‘മകാനി’ സംവിധാനം ദുബൈ ടാക്‌സികളിലും

Posted on: December 29, 2016 7:36 pm | Last updated: January 2, 2017 at 9:49 pm

ദുബൈ: ദുബൈ നഗരസഭ ഏര്‍പെടുത്തിയ മകാനി സംവിധാനം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിക്ക് (ആര്‍ ടി എ) കീഴിലുള്ള ടാക്‌സി കാറുകളുമായും ബന്ധിപ്പിച്ചു.
ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ടാക്കുന്നതിനും ആഗോളതലത്തില്‍ മികച്ച സ്മാര്‍ട്‌സിറ്റി എന്ന തലത്തിലേക്ക് ദുബൈയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് നഗരസഭാ അധികൃതര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിനും ദുബൈയിലെ താമസക്കാര്‍ക്ക് കൂടുതല്‍ സന്തോഷപ്രദമായ ജീവിത രീതി പ്രദാനം ചെയ്യുന്നതിനുമാണ് നവീന പദ്ധതിയെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി ട്രാസ്‌പോര്‍ടേഷന്‍ സിസ്റ്റംസ് ചെയര്‍മാന്‍ ആദില്‍ ശാകിരി പറഞ്ഞു.
നഗരത്തിന്റെ 100 ശതമാനം ഭാഗങ്ങളും മകാനി സംവിധാനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 137,000 മേല്‍വിലാസങ്ങളാണ് ഇതിന്റെ ഭാഗമായി ക്രോഡീകരിച്ചിട്ടുള്ളത്.

4,500 ടാക്‌സി ക്യാബുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രികന് യാത്ര പുറപ്പെടേണ്ട സ്ഥലത്തിനരികിലെ കെട്ടിടങ്ങളില്‍ നഗരസഭാ അധികൃതര്‍ അടയാളപ്പെടുത്തിയിട്ടുള്ള മകാനി നമ്പര്‍ ടാക്‌സി ബുക്കിംഗ് കേന്ദ്രത്തിലേക്ക് അറിയിച്ചാല്‍ വളരെ കൃത്യതയോടെ ടാക്‌സികള്‍ക്ക് യാത്രക്കാരുടെ അടുത്തേക്ക് എത്തിച്ചേരാന്‍ കഴിയും. പിന്നീട് യാത്ര ചെയ്യേണ്ട സ്ഥലത്തെ കുറിച്ച് യാത്രികന് കൃത്യമായി അറിവില്ലെങ്കിലും മകാനി സംവിധാനത്തിന്റെ സഹായത്തോടെ എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പന, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുമൂലം ടാക്‌സികള്‍ ബുക്ക് ചെയ്തു കഴിഞ്ഞ് എത്തിച്ചേരാനുള്ള സമയ ദൈര്‍ഘ്യം, ദുബൈയുടെ വിവിധ മേഖലകളെ കുറിച്ചു ഡ്രൈവര്‍മാര്‍ക്കുള്ള അവ്യക്തത എന്നിവ പരിഹരിക്കാന്‍ ആകുമെന്ന് അദ്ദേഹം വിശദീകരിച്ചു.