി മഅ്ദനിക്ക് ഒരു മനുഷ്യായുസ്സിന്റെ ഒന്നര പതിറ്റാണ്ടു കാലം ഹോമിക്കപ്പെടേണ്ടി വന്നിരിക്കുന്നു. ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന്‍ കാട്ടുന്ന അലംഭാവം തന്നെ ഗൂഢാലോചന സംശയിക്കാന്‍ മതിയായതാണ്. ജൂണ്‍ മാസത്തിനുള്ളില്‍ മഅ്ദനിയുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും പ്രോസിക്യൂഷന്‍ പരമാവധി വൈകിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. മഅ്ദനിയും ഒരു മത പ്രബോധകനാണെന്നതും ബിരുദം നേടിയ പണ്ഡിതനാണെന്നതും ഒരിക്കലും വിസ്മരിക്കപ്പെടരുത്. ഒരു ഡസന്‍ രോഗങ്ങള്‍ക്കുള്ള മരുന്ന് പെട്ടികളുമായി ആശുപത്രിക്കട്ടിലില്‍ തള്ളിനീക്കുന്ന മഅ്ദനിയുടെ വിചാരണ അനന്തമായി നീളുന്നത് ഈ നാടിന് ഭൂഷണമല്ല. പൊതുസമൂഹത്തില്‍ നിന്നു കുറച്ചുകൂടി അദ്ദേഹം അര്‍ഹിക്കുന്നുണ്ട്.
Posted on: January 14, 2017 6:00 am | Last updated: January 13, 2017 at 9:52 pm

സ്വതന്ത്രമായി അഭിപ്രായം പറയുന്നവര്‍ക്കും നിലപാട് വ്യക്തമാക്കുന്നവര്‍ക്കും പാകിസ്ഥാനിലേക്ക് പോകാന്‍ വിസ തരപ്പെടുത്തി കൊടുക്കുന്നവര്‍ നാട് ഭരിക്കുന്ന കാലമാണിത്. കമാലുദ്ദീന്‍ ‘ദീന്‍’ കളഞ്ഞ് ‘കമലാ’യിട്ട് പോലും രക്ഷകിട്ടാത്ത നാട്. അമ്പത്താറിഞ്ച് നെഞ്ചളവുള്ള രാജാവ് വാഴുന്ന കാലത്ത്, ഇവിടെ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്താല്‍ ദേശവാസി, ദേശദ്രോഹിയാകും. ഈ അസഹിഷ്ണുതക്കെതിരെ ശബ്ദങ്ങളുയരുമ്പോഴും നമ്മള്‍ മറന്നുപോയൊരു പേരുണ്ട്. അതാണ് അബ്ദുന്നാസര്‍ മഅ്ദനി.
പൊതുബോധത്തിന് അരോചകമായ പല അഭിപ്രായങ്ങളും പറഞ്ഞതിന്റെ പേരില്‍ തീവ്രവാദ മുദ്രചാര്‍ത്തി രണ്ട് കാലു തികച്ചില്ലാത്ത ആ മനുഷ്യനെ ജനിച്ചമണ്ണില്‍ നിന്ന് നാം കാരാഗൃഹത്തിലേക്ക് കടത്തി വിട്ടു. അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുന്ന തിരക്കില്‍ ഒരു പക്ഷേ നമുക്ക് ഓര്‍മ വന്നുകൊള്ളണമെന്നില്ല ആ മനുഷ്യ ജീവിയെ. മുസ്‌ലിം വേട്ടക്കെതിരെ ജാഗരണം കൊണ്ടാടുന്ന ഉത്സാഹക്കമ്മിറ്റിക്കാരും ആ പേര് മറന്നിരിക്കണം. സ്വാതന്ത്ര്യവും സമത്വവും വിഭാവന ചെയ്യുന്ന നാട്ടിലെ ഭരണകൂടങ്ങള്‍ മഅ്ദനിയെന്ന മനുഷ്യജീവിക്ക് വിധിച്ച കാരാഗൃഹ വാസത്തിന് നേരെ ഇനിയും എന്തിന്റെ പേരിലാണ് നാം ആലസ്യം നടിക്കുക? നിയമം നിയമത്തിന്റെ വഴിക്കെന്ന പല്ലവി കൊണ്ട് ഇനിയും നമുക്ക് ഈ ക്രൂരതയെ വെള്ള പൂശാനാകുമോ?
ഇന്നാട്ടില്‍ മതേതരത്വവും മനുഷ്യത്വവും പുലര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന പേരായി മഅ്ദനി മാറിയിരിക്കുന്നു. ഏറ്റവും പുതിയ അഭിമുഖത്തിലും സക്കറിയ മഅ്ദനിയെക്കുറിച്ച് വ്യാകുലപ്പെടുന്നുണ്ട്. കേരളത്തിലെ മുസ്‌ലിംകളെക്കുറിച്ച്, അവര്‍ക്ക് നേരെ നടക്കുന്ന വിവേചനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാനാകാത്ത ഒരു പേരുകാരനായി, അല്ല അതിലെ ആദ്യ പേരുകാരനായി മഅ്ദനി മാറിയിരിക്കുന്നു. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുടെ ചരിത്രപുസ്തകമായി അബ്ദുന്നാസിര്‍ മഅ്ദനിയെന്ന മനുഷ്യന്റെ ജയില്‍വാസം എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍ നമ്മുടെ നീതിന്യായ സംവിധാനങ്ങളും നിയമപുസ്തകങ്ങളും വികലാംഗനായ ആ മനുഷ്യന്റെ കാല്‍ചുവട്ടിലേക്ക് ചുരുങ്ങുകയല്ലേ ചെയ്യുന്നത്?
പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത നമ്മുടെ ഭരണാധികാരികള്‍ അന്ന് കാണിച്ച സൗമനസ്യം കൊണ്ടാകാം ഒരുപക്ഷേ പാകിസ്താന്‍ വരെ പോകേണ്ടിവരാതിരുന്നത്. പിറന്ന നാടും മാതൃഭാഷയും അന്യമാക്കി അയല്‍ നാട്ടിലേക്ക് സര്‍ക്കാര്‍ ചെലവില്‍ നാട് കടത്തിയ മഅ്ദനിക്ക് ഇന്നും പിറന്നനാടും പെറ്റമ്മയും അന്യമാണ്. 1998ലാണ് മഅ്ദനിയുടെ ജീവിതത്തിലേക്ക് ഇരുട്ട് മൂടിയദിനങ്ങള്‍ കടന്നെത്തി തുടങ്ങിയത്. 1992 മെയില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തിയ ‘മതവൈരം വളര്‍ത്തുന്ന പ്രസംഗ’ത്തിന്റെ പേരില്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 1998 മാര്‍ച്ച് 31ന് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 1998 ഫെബ്രുവരി 14നു നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ പങ്കാരോപിച്ചു കേസില്‍ 14ാം പ്രതിയാക്കി. പിന്നീട് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനിയെ തമിഴ്‌നാട് പോലീസിനു കൈമാറി. ഒമ്പതര വര്‍ഷത്തെ വിചാരണത്തടവ്. ഉമ്മൂമ മരിച്ച വേളയില്‍ വന്നുകാണാന്‍ അനുമതി ചോദിച്ചപ്പോള്‍ അദ്ദേഹം വന്നാല്‍ കലാപമുണ്ടാകുമെന്നായിരുന്നു ഇവിടുത്തെ സര്‍ക്കാര്‍ അറിയിച്ചത്. ഒടുവില്‍ 2007 ആഗസ്റ്റ് ഒന്നിന് നിരപരാധിയെന്ന ലേബലൊട്ടിച്ച് അദ്ദേഹത്തെ പുറത്ത് വിട്ടു. അര്‍ഹതപ്പെട്ട ജാമ്യം പോലും നിഷേധിച്ച ശേഷം ആ നിരപരാധിയെ പുറത്തേക്ക് വിട്ട കോടതിയും ഭരണകൂടവും നഷ്ടപ്പെട്ടുപോയ അദ്ദേഹത്തിന്റെ വിലപ്പെട്ട വര്‍ഷങ്ങള്‍ക്ക്, ജീവിതത്തിന്, ദുരിതങ്ങള്‍ക്ക്, ഒരു സമാധാനവും പറഞ്ഞില്ല. തടവറക്കുള്ളില്‍ നിന്ന് കിട്ടിയ രോഗവുമായി പുറത്തേക്കിറങ്ങിയ അദ്ദേഹത്തിന് നഷ്ടപരിഹാരം പലരും ആവശ്യപ്പെട്ടെങ്കിലും മഅ്ദനി ചോദിച്ചത് നഷ്ടപരിഹാരമായിരുന്നില്ല. ഇനിയെങ്കിലും പിറന്ന നാട്ടില്‍ ജീവിക്കാനുള്ള അവസരമായിരുന്നു. അങ്ങനെ നിരപരാധിയായി വന്ന മനുഷ്യനെ സ്വീകരിക്കാന്‍ അന്ന് എല്ലാവരും ഉണ്ടായിരുന്നു. അര ഡസനോളം മന്ത്രിമാരും ജനപ്രതിനിധികളും മഅ്ദനിയുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തി. കാലം അധികം കഴിഞ്ഞില്ല. വീണ്ടും മറ്റൊരു കേസില്‍ മഅ്ദനിയെ മറ്റൊരു സംസ്ഥാനത്തെ ജയിലേക്ക്. 2008ലെ ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കിയാണ് മൂന്ന് വര്‍ഷത്തെ ഇടവേള ക്കുശേഷം 2010 ആഗസ്റ്റ് 17ന് കര്‍ണാടക പോലീസ് ആ വികലാംഗനെ അറസ്റ്റ് ചെയ്തത്. നിരപരാധിയായ മഅ്ദനിയെ വാഴ്ത്തിയ മന്ത്രിമാരും ജനപ്രതിനിധികളും അപ്പോള്‍ മൗനം പാലിച്ചു. സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ട് മഅ്ദനിയുടെ ജയില്‍വാസം ഏഴ് വര്‍ഷം പിന്നിടാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും ആ മൗനം തുടരുന്നു. ദലിത്, മുസ്‌ലിം പിന്നാക്ക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മഅ്ദനി ഉയര്‍ന്ന് വരുന്നത് പാരമ്പര്യമായി മുസ്‌ലിം രാഷ്ട്രീയ കുത്തക അവകാശപ്പെടുന്നവരുടെ ശത്രുതക്ക് കാരണമായി. താടിയും തൊപ്പിയും പഴയ തീപ്പൊരി പ്രസംഗത്തിന്റെ ഓര്‍മകളും സമ്മിശ്രമാക്കി അദ്ദേഹത്തെ മുസ്‌ലിം തീവ്രവാദിയായി ‘രൂപപ്പെടുത്താന്‍’ ഫാസിസ്റ്റുകള്‍ക്കൊപ്പം മഅ്ദനിയുടെ രാഷ്ട്രീയ ശത്രുക്കളും കൈ കോര്‍ത്തു. പൊതുബോധവും മാധ്യമങ്ങളും ആവത് ഉത്സാഹിച്ചു. തീവ്രവാദിയെന്ന ആക്രോശം സമുദായത്തിനുള്ളിലെ രാഷ്ട്രീയ ശത്രുക്കളില്‍ നിന്ന് തന്നെ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോള്‍ ഭരണകൂട ഭീകരതയെക്കുറിച്ചും പോലീസ് വേട്ടയെക്കുറിച്ചും വാചാലമാകുന്നവര്‍ അന്ന് മഅ്ദനിയെ തീവ്രവാദിയാക്കാന്‍ ഒത്താശകള്‍ നല്‍കുന്ന തിരക്കിലായിരുന്നു.
അങ്ങനെ ഭരണകൂട ഭീകരതയുടെ ഇരയായി മഅ്ദനിക്ക് ഒരു മനുഷ്യായുസിന്റെ ഒന്നര പതിറ്റാണ്ടുകാലം ഹോമിക്കപ്പെടേണ്ടി വന്നിരിക്കുന്നു. ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന്‍ കാട്ടുന്ന അലംഭാവം തന്നെ ഗൂഢാലോചന സംശയിക്കാന്‍ മതിയായതാണ്. ജൂണ്‍ മാസത്തിനുള്ളില്‍ മഅ്ദനിയുടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും പ്രോസിക്യൂഷന്‍ പരമാവധി വൈകിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.
‘മുസ്‌ലിം വേട്ട’ക്കെതിരെ ശബ്ദമുയരുകയും ക്യാമ്പയിനുകള്‍ നടക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണല്ലോ ഇത്. മഅ്ദനിയും ഒരു മത പ്രബോധകനാണെന്നതും പട്ടിക്കാട് കോളജില്‍ നിന്ന് ബിരുദം നേടിയ പണ്ഡിതനാണെന്നതും ഒരിക്കലും വിസ്മരിക്കപ്പെടരുത്. രാഷ്ട്രീയമായി ഒപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലല്ലോ മതപ്രബോധകനെന്ന ആനുകൂല്യം. വിദ്വേഷ പ്രംസഗത്തിന്റെ പേരില്‍ ആരോപണ വിധേയരായവര്‍ക്കും നാടു വിട്ടവര്‍ക്കും വേണ്ടി സംസാരിക്കും മുമ്പ് തീര്‍ച്ചയായും ഉന്നയിക്കപ്പെടേണ്ട പ്രശ്‌നമാണ് മഅ്ദനിയുടേത്. അല്ലാതെ മതത്തിന്റെ പേരിലുള്ള പ്രതിരോധങ്ങള്‍ സങ്കുചിത രാഷ്ട്രീയം മാത്രമായേ കാണാനാകൂ. സലഫി ആശയങ്ങളുടെ പ്രചാരകര്‍ക്കെതിരെ കേസുവന്നപ്പോള്‍ പൊങ്ങുന്ന സമുദായ സ്‌നേഹം ഒരു മതപ്രഭാഷകനായ മഅ്ദനി വിഷയത്തില്‍ ഉയരാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ. പാരമ്പര്യ ഇസ്‌ലാമിക ആശയങ്ങളുടെ പ്രചാരകനും രാഷ്ട്രീയമായി തങ്ങളോട് തോളുരുമ്മിനില്‍ക്കാത്തയാളുമായിരുന്നു മഅ്ദനി എന്നതാണത്.
അതേസമയം, മഅ്ദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കല്ല, മറിച്ച് നീതിയുടെ വഴിക്കാണ് നീങ്ങേണ്ടതെന്നു ആര്‍ജ്ജവത്തോടെ വിളിച്ച് പറയുകയും ഇടക്കിടെ ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പോലുള്ള മുസ്‌ലിം നേതാക്കളും സെബാസ്റ്റ്യന്‍പോളിനെ പോലുള്ള മാധ്യമപ്രവര്‍ത്തകരും സക്കറിയെയെ പോലുള്ള സാഹിത്യകാരന്മാരും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. മഅ്ദനിയുടെ കാര്യത്തില്‍ പ്രതിഷേധങ്ങളും ഹരജികളും നിരന്തരം ഉയര്‍ന്നപ്പോള്‍ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് വര്‍ഷങ്ങളുടെ തടവറവാസത്തിന് ശേഷം നീതിയുടെ ചെറുകിരണം കണ്ടുതുടങ്ങിയെന്നതും ആശാവഹമാണ്. ഒരു ഡസന്‍ രോഗങ്ങള്‍ക്കുള്ള മരുന്ന് പെട്ടികളുമായി ആശുപത്രിക്കട്ടിലില്‍ തള്ളിനീക്കുന്ന മഅ്ദനിയുടെ വിചാരണ അനന്തമായി നീളുന്നത് ഈ നാടിന് ഭൂഷണമല്ല. അദ്ദേഹം തന്നെ പറഞ്ഞ പോലെ തെളിവുകള്‍ നിരത്തി കുറ്റവാളിയെങ്കില്‍ ശിക്ഷിക്കണം. അല്ലെങ്കില്‍ ഈ കാരാഗൃഹവാസം ഒഴിവാക്കണം. കോയമ്പത്തൂര്‍ കേസിലേത് പോലെ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ നമ്മുടെ നീതിപീഠം ആ മനുഷ്യനോട് എന്ത് പറയും?
സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ്, നട്ടെല്ല് വേദന, ഡയബറ്റിക് റെറ്റിനോപ്പതി, ഡിസ്‌ക് കൊളാപ്‌സ്, ബഌഡ് പ്രഷര്‍, ഷുഗര്‍, വെപ്പുകാല്‍ പിടിപ്പിച്ച വലതുകാലിന്റെ മാംസപേശികള്‍ ചുരുങ്ങി ശോഷിച്ചു, ഇടതുകാലില്‍ നീരും മരവിപ്പും. മൂത്ര തടസ്സം, അള്‍സര്‍…. ഇങ്ങനെ തടവറ ജീവിതം നല്‍കിയ രോഗങ്ങളുടെ പിടിയില്‍ മെലിഞ്ഞുണങ്ങിയ ശരീരവുമായി ബെംഗളൂരുവിലെ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന മഅ്ദനി കേരളീയ പൊതുസമൂഹത്തില്‍ നിന്നു കുറച്ചുകൂടി അര്‍ഹിക്കുന്നുണ്ട്.