നോട്ട് നിരോധനം: ഉത്തരവാദി സര്‍ക്കാറെന്ന് ആര്‍ബിഐ

Posted on: January 10, 2017 9:24 pm | Last updated: January 11, 2017 at 11:12 am

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നയിച്ച നോട്ട് നിരോധനത്തിന്റെ ഉത്തരവാദിത്വം റിസര്‍വ് ബേങ്കിന്റെ മേല്‍ കെട്ടിവെച്ച് കൈകഴുകാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം പാളി. രാജ്യത്ത് വിനിമയത്തിലിരുന്ന അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ ആദ്യം നിര്‍ദേശം പുറപ്പെടുവിച്ചത് കേന്ദ്ര സര്‍ക്കാറാണെന്ന് റിസര്‍വ് ബേങ്ക് വ്യക്തമാക്കി. പാര്‍ലിമെന്റ് പാനലിന് മുമ്പാകെ റിസര്‍വ് ബേങ്ക് നല്‍കിയ സബ്മിഷനെ ഉദ്ധരിച്ച് ദേശീയ ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ, കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും വ്യാപനം തടയുന്നതിന് റിസര്‍വ് ബേങ്കിന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദമാണ് പൊളിയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 22ന് വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിക്ക് മുമ്പാകെയാണ് റിസര്‍വ് ബേങ്ക് രേഖകള്‍ സമര്‍പ്പിച്ചത്. ഇതുപ്രകാരം നോട്ട് നിരോധനത്തിന് നിര്‍ദേശം നല്‍കിയത് ആര്‍ ബി ഐ ആണെന്ന പ്രധാനമന്ത്രിയുടെ പാര്‍ലിമെന്റിലെ പ്രസ്താവന ശുദ്ധ കളവാണെന്ന് വ്യക്തമായി. പ്രധാനമന്ത്രിക്ക് വേണ്ടി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയിലാണ് നവംബര്‍ പതിനാറിന് പ്രസ്താവന നടത്തിയത്. ഇതുവഴി പ്രധാനമന്ത്രി പാര്‍ലിമെന്റിനെയും രാജ്യത്തെയും കബളിപ്പിക്കുകയായിരുന്നുവെന്നാണ് തെളിയുന്നത്.
ഭീകരരുടെ സാമ്പത്തിക ഇടപാടുകള്‍ തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനും നോട്ടുകള്‍ അസാധുവാക്കുന്നതിനെ കുറിച്ച് നവംബര്‍ ഏഴിനാണ് സര്‍ക്കാര്‍ റിസര്‍വ് ബേങ്കിനോട് ഉപദേശം തേടിയതെന്നും തൊട്ടടുത്ത ദിവസമായ നവംബര്‍ എട്ടിന് ഇതിന് അനുമതി നല്‍കുകയായിരുന്നുവെന്നും ആര്‍ ബി ഐ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. മറുപടി ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ എട്ടിന് ആര്‍ ബി ഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏഴ് പേജുള്ള റിപ്പോര്‍ട്ടിലാണ് നോട്ട് നിരോധനത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന വിശദീകരണം ആര്‍ ബി ഐ നല്‍കിയത്.
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത് റിസര്‍വ് ബേങ്ക് ഡയറക്ടര്‍മാരുടെ ബോര്‍ഡാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. രണ്ടായിരം രൂപ നോട്ടുകള്‍ ആവശ്യത്തിന് കരുതിവെച്ച ശേഷമാണ് നോട്ട് നിരോധനം നടപ്പാക്കുന്നതെങ്കില്‍ പ്രശ്‌നം ഇത്ര വഷളാകില്ലായിരുന്നുവെന്നും ഇതിന് സമയം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധന പ്രഖ്യാപനം നടത്തുമ്പോള്‍ 94,660 കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകളാണ് അച്ചടി പൂര്‍ത്തിയാക്കിയിരുന്നത്. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളിലൂടെ പിന്‍വലിച്ചത് പതിനഞ്ച് ലക്ഷം കോടി രൂപയാണെന്നിരിക്കെ ഇതിന് പകരമായി നല്‍കിയ രണ്ടായിരം രൂപ നോട്ടുകള്‍ ആവശ്യമായതിന്റെ ആറ് ശതമാനത്തില്‍ താഴെ മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2014 നവംബറില്‍ അയ്യായിരം, പതിനായിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് റിസര്‍വ് ബേങ്ക് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് 2016 മെയില്‍ രണ്ടായിരം രൂപ നോട്ട് പുറത്തിറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഈ സമയത്തൊന്നും അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം ചര്‍ച്ചയിലോ പരിഗണനയിലോ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സമര്‍ഥിക്കുന്നുണ്ട്.
എന്നാല്‍, നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നുവെന്നാണ് പാര്‍ലിമെന്റ് സമിതിക്ക് മുമ്പാകെ ആര്‍ ബി ഐ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയുടെ വളര്‍ച്ചക്ക് ഗതിവേഗം നല്‍കാന്‍ ഉതകുന്നതാണ് തീരുമാനമെന്നും തീവ്രവാദികളും ലഹരി മാഫിയയും വ്യാപകമായ തോതില്‍ കള്ളനോട്ടുകള്‍ ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ ഈ രണ്ട് ഭീഷണികളെയും ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നോട്ട് നിരോധന നടപടിയെന്നും റിസര്‍വ് ബേങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.