അതിരുവിടുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം

Posted on: December 31, 2016 9:07 am | Last updated: December 31, 2016 at 9:07 am

കൊല്ലം ഡി സി സി ഓഫീസില്‍ നടന്ന സംഭവത്തില്‍ പുതുമയില്ല. കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞുള്ള പ്രസ്താവനകളും ഗ്രൂപ്പ് നേതാക്കള്‍ തമ്മിലുള്ള ചെളിയേറും കൈയാങ്കളിയും പിറകെ വരുന്ന വെടിനിര്‍ത്തല്‍ പ്രസ്താവനകളും ജനം എത്ര കണ്ടും കേട്ടും പരിചയിച്ചതാണ്. എത്ര കുഴലിലിട്ടാലും നേരെയാകാത്ത വാലാണ് കോണ്‍ഗ്രസ് ഗ്രൂപ്പിസം. ഇടവേളകളിലെ താത്ക്കാലിക ശമനത്തിന് ശേഷം വീണ്ടും അത് ശക്തമായി തിരിച്ചുവരും. തദ്ദേശതിരഞ്ഞടുപ്പിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി പരാജയം ഏറ്റുവാങ്ങിയതോടെ നേതാക്കള്‍ പാഠം പഠിക്കുമെന്നും ഗ്രൂപ്പിസം മാറ്റിവെച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുന്നോട്ട് വരുമെന്നും ധരിച്ചവര്‍ക്ക് തെറ്റി. ഇനി ഗ്രൂപ്പിസം അനുവദിക്കില്ലെന്നും പാര്‍ട്ടിയാണ് വലുതെന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കുന്ന നേതാക്കളെ മാത്രമേ ഇനി വെച്ചുപൊറുപ്പിക്കുകയുള്ളൂവെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു പിറകെ രാഹുല്‍ ഗാന്ധി നടത്തിയ മുന്നറിയിപ്പും വൃഥാവിലായി. മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരനും കോണ്‍ഗ്രസ് വക്താവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള വിഴുപ്പലക്കല്‍ പാര്‍ട്ടിയിലെ ചേരിതിരിവ് പൂര്‍വോപരി രൂക്ഷമാക്കിയിരിക്കുകയാണ്. നേതാക്കളുടെ വ്യക്തിതാത്പര്യങ്ങളും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനുള്ള വ്യഗ്രതക്കുമപ്പുറം ആശയപരമായ ഒരു പശ്ചാത്തലവും ഇതിനില്ല.
മതേതര കേരളം കൂടുതല്‍ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന ഘട്ടമാണിത്. കേന്ദ്രത്തിലെ ഭരണസ്വാധീനമുപയോഗിച്ചു സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് വര്‍ഗീയ ഫാസിസം. സാമുദായിക ധ്രുവീകരണം പരമാവധി സാധ്യമാക്കുന്നതിന് പുറമെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതാനുള്ള മാര്‍ഗങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണവര്‍. സംസ്ഥാനത്ത് രാഷ്ട്രീയ ബലാബലത്തില്‍ നിലകൊള്ളുന്ന ഇടത്, വലത് മുന്നണികളുടെ ശക്തമായ സ്വാധീനം കൊണ്ടാണ് ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിന് ഇതുവരെ ഇവിടെ വേരുറപ്പിക്കാന്‍ കഴിയാതെ പോയത്. അതിരുവിട്ട ഗ്രൂപ്പിസം കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചാല്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിനായിരിക്കും അതിന്റെ നേട്ടം. ഇതര സംസ്ഥാനങ്ങളില്‍ ബി ജെ പി നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്നാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച സി പി എമ്മിനും സി പി എമ്മിന്റെ തകര്‍ച്ച കോണ്‍ഗ്രസിനുമായിരുന്നു ഇക്കാലമത്രയും ഗുണം ചെയ്തിരുന്നതെങ്കില്‍ ഇനി അതായിരിക്കില്ല. ഇനി ബി ജെ പിക്കായിരിക്കും മെച്ചം. ഇത് നന്നായറിയാവുന്ന പ്രബുദ്ധമായ മതേതരകേരളം കോണ്‍ഗ്രസും യു ഡി എഫും കരുത്തോടെയും സജീവമായും നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നേതാക്കളുടെ അതിരുവിട്ട ഗ്രൂപ്പ് കളിയില്‍ അണികള്‍ അതീവ ദുഃഖിതരാണ്.
ഗ്രൂപ്പ് കളിയും തമ്മിലടിയും എത്ര അതിര് കടന്നാലും അഞ്ച് വര്‍ഷത്തെ ഇടവേളക്കപ്പുറം ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസിനും യു ഡി എഫിനും വിട്ടുനില്‍ക്കേണ്ടി വരാറില്ല. ഇരുമുന്നണികളെയും കേരളീയ ജനത മാറിമാറി അധികാരത്തിലേറ്റുകയാണ് പതിവ്. എന്നാലിപ്പോള്‍ ഈ മുന്നണികള്‍ക്ക് ഭീഷണിയായി ബി ജെ പി ശക്തി പ്രാപിക്കുകയാണെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം വിസ്മരിക്കരുത്. കണ്ടിട്ടും കൊണ്ടിട്ടും പാഠം പഠിക്കാത്ത നേതൃത്വത്തിന്റെ നിലപാടില്‍ മനംമടുത്ത് അണികളില്‍ പലരും മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസിലെ ചേരിപ്പോര് മുഖ്യപ്രതിപക്ഷ കക്ഷിയെന്ന നിലയിലുള്ള കോണ്‍ഗ്രസിന്റെ റോളിനെയും ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ബലക്ഷയം ജനാധിപത്യത്തിന്റെയും ബലക്ഷയമാണ്. മികച്ച ഭരണത്തിന് ഭരണകക്ഷിയോടൊപ്പം തിരുത്തല്‍ ശക്തിയായി ജീവസ്സുറ്റ പ്രതിപക്ഷവും അനിവാര്യമാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍. അധികാരത്തിന്റെ ജീര്‍ണതകള്‍ ഭരണവിഭാഗത്തെ ബാധിക്കുമ്പോള്‍ അത് തിരുത്തിക്കേണ്ടത് പ്രതിപക്ഷ ബാധ്യതയാണ്. കെ മുരളീധരന്‍ ചൂണ്ടിക്കാട്ടിയ പോലെ കേരളത്തില്‍ ഇപ്പോള്‍ പ്രതിപക്ഷമില്ലെന്ന അവസ്ഥയാണുള്ളത്. സര്‍ക്കാറിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ യു ഡി എഫ് പരാജയമാണ്. ഗ്രൂപ്പ് പ്രവര്‍ത്തനത്തിലാണ് നേതാക്കളുടെ സര്‍വ ശ്രദ്ധയും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ യു ഡി എഫിന് ആയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. യു ഡി എഫിലെ മറ്റു ഘടകകക്ഷികളും ഇതേറ്റുപറയുന്നു. പ്രവര്‍ത്തന രംഗത്തെ നിര്‍ജീവാവസ്ഥ അവസാനിപ്പിച്ചു പാര്‍ട്ടി സമരോത്സുകമാകണമെന്ന അര്‍ഥത്തില്‍ സ്വയം വിമര്‍ശം നടത്തിയതായിരിക്കാം മുരളീധരന്‍. ഇതിനെതിരെ നേതൃത്വത്തിലെ ചില പ്രമുഖര്‍ തന്നെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ രംഗത്തിറക്കിയതെന്നാണ് പറയുന്നത്. ഗ്രൂപ്പ് ചിന്തകള്‍ കൈവെടിഞ്ഞു നേതാക്കള്‍ ഒറ്റക്കെട്ടാവുകയും ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഊര്‍ജസ്വലരായ നേതാക്കളെ ഉള്‍പ്പെടുത്തി അവ പുനഃസംഘടിപ്പിക്കുകയും ചെയ്താല്‍ ഇപ്പോഴും അടിത്തറ ഭദ്രമായ പാര്‍ട്ടിക്ക് സംസ്ഥാനത്ത് പഴയ കാല പ്രതാപം വീണ്ടെടുക്കാവുന്നതേയുള്ളൂ. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ക്രിയാത്മകമായ ഇടപെടല്‍ ആവശ്യമാണ്.