Connect with us

Gulf

ശേഷി കുറഞ്ഞ കുട്ടികള്‍ക്കായി രാജ്യത്തെ ആദ്യ ഹരിതഗൃഹം തുടങ്ങി

Published

|

Last Updated

ദോഹ: വൈകല്യമുള്ള കുട്ടികളുടെ മാനസികവും ശാരീരികവുമായി പുരോഗതിക്കായി രാജ്യത്ത് ആദ്യ ഗ്രീന്‍ ഹൗസ് പദ്ധതിക്ക് തുടക്കമായി. വൈകല്യമുള്ള കുട്ടികളെ സമൂഹവുമായി കൂട്ടിച്ചര്‍േക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മിത്‌സുബിഷി കോര്‍പറേഷന്റെ സഹകരണത്തോടെ ശഫാല്ലാഹ് സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുടെ മികവിനായി കൃഷി ഉപയോഗപ്പെടുത്തുകയാണ് ഗ്രീന്‍ ഹൗസ് പദ്ധതിയുടെ പ്രധാനലലക്ഷ്യം. കൃഷി ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കാനും തുടര്‍ച്ചയായ പരിശീലനത്തിലൂടെ കഴിവുകളും ആത്മവിശ്വാസവും വളര്‍ത്തിയെടുത്ത് മികച്ച വ്യക്തിത്വം രൂപപ്പെടുത്താനും ഇതിലൂടെ സാധിക്കും.
ചൂടും വെളിച്ചവും നിയന്ത്രിച്ച,് ചെടികളുടെ വളര്‍ച്ചക്കനുയോജ്യമായ ചുറ്റുപാടാണ് ഗ്രീന്‍ ഹൗസുകള്‍ക്കുള്ളത്. ചെടികള്‍ വളര്‍ത്തുന്നതിലൂടെയും പരിപാലിക്കുന്നതിലൂടെയും കുട്ടികള്‍ക്കിടയില്‍ സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്താന്‍ കഴിയും. ഗ്രീന്‍ ഹൗസില്‍ തക്കാളി, വെള്ളരി, ചീര, ക്യാപ്‌സികം തുടങ്ങിയ ആറു പച്ചക്കറികളാണ് കൃഷി ചെയ്യുക.
ഗ്രീന്‍ ഹൗസ് കുട്ടികള്‍ക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്കും സമൂഹത്തിനുമെല്ലാം ഗുണകരമാണ്. ഇതിലൂടെ വൈകല്യമുള്ള കുട്ടികളുമായി ഒരു ബന്ധം നിലനിര്‍ത്താന്‍ സാധിക്കുകയും ഇത് അവരുടെ സാമൂഹിക ബന്ധങ്ങള്‍ വളരുന്നതിന് ഉപകരിക്കുകയും ചെയ്യമെന്ന് ഖത്വര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്റ്റിവിറ്റീസ് സി ഇ ഒയും ശഫാല്ലാഹ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അമല്‍ അല്‍ മന്നായി പറഞ്ഞു. വൈകല്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം വേണ്ടത്. അവരുടെ പുരോഗമനത്തിനായി സ്വാതന്ത്ര്യവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന് ജപ്പാന്‍ അംബാസഡര്‍ ഓത്സുക പറഞ്ഞു. വര്‍ഷങ്ങളായി സെന്ററിന് നല്‍കി വരുന്ന സാമ്പത്തിക സഹായം ഇനിയും തുടരുമെന്ന് മിത്‌സുബിഷി കോര്‍പറേഷന്‍ ദോഹ മാനേജിംഗ് ഡയറക്ടര്‍ യാസുവോ യൊകാത്ത പറഞ്ഞു.
ഒരു പ്രധാന പങ്കാളിയായി ഖത്വറിനെ പിന്തുണക്കാന്‍ സാധിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു.

Latest