Connect with us

Sports

ഇരട്ട സെഞ്ച്വറിയും അതിവേഗ സെഞ്ച്വറിയും; മെല്‍ബണില്‍ കളി തകര്‍ക്കുന്നു

Published

|

Last Updated

ആസ്‌ത്രേലിയില്‍ ഇരട്ടസെഞ്ച്വറി നേടിയ അസ്ഹര്‍ അലിയുടെ ആഹ്ലാദം

മെല്‍ബണ്‍: ആസ്‌ത്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ മഴ പൂര്‍ണമായും വിട്ടു നിന്നതോടെ ആവേശം വാനോളം ഉയര്‍ന്നു. ഇരട്ട സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന അസ്ഹര്‍ അലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ കരുത്തില്‍ പാക്കിസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ആസ്‌ത്രേലിയ ഡേവിഡ് വാര്‍ണറുടെ അതിവേഗ സെഞ്ച്വറിയുടെ ബലത്തില്‍ ശക്തമായി തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആസ്‌ത്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സടിച്ചു. 58 ഓവറിലാണ് ഓസീസിന്റെ സ്‌കോറിംഗ്. ഡേവിഡ് വാര്‍ണര്‍ 143 പന്തില്‍ 144 റണ്‍സെടുത്ത് പുറത്തായി.
ഉസ്മാന്‍ ഖ്വാജ (95), സ്റ്റീവന്‍ സ്മിത് (10) എന്നിവരാണ് ക്രീസില്‍. ഓപണര്‍ മാറ്റ് രെന്‍ഷാ (10)യാണ് പുറത്തായ മറ്റൊരു താരം. യാസിര്‍ ഷായും വഹാബ് റിയാസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

152 പന്തുകള്‍ നേരിട്ടാണ് ഉസ്മാന്‍ ഖ്വാജ സെഞ്ച്വറിക്ക് അഞ്ച് റണ്‍സരികെ എത്തിയിരിക്കുന്നത്. പതിമൂന്ന് ബൗണ്ടറികള്‍ ഖ്വാജയുടെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. നേരത്തെ ഡേവിഡ് വാര്‍ണര്‍ പതിനേഴ് ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. 113 പന്തിലായിരുന്നു വാര്‍ണര്‍ സെഞ്ച്വറി തികച്ചത്.
നേരത്തെ പാക് ഇന്നിംഗ്‌സിന് കരുത്തേകിയത് ഓപണറായെത്തി കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത അസ്ഹര്‍ അലിയായിരുന്നു. 364 പന്തുകള്‍ നേരിട്ട അസ്ഹര്‍ 20 ബൗണ്ടറികള്‍ മാത്രമാണ് നേടിയത്. കൂടുതലും ഓടിയെടുത്ത റണ്‍സ്.

ആസ്‌ത്രേലിയന്‍ മണ്ണില്‍ പാക്കിസ്ഥാന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറായി അസ്ഹര്‍ അലിയുടേത്. 44 വര്‍ഷം മുമ്പ് മജീദ് ഖാന്‍ മെല്‍ബണില്‍ നേടിയ 158 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്നലെ പഴങ്കഥയായത്. മെല്‍ബണ്‍ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാനുള്ള അവസരം മൂന്ന് റണ്‍സകലെ വെച്ചാണ് അസ്ഹര്‍ അലിക്ക് നഷ്ടമായത്. വിന്‍ഡീസിന്റെ ഇതിഹാസം വിവ് റിചാര്‍ഡ്‌സിന്റെ 208 റണ്‍സാണ് മെല്‍ബണിലെ റെക്കോര്‍ഡ്.

Latest