Connect with us

National

ബെംഗളൂരു പീഡനം: കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

ബെംഗളൂരു: പുതുവത്സര രാത്രിയില്‍ ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ നടന്ന പീഡനവും തുടര്‍സംഭവങ്ങളും സംസ്ഥാനത്തെയും ബെംഗളൂരുവിനെയും അപമാനിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. കമ്മനഹള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും എന്നാല്‍ കന്നഡക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷിത നഗരമാണ് ബെംഗളൂരു. പീഡനം നടത്തിയവരെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു എം.ജി റോഡില്‍ പുതുവത്സര രാത്രിയിലെ ആഘോഷത്തിനിടെ നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് കമ്മനഹള്ളിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്. പുതുവത്സര രാത്രിയില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.

എന്നാല്‍, തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തെയോ വസ്ത്രധാരണത്തെയോ താന്‍ അപമാനിച്ചിട്ടില്ലെന്നും പരമേശ്വര വ്യക്തമാക്കി.

ബെംഗളൂരുവില്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജി. പരമേശ്വര വ്യക്തമാക്കി. നഗരത്തില്‍ 550 പുതിയ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest