ബെംഗളൂരുവിലെ ലൈംഗിക അതിക്രമം: അഞ്ചു പേര്‍ പിടിയില്‍

Posted on: January 5, 2017 11:05 am | Last updated: January 5, 2017 at 3:26 pm
SHARE

ബെംഗളൂരു: ഈസ്റ്റ് ബെംഗളൂരുവിലെ തെരുവില്‍ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പുതുവത്സര ദിനത്തില്‍ വെളുപ്പിന് 2.30ന് യുവതിയുടെ വീടിനുസമീപമായിരുന്നു സംഭവം.

സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ എതിരേ വന്ന യുവതിയെ കണ്ടു യുടേണ്‍ എടുത്തു തിരിച്ചെത്തി വാഹനം ഒതുക്കിയശേഷം കടന്നുപിടിക്കുകയായിരുന്നു. റെസിഡന്‍ഷല്‍ കെട്ടിടത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പ്രതികളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചത്. യുവതിയെ കടന്നുപിടിക്കുന്ന ദൃശ്യങ്ങള്‍ വിവിധ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.