Connect with us

Gulf

ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്‌ന പരിഹാരം: ജോണ്‍കെറി മുമ്പോട്ടുവെച്ച നിര്‍ദേശങ്ങളെ യു എ ഇ സ്വാഗതം ചെയ്തു

Published

|

Last Updated

അബുദാബി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്‌ന പരിഹാരത്തിന്, യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായി യു എ ഇ. യു എ ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയമാണ് കെറിയുടെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസ്താവനയിറക്കിയത്.

യു എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് തികച്ചും പ്രായോഗികമാണ്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള അറബ് ലോകത്തിന്റെ ശ്രമങ്ങളെ ഉള്‍കൊള്ളുന്നതുമാണ്. അന്താരാഷ്ട്ര സമൂഹങ്ങളുടെ ഭൂരിപക്ഷാഭിപ്രായങ്ങളോട് യോജിക്കുന്നതുമാണ്, മന്ത്രാലയം വ്യക്തമാക്കി. കെറിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനായാല്‍ ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും പ്രസ്താവന തുടര്‍ന്ന് പറയുന്നു.
ജോണ്‍ കെറിയുടെ നിര്‍ദേശങ്ങളെ “പോസിറ്റീവ്” ആയി കാണണമെന്നും ആ രീതിയില്‍ അവയോട് സമീപിക്കണമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം ഫലസ്തീന്‍, ഇസ്‌റാഈല്‍ അധികൃതരോട് അഭ്യര്‍ഥിച്ചു. എങ്കില്‍ മേഖലയില്‍ പൊതുവിലും ഇരുസമൂഹങ്ങള്‍ക്ക് പ്രത്യേകിച്ചും അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകുമെന്നും പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.