Connect with us

Sports

അജയ്യരായി കോഹ്‌ലിയുടെ ടീം ഇന്ത്യ

Published

|

Last Updated

>>ഗുഡ്‌ബൈ 2016

മഹേന്ദ്ര സിംഗ് ധോണി വിരമിച്ചതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വിരാട് കോഹ്ലിക്ക് ഒരു ഉയര്‍ച്ച. അതാകട്ടെ, ഇന്ത്യന്‍ ക്രിക്കറ്റിന് ഒന്നടങ്കം വലിയ ഉയര്‍ച്ച കൊണ്ടു വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട യുഗം ആരംഭിച്ചു എന്ന് പറയാം. ടെസ്റ്റ് ക്രിക്കറ്റില്‍ തോല്‍വിയറിയാതെ പതിനെട്ട് മത്സരങ്ങള്‍ വിരാട് കോഹ്ലിയുടെ ടീം ഇന്ത്യ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡായി. ശ്രീലങ്കയും വിന്‍ഡീസും ആസ്‌ത്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും ഇംഗ്ലണ്ടുമെല്ലാം ടീം ഇന്ത്യക്ക് മുന്നില്‍ ചൂളിപ്പോകുന്ന കാഴ്ച. തുടരെ മൂന്ന് ടെസ്റ്റ് പരമ്പര ജയിച്ചതോടെ ഐ സി സി റാങ്കിംഗിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു.
മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഏകദിന ടീം ന്യൂസിലാന്‍ഡിനെതിരെ പരമ്പര 3-2ന് പൊരുതി നേടിയതും ശ്രദ്ധേയം. ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി കളിച്ച 46 മത്സരങ്ങളില്‍ മുപ്പതിലും ജയിച്ചു ടീം ഇന്ത്യ. ട്വന്റി20 ക്രിക്കറ്റില്‍ 21 മത്സരങ്ങളില്‍ പതിനഞ്ചിലും ജയം.
ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് സ്‌കോര്‍ ചെയ്തവരില്‍ നാലാം സ്ഥാനത്തുണ്ട് വിരാട് കോഹ്ലി. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോഡിയായ ക്രിക്കറ്റ് ആസ്‌ത്രേലിയ 2016 ലെ മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്തപ്പോള്‍ അതിന്റെ ക്യാപ്റ്റനാക്കിയത് വിരാട് കോഹ്ലിയെയാണ്. ആസ്‌ത്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന വലിയ ആദരവായി ഈ സെലക്ഷന്‍.
ഈ വര്‍ഷത്തെ താരം ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ്. അനില്‍കുംബ്ലെയും ഹര്‍ഭജന്‍ സിംഗും കളം വിട്ടതിന് ശേഷം ഇന്ത്യക്ക് സ്പിന്നര്‍മാരില്‍ നിന്ന് ഒരു മാച്ച് വിന്നറെ ലഭിച്ചത് അശ്വിനിലൂടെയാണ്.
ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഒരു പോലെ തിളങ്ങാന്‍ സാധിക്കുന്ന അശ്വിന്‍ ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഐ സി സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും സ്വന്തമാക്കി. രാഹുല്‍ ദ്രാവിഡിന് ശേഷം ഈ രണ്ട് പുരസ്‌കാരവും ഒരുമിച്ച് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അശ്വിന്‍.
അതിവേഗം 200 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ എന്ന ഖ്യാതിയും അശ്വിന്‍ 2016 ല്‍ സ്വന്തമാക്കി. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറും അശ്വിനാണ്. പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.
ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയത് ജസ്പ്രീത് ബുമ്‌റയാണ്. 21 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍.

കബഡിയില്‍ ആധിപത്യം
കബഡിയില്‍ ഇന്ത്യക്ക് ഈ വര്‍ഷവും എതിരില്ല. തുടരെ മൂന്നാം വര്‍ഷവും കബഡി ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ വിട്ടു നിന്നിരുന്നു. ഇതോടെ, ഇന്ത്യയും ഇറാനും തമ്മിലായി പ്രധാന പോരാട്ടം. ഫൈനലില്‍ ഇറാനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്‍മാരായി. എന്നാല്‍, ആദ്യ റൗണ്ടില്‍ ദക്ഷിണകൊറിയ ഇന്ത്യയെ അട്ടിമറിച്ചത് ഞെട്ടിക്കുന്നതായി.
(നാളെ – വിജേന്ദറിന്റെ ഇടിമുഴക്കം)

 

Latest