കോഹ്‌ലി ക്രിക്കറ്റ് ആസ്‌ത്രേലിയ ക്യാപ്റ്റന്‍ !

Posted on: December 28, 2016 6:57 am | Last updated: December 28, 2016 at 12:04 am

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഭരണ ബോഡിയായ ക്രിക്കറ്റ് ആസ്‌ത്രേലിയ തിരഞ്ഞെടുത്ത ഈ വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യയില്‍ നിന്ന് പേസര്‍ ജസ്പ്രീത് ബുമ്‌റയും ഇടം പിടിച്ചു. നേരത്തെ ഐ സി സിയുടെ ഏകദിന ടീമിന്റെയും ക്യാപ്റ്റനായി കോഹ്ലിയെ തിരഞ്ഞെടുത്തിരുന്നു. 2016 ല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പത്ത് ഏകദിനങ്ങളില്‍ മാത്രമായിരിക്കാം കളിച്ചത്. എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ 50 ഓവര്‍ ഫോര്‍മാറ്റിലെ മികച്ച താരമായി അദ്ദേഹം മാറിക്കഴിഞ്ഞു – ക്രിക്കറ്റ് ആസ്‌ത്രേലിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പത്ത് ഇന്നിംഗ്‌സില്‍ എട്ടിലും 45 റണ്‍സോ അതിലധികമോ കോഹ്ലി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ജനുവരിയില്‍ ആസ്‌ത്രേലിയക്കെതിരെ തുടരെ സെഞ്ച്വറികള്‍ നേടി. ന്യൂസിലാന്‍ഡിനെതിരെ പുറത്താകാതെ നേടിയ 154 റണ്‍സ് മികച്ച ഇന്നിംഗ്‌സായിരുന്നു. ലക്ഷ്യം പിന്തുടരുന്ന വേളയില്‍ കോഹ്ലിയുടെ ബാറ്റിംഗ് ആവറേജ് അനുപമമാണ്. 90.10 എന്ന ശരാശരി കോഹ്ലി സ്വന്തമാക്കിയത് അമ്പത്തൊമ്പത് ഇന്നിംഗ്‌സുകളില്‍ നിന്നാണ്. ഇരുപത് അവസരങ്ങളില്‍ കോഹ്ലി ലക്ഷ്യം പിന്തുടര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
സ്ഥിരതയോടെ പന്തെറിഞ്ഞതാണ് ബുമ്‌റക്ക് ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ വാര്‍ഷിക ടീമില്‍ ഇടം ഉറപ്പാക്കിയത്. ഈ വര്‍ഷം ബുമ്‌റയെുടെ ശരാശരി 3.63 ആണ്.
ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ 2016 ഏകദിന ടീം : വിരാട് കോഹ്ലി (ഇന്ത്യ, ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍ (ആസ്‌ത്രേലിയ), ക്വുന്റന്‍ ഡി കോക് (വിക്കറ്റ്കീപ്പര്‍, ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത് (ആസ്‌ത്രേലിയ), ബാബര്‍ അസം(പാക്കിസ്ഥാന്‍), മിച്ചല്‍ മാര്‍ഷ് (ആസ്‌ത്രേലിയ), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ജസ്പ്രീത് ബുമ്‌റ (ഇന്ത്യ), ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക).