Connect with us

Gulf

2,200 കോടിയുടെ ബജറ്റിന് ശൈഖ് സുല്‍ത്താന്റെ അംഗീകാരം

Published

|

Last Updated

ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി

ഷാര്‍ജ: എമിറേറ്റിന്റെ 2017ലെ പൊതുബജറ്റിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കി. 2,200 കോടി ദിര്‍ഹമിന്റെ വാര്‍ഷിക ബജറ്റിനാണ് ശൈഖ് സുല്‍ത്താന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്. എമിറേറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയുടെ ബജറ്റാണിതെന്നാണ് വിലയിരുത്തല്‍.

എമിറേറ്റിന്റെ സാമ്പത്തിക സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലൊക്കെ വന്‍വികസനത്തിന് മാര്‍ഗ നിര്‍ദേശങ്ങളും നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. അടിസ്ഥാന സൗകര്യ വികസന മേഖലയിലുള്ള നിക്ഷേപങ്ങള്‍ക്കാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. സ്വദേശികളുടെ നാനാവിധ ക്ഷേമത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

2017ലേക്കുള്ള ഷാര്‍ജയുടെ ബജറ്റ്, അടിസ്ഥാനപരമായ നിരവധി കാര്യങ്ങളെ മാനദണ്ഡമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഷാര്‍ജ ഭരണാധികാരിയ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് പുതിയ ബജറ്റെന്ന് ഷാര്‍ജ സെന്‍ട്രല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി പ്രതികരിച്ചു. അടിസ്ഥാന സൗകര്യ വികസനമാണ് ബജറ്റിലെ മുഖ്യപരാമര്‍ശമെന്നതിനാല്‍ എമിറേറ്റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.

Latest