ഇന്ത്യക്ക് വേണ്ടത്ര യുദ്ധ വിമാനങ്ങളില്ലെന്ന് അരൂപ് റാഹ

Posted on: December 29, 2016 6:27 am | Last updated: December 28, 2016 at 11:28 pm

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും 8.7ബില്യണ്‍ ചെലവാക്കി വാങ്ങാന്‍ ഒരുങ്ങുന്ന 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ മതിയാകില്ലെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ.

വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള ഇരുന്നൂറ് ജറ്റുകളെങ്കിലും ഇന്ത്യന്‍ പ്രതിരോധനിരയുടെ പക്കലുണ്ടാകണമെന്നും ഈ മാസം 31ന് സ്ഥാനം ഒഴിയാന്‍ പോവുന്ന വ്യോമസേന മേധാവി വ്യക്തമാക്കി. റഷ്യയില്‍ നിന്ന് വാങ്ങിയ ഇല്യൂഷന്‍ 78 ടാങ്കര്‍ ഫ്‌ലീറ്റുകള്‍ക്ക് അറ്റകുറ്റപണികള്‍ നടത്തേണ്ടിവരികയാണ്. മാത്രമല്ല പറക്കലിനിടയില്‍ ഇന്ധനം നിറക്കാന്‍ സാധിക്കുന്ന യുദ്ധവിമാനങ്ങള്‍ അധികമായി ഉണ്ടാകേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ വിമാനം വാങ്ങുന്നത് സംബന്ധിച്ച് കരാറൊപ്പിട്ടത്. ആധുനിക രീതിയിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുന്ന ഇത്തരം വിമാനങ്ങള്‍ 2019 സെപ്തംബറിനും 2022 ഏപ്രില്‍ 22നുമിടയില്‍ ഇന്ത്യക്ക് നല്‍കണമെന്നാണ് കരാര്‍. ചൈനയും പാകിസ്ഥാനും ഒരുമിച്ച് ആക്രമിച്ചാല്‍ അവര്‍ക്കെതിരെ ആക്രമണം നടത്താന്‍ മതിയായ യുദ്ധവിമാനങ്ങള്‍ വ്യോമസേനക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പഠാന്‍കോട്ട് ആക്രമണവും എ എന്‍ 32 തകര്‍ന്ന് 29 പേര്‍ മരിക്കാനിടയായതുമാണ് തന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ട ഓര്‍മകളെന്നും അദ്ദേഹം പറഞ്ഞു.