Connect with us

National

തടവറയിലുള്ള മകന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിച്ച് ഈ മാതാപിതാക്കള്‍

Published

|

Last Updated

ഫൗസിയ അന്‍സാരിയും നെഹാല്‍ അന്‍സാരിയും മകന്റെ ചിത്രവുമായി. ഇന്‍സെറ്റില്‍ ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: പാക് തടവറയില്‍ കഴിയുന്ന മകന്റെ ശബ്ദത്തിന് കാതോര്‍ത്ത് കഴിയുകയാണ് കഴിഞ്ഞ നാല് വര്‍ഷമായി ഫൗസിയ അന്‍സാരിയും നെഹാല്‍ അന്‍സാരിയും. മകന്റെ മോചനത്തിന് വേണ്ടി അദ്ദേഹം ഭരണ തലത്തില്‍ മുട്ടിയ ഒരു വാതില്‍ പോലും ഇതുവരെയും തുറക്കപ്പെട്ടിട്ടില്ല.

2012ലാണ് എന്‍ജിനീയറായ മകന്‍ ഹാമിദ് അന്‍സാരി പാക്കിസ്ഥാന്‍ തടവറയിലാകുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അനധികൃതമായി പാക്കിസ്ഥാനിലെത്തിയെന്നതായിരുന്നു കുറ്റം. 31 കാരനായ ഹാമിദ് ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനാണ് പാക്കിസ്ഥാനിലെത്തിയത്. തുടര്‍ന്ന് സൈന്യം പിടികൂടുകയായിരുന്നുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. ഒടുവില്‍ അവരറിയുന്നത് മകനെ മൂന്ന് വര്‍ഷത്തേക്ക് സൈനിക കോടതി തടവിന് ശിക്ഷിച്ചുവെന്നാണ്.

മകന്റെ തിരോധാനത്തില്‍ തീ തിന്ന് കഴിയുകയാണ് ഈ കുടുംബമിന്ന്. ” 2012 നവംബര്‍ 10നാണ് മകനുമായി അവസാനമായി സംസാരിച്ചത്. 12 ഓടെ മുംബൈയില്‍ തിരിച്ചെത്തുമെന്ന് അന്ന് അവന്‍ എന്നോട് പറഞ്ഞിരുന്നു”- മാതാവ് ഫൗസിയ പറയുന്നു. മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ക്ക് പല തവണ കത്തെഴുതിയിരുന്നെങ്കിലും കാര്യമായ ഫലം കണ്ടില്ലെന്ന് അവര്‍ പറഞ്ഞു. “ജയിലില്‍ മകനെ സന്ദര്‍ശിക്കാനും സംസാരിക്കാനും അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ല.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഈ കുടുംബം. മകന്‍ എപ്പോഴെങ്കിലും തിരിച്ചുവരുമെന്നാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നത്.