തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം

Posted on: January 5, 2017 12:06 pm | Last updated: January 5, 2017 at 4:08 pm
SHARE

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ഒമ്പതിടത്ത് എല്‍ഡിഎഫ് വിജയിച്ചു. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും, ഒരിടത്ത് ബിജെപിയും മറ്റൊരിടത്ത് കേരള കോണ്‍ഗ്രസുമാണ് വിജയിച്ചത്. പാലക്കാട് ജില്ലയില്‍ രണ്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫിനെ കൈവിട്ടപ്പോള്‍ മറ്റു രണ്ടുവാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം ജില്ലയില്‍ കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാര്‍ഡില്‍, എല്‍ഡിഎഫിലെ സി വികാസ്, 585 വോട്ടിനാണ് വിജയിച്ചത്. ബിജെപിയിലെ പി സജികുമാറാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐഎം 219 വോട്ടിന് വിജയിച്ച വാര്‍ഡാണ്. കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം വാര്‍ഡില്‍ റംല ചോലയ്ക്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി 400 വോട്ടിന് വിജയിച്ചത്. ജയിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി വാര്‍ഡില്‍ എല്‍ഡിഎഫിലെ ലാലി തോമസ് വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.കണ്ണൂര്‍ കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ സിപിഐഎമ്മിലെ യു മോഹനന്‍ വിജയിച്ചു. യുഡിഎഫിലെ കെ വിജയനെയാണ് തോല്‍പ്പിച്ചത്.
കൊല്ലം കോര്‍പ്പറേഷന്‍ തേവള്ളി ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.ഷൈലജയിലൂടെ ബിജെപി നിലനിര്‍ത്തി. ആലപ്പുഴയിലെ കൈനകരി, പുറക്കാട്, തിരുവമ്പാടി എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.

പാലക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അമ്പാഴക്കോട് വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. മുസ് ലിം ലീഗ് സ്ഥാനാര്‍ഥി ഗഫൂര്‍ കോല്‍ക്കളത്തിലാണ് 84 വോട്ടിനും തെങ്കര ഗ്രാമപഞ്ചായത്ത് പാഞ്ചക്കോട് കോണ്‍ഗ്രസിലെ (യു.ഡി.എഫ്) എം. ഉഷ 16 വോട്ടിനും വിജയിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് മങ്കര ആര്‍.എസ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. വി.കെ ഷിബു 31 വോട്ടിന് വിജയിച്ചു.

കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പി.ആര്‍ ശശി 71 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയാണ് ശശി പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി.

കൈനകരി ഗ്രാമപഞ്ചായത്ത് ചെറുകാലികായല്‍ വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. അനിത പ്രസാദ് 534 വോട്ടിനാണ് വിജയിച്ചത്.

പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാര്‍ഡില്‍ ബി.ജെ.പിയുടെ പി.ജി തങ്കപ്പന്‍പിള്ള വിജയിച്ചു. 53 വോട്ടാണ് ഭൂരിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here