Connect with us

Gulf

ഗള്‍ഫ് വിമാനങ്ങളില്‍ ഇന്ധന സര്‍ചാര്‍ജ് തിരികെ കൊണ്ടു വരുന്നു

Published

|

Last Updated

ദോഹ: ഗള്‍ഫ് വിമാനങ്ങളില്‍ ഇന്ധന സര്‍ചാര്‍ജ് തിരികെ കൊണ്ടു വരുന്നു. ഖത്വര്‍ എയര്‍വേയ്‌സും ഇതര ഗള്‍ഫ് വിമാന കമ്പനികളും സര്‍ചാര്‍ജ് വീണ്ടും നടപ്പിലാക്കുന്നതിന് ആലോചിക്കുകയാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ആഗോള വിപണിയില്‍ പോട്രോള്‍ വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ തയാറെടുക്കുന്നത്.
എണ്ണവില കുറഞ്ഞു വന്നപ്പോള്‍ ഞങ്ങളും താഴെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എണ്ണവില ഉയര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാരീസ് ബിസിനസ് ലോഞ്ച് തുറക്കുന്നതിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വൈകാതെ തന്നെ വിമാന കമ്പനികള്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിത്തുടങ്ങുമെന്നാണ് വിചാരിക്കുന്നത്. ഖത്വര്‍ എയര്‍വേയ്‌സ് മാത്രമായിരിക്കില്ല ഈ തീരുമാനമെടുക്കുക. കുറഞ്ഞ ഇന്ധന വിലയനുസരിച്ച് ബജറ്റ് തയാറാക്കിയ കമ്പനികള്‍ക്ക് ഇപ്പോഴത്തെ ഇന്ധന വില ബാധ്യതയായിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു മാസത്തിനിടെ എണ്ണവിലയില്‍ 20 ശതമാനം വര്‍ധനയാണുണ്ടായത്. ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍തോതില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് താഴേക്കു വന്നിരുന്നു. ഗള്‍ഫിലെ പൊതു സമ്പദ് അവസ്ഥയെയും തൊഴില്‍ വിപണിയെയും സാരമായി ബാധിച്ച എണ്ണവിലക്കുറവ് ഗള്‍ഫ് രാജ്യങ്ങളില്‍ കമ്മി ബജറ്റ് അവതരിപ്പിക്കുന്നതിനും ചെലവുകള്‍ ചുരുക്കുന്നതിനും വഴിയൊരുക്കിയിരുന്നു. എന്നാല്‍ എണ്ണവില വര്‍ധിക്കുന്നത് സാമ്പത്തിക രംഗത്ത് പ്രതീക്ഷകള്‍ സൃഷ്ടിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരാനിടയാക്കുന്ന സര്‍ചാര്‍ജ് തിരികെ കൊണ്ടു വരുമെന്ന് വിമാന കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനിടെ എയര്‍ബസ് നാരോ ബോഡി വിമാനങ്ങളുടെ എന്‍ജിനുകള്‍ക്കായി ഖത്വര്‍ എയര്‍വേയ്‌സ് ഫ്രഞ്ച് അമേരിക്കന്‍ കമ്പനിയായ സി എഫ് എമ്മുമായി ചര്‍ച്ച ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വൈകാതെ തന്നെ കരാര്‍ അന്തിമമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. പാറ്റ് ആന്‍ഡ് വൈറ്റ് കമ്പനി വിതരണം ചെയ്ത എന്‍ജിന്‍ ഉപയോഗിച്ചുള്ള എയര്‍ബസ് എ 320 നിയോ വിമാനങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവ സ്വീകരിക്കില്ലെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകരം എ 321 നിയോ വിമാനങ്ങളാണ് സ്വീകരിക്കുക.
സി എഫ് എം കമ്പനിയില്‍നിന്നും മികച്ച നിരക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സി ഇ ഒ സൂചന നല്‍കിയത്. കാര്യക്ഷമത ഉറപ്പു വരുത്തിക്കൊണ്ടുള്ള കരാറിനാണ് കമ്പനി സന്നദ്ധമാകുന്നത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാരീസ് എയര്‍പോര്‍ട്ടില്‍ 1,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഖത്വര്‍ എയര്‍വേയ്‌സ് ലോഞ്ച് തുറന്നത്.

---- facebook comment plugin here -----

Latest