Connect with us

Gulf

രാജ്യത്ത് ഭക്ഷ്യ സുരക്ഷാ വര്‍ധനവ് 24 ശതമാനം

Published

|

Last Updated

ദുബൈ: ഭക്ഷ്യ സുരക്ഷയൊരുക്കുന്നതില്‍ രാജ്യം മൂന്ന് വര്‍ഷത്തിനിടയില്‍ അതിശീഘ്രം മുന്നേറിയെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ കര്‍ശനമായി വിലയിരുത്തുന്നതിലൂടെയും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് വിപണനം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ നിലവാരം ഉറപ്പുവരുത്തുന്നതിലൂടെയും ഭക്ഷ്യ വിപണന മേഖലയിലെ തൊഴിലാളികളെയും സുരക്ഷാ ജീവനക്കാരെയും നിരന്തരം പരിശീലിപ്പിക്കുന്നതിലൂടെയുമാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ഭക്ഷ്യ സുരക്ഷാ വര്‍ധനവ് കൈവരിക്കുന്നതിന് കരുത്തു പകര്‍ന്നുവെന്ന് അധികൃതര്‍ വിശദീകരിച്ചു. ഫുഡ് ലബോറട്ടറികള്‍ കേന്ദ്രീകരിച്ചു നടപ്പിലാക്കിയ നിയമ നിര്‍മാണവും പരിശോധനകള്‍ക്കു വിധേയമാക്കി ഏര്‍പെടുത്തിയ മാര്‍കിംഗ് സംവിധാനവും ഭക്ഷ്യ സുരക്ഷ കൂടുതല്‍ മികവുറ്റതാക്കി. ഇത്തരത്തില്‍ മൂന്ന് വര്‍ഷത്തിനിടക്ക് 24 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായതെന്ന് മന്ത്രാലയത്തിലെ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റ് വിഭാഗം മേധാവി മജ്ദ് മുഹമ്മദ് അല്‍ ഹെര്‍ബാവി പറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മയെകുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ ബോധവല്‍കരണ പരിപാടികള്‍, വ്യാപാര വിതരണ ശൃഖലകളിലെ സംഭരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രേരിപ്പിക്കല്‍, ഭക്ഷണ വിതരണ ശൃംഖലകളെ കുറ്റമറ്റതാക്കല്‍ എന്നിവയിലൂടെയും ഭക്ഷ്യ സുരക്ഷാ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest