അബുദാബിയില്‍ വിദേശ തൊഴിലാളികളുടെ വൈദ്യപരിശോധന സ്വകാര്യ കമ്പനിക്ക്‌

Posted on: January 11, 2017 9:15 pm | Last updated: January 11, 2017 at 9:15 pm

അബുദാബി: സ്വകാര്യ കമ്പനികളുടെ സഹകരണത്തില്‍ പുതിയ മെഡിക്കല്‍ സെന്ററുകള്‍ പണിയുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ സെന്ററുകളുടെ ചുമതല വഹിക്കുന്ന ഡോ. ഹുസൈന്‍ അല്‍റന്ദ് അറിയിച്ചു. വിദേശ തൊഴിലാളികളുടെ വൈദ്യപരിശോധനയാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി

തൊഴിലാളികളുടെ വൈദ്യപരിശോധനക്കായി തുറക്കുന്ന മെഡിക്കല്‍ സെന്ററുകള്‍ക്കുള്ള ഔദ്യോഗിക ടെന്‍ഡര്‍ മന്ത്രാലയം ഉടന്‍ വിളിക്കും. പുതിയ വൈദ്യപരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും രൂപരേഖയും മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. പരിശോധനക്ക് ആവശ്യമുള്ള ഡോക്ടര്‍മാരെയും സാങ്കേതിക ജീവനക്കാരെയും മന്ത്രാലയം നല്‍കും. ആരോഗ്യ മന്ത്രാലയ അധികൃതരുടെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും സ്വകാര്യ മേഖയിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഡോ. ഹുസൈന്‍ വ്യക്തമാക്കി. വൈദ്യ പരിശോധനയുടെ നിരക്ക് വര്‍ധിപ്പിക്കാതെയായിരിക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പരിശോധനയുടെ ചുമതല നല്‍കുക.
സെന്ററുകളുടെ സേവനങ്ങള്‍ തരംതിരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക. അതിവേഗത്തില്‍ പരിശോധനാ ഫലം ലഭിക്കുന്ന സംവിധാനവും സാധാരണ ഗതിയില്‍ ഫലം നല്‍കുന്ന സംവിധാനവും നിലനിര്‍ത്തും. പഞ്ച, സപ്ത നക്ഷത്ര സേവനങ്ങള്‍ എന്നിങ്ങനെ മെഡിക്കല്‍ പരിശോധനയെ വേര്‍തിരിക്കും.

വൈദ്യപരിശോധന വ്യക്തമാക്കുന്ന രേഖകളിലോ ഈടാക്കുന്ന നിരക്കിലോ തിരിമറിയോ തട്ടിപ്പോ നടത്തുന്നതു തടയാന്‍ മന്ത്രാലയ സമിതി സ്ഥാപനങ്ങളെ നിരീക്ഷിക്കും. ധനകാര്യ മന്ത്രാലയവും വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട വരുമാനം വിലയിരുത്തും. ഈ വര്‍ഷം തന്നെ പുതിയ സെന്ററുകള്‍ തുറക്കാനാണ് പദ്ധതിയെന്ന് ഡോ. ഹുസൈന്‍ വെളിപ്പെടുത്തി.
പുതിയ വിസ പാസ്‌പോര്‍ടില്‍ പതിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും ആവശ്യമായ വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന ‘ദേശീയ ആരോഗ്യ സുരക്ഷ’യുടെ ഭാഗമായാണ് മന്ത്രാലയം പരിഗണിക്കുന്നത്. അതുകൊണ്ടാണ് പുതിയ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ മന്ത്രാലയം പങ്കുവഹിക്കുന്നതെന്നും ഡോ. ഹുസൈന്‍ സൂചിപ്പിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ദുബൈ മുതല്‍ ഫുജൈറ വരെയുള്ള എമിറേറ്റുകളില്‍ പുതിയ മെഡിക്കല്‍ സെന്ററുകള്‍ തുറക്കാന്‍ സ്വകാര്യ മേഖലയിലെ നിക്ഷേപകര്‍ക്ക് സാധിക്കും. ഒരാള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തു സമയനഷ്ടം കൂടാതെ പരിശോധനാ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നതിനു നിരക്ക് കൂടുതലായിരിക്കും. നിര്‍ദിഷ്ട നിരക്കില്‍ നിന്നും ഒരാള്‍ക്ക് 270 ദിര്‍ഹം വീതം മന്ത്രാലയത്തില്‍ അടക്കേണ്ടിവരും.