Connect with us

Articles

തുടങ്ങും മുമ്പെ വിവാദമായി ട്രംപിന്റെ ചൈനീസ് നയം

Published

|

Last Updated

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തു തന്നെ ചൈനക്കെതിരായ നിലപാടാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നത്. ഒടുവില്‍ കടുത്ത ചൈനീസ് വിമര്‍ശകനായ പീറ്റര്‍ നവോറയെ അമേരിക്കയുടെ ദേശീയ വ്യാപാര കൗണ്‍സില്‍ അധ്യക്ഷനായും വ്യാപാര വ്യവസായ നയ ഡയറക്ടറായും നിയമിച്ചത് ചൈനയുമായുള്ള യു എസ് ബന്ധങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് സൂചന നല്‍കുന്നതാണ്. വ്യാപാര-സാമ്പത്തിക കാര്യങ്ങളുടെ ഉപദേശകനായി നിയമിക്കപ്പെടുന്ന മറ്റൊരാള്‍ ശതകോടീശ്വരനും കടുത്ത ചൈനീസ് വിരുദ്ധനുമായ കാള്‍ ഇകാഹനാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ “അമേരിക്ക ഒന്നാമത്” എന്ന സാമ്പത്തിക മുദ്രാവാക്യം മുന്നോട്ട് വെക്കുന്നതില്‍ കാള്‍ ഇകാഹന്‍ സജീവരംഗത്തുണ്ടായിരുന്നു.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ പീറ്റര്‍ നവോറ “ചൈനയെക്കൊണ്ടുള്ള മരണം”, “ഉത്പാദന മേഖലയിലെ അടിത്തറ അമേരിക്കക്ക് എങ്ങനെ നഷ്ടപ്പെട്ടു” പുസ്തകങ്ങളുടെ രചയിതാവാണ്. ചൈനീസ് ഭീഷണി അമേരിക്കന്‍ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്നു വിശദീകരിക്കുന്നതും ഏഷ്യയിലെ മുഖ്യ സാമ്പത്തിക-സൈനിക ശക്തിയായി മാറാനുള്ള ചൈനീസ് നീക്കം അമേരിക്കക്കുണ്ടാക്കുന്ന ദോഷങ്ങള്‍ ചിത്രീകരിക്കുന്നതുമായ ഡോക്യുമെന്ററിയും പീറ്റര്‍ നവോറ എടുത്തിട്ടുണ്ട്. എന്തായാലും ട്രംപിന്റെ പുതിയ സാമ്പത്തിക വിദഗ്ധരുടെ നിയമനം വന്‍ പ്രതികരണങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കടുത്ത ചൈനീസ്‌വിരുദ്ധ നിലപാടുമായിട്ടായിരിക്കും പുതിയ പ്രസിഡന്റ് മുന്നോട്ടുപോകുകയെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ തീരുമാനം.
ചൈനീസ് വിദേശകാര്യ വക്താവ് ഇതേപ്പറ്റി പ്രതികരിച്ചത് ഇങ്ങനെ: “രാജ്യങ്ങള്‍ തമ്മിലുള്ള നല്ല സഹകരണമാണാവശ്യം. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുകയും വ്യാവസായിക വ്യാപാര ബന്ധങ്ങള്‍ പുതിയ പ്രസിഡന്റ് അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുമെന്ന് ബെയ്ജിങ് പ്രതീക്ഷിക്കുന്നു.”

അമേരിക്കയുടെ ചൈനീസ് നയത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് ആദ്യം ധാരണ പരത്താനിടയായ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തായ്‌വാന്‍ പ്രസിഡന്റ് സായിഇങ്‌വിനുമായുള്ള ടെലഫോണ്‍ സംഭാഷണം ലോകത്തൊട്ടാകെ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണല്ലോ. തായ്‌വാനുമായി (ഫോര്‍മോസ) 37 വര്‍ഷമായി അമേരിക്ക യാതൊരു ഔദേ്യാഗിക ബന്ധവും പുലര്‍ത്തിയിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റോ നിയുക്ത പ്രസിഡന്റോ ഒന്നും തായ്‌വാന്‍ ഭരണാധികാരികളുമായി ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ലോകത്തെ പല രാജ്യങ്ങളും തായ്‌വാനെ ഇതുവരെ അംഗീകരിച്ചിട്ടുമില്ല. ഇതെല്ലാം മറികടന്നുകൊണ്ടാണ് ട്രംപ് തായ്‌വാന്‍ പ്രസിഡന്റുമായി ടെലഫോണ്‍ സംഭാഷണം നടത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നു തായ്‌വാന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ഗ്രൂപ്പിന്റെ നേതാവാണ് സായിഇങ്‌വിന്‍. ഈ സാഹചര്യത്തിലാണ് ട്രംപും സായിയും നടത്തിയ ചര്‍ച്ച ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. 37 വര്‍ഷത്തിനു ശേഷം ഐക്യചൈനയെന്ന ചൈനയുടെ നിലപാടിന് വിരുദ്ധമായാണ് തായ്‌വാന്‍ ഈ വര്‍ഷമാദ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പു നടത്തിയത്. 1979-ലാണ് ജിമ്മികാര്‍ട്ടര്‍ പ്രസിഡന്റായിരിക്കെ ഏകചൈനാ നയം അമേരിക്ക അംഗീകരിച്ചത്. അതുവരെ തായ്‌വാനുമായുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും അമേരിക്ക വിച്ഛേദിച്ചു. അതിനു ശേഷം വന്ന എല്ലാ യു എസ് പ്രസിഡന്റുമാരും ചൈനയുടെ ഭാഗമാണ് തായ്‌വാനെന്ന വാദം അംഗീകരിച്ചു പോകുകയായിരുന്നു. ഒരു കാലത്ത് തായ്‌വാന്റെ ശക്തമായ രാഷ്ട്രീയ സഖ്യവും ആയുധ വിതരണക്കാരുമായിരുന്നു യു എസ്.
തായ്‌വാന്‍ പ്രസിഡന്റ് സായിഇങ്‌വിനുമായി ട്രംപ് സംസാരിച്ചെന്ന വിവരം ട്രംപ് ടീം തന്നെയാണ് പുറത്തുവിട്ടത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ട്രംപിനെ സായി അഭിനന്ദിച്ചെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചെന്നും ഇവര്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ തായ്‌വാന്റെ ആദ്യ പ്രസിഡന്റായി അധികാരത്തിലേറിയ സായിയെ ട്രംപും അഭിനന്ദിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം 10 മിനുട്ടിലേറെ നീണ്ടെന്നും തായ്‌വാന്‍ പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, തായ്‌വാന്‍ പ്രസിഡന്റ് തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചതായാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ നിലവിലെ നയതന്ത്ര സാഹചര്യമനുസരിച്ച് തായ്‌വാന്‍ നേതാവ് യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളെ അങ്ങോട്ടു വിളിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. സംഭവം ആദ്യം ചൈന അംഗീകരിച്ചിരുന്നില്ല. തായ്‌വാന്റെ കൗശലം എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാല്‍ ഈ ഫോണ്‍വിളിയെ തായ്‌വാന്റെ കേന്ദ്ര വാര്‍ത്ത ഏജന്‍സി ചരിത്രപരമായ വലിയ സംഭവമെന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ഇത്തരമൊരു ഫോണ്‍വിളിയെക്കുറിച്ച് ട്രംപ് വൈറ്റ്ഹൗസിനെ അറിയിച്ചിരുന്നില്ലെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവം വിവാദമായതിനു ശേഷം ചൈനീസ് സര്‍ക്കാര്‍ ഔദേ്യാഗികമായി വൈറ്റ്ഹൗസുമായി ആശയവിനിമയം നടത്തിയിരുന്നു. ഒരു ഫോണ്‍വിളിയിലൂടെ തകരുന്നതല്ല ചൈനയുമായുള്ള ബന്ധമെന്നും ഏകചൈന നയം തുടര്‍ന്നും അംഗീകരിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
ചൈനയില്‍ നിന്ന് വേറിട്ടൊരു രാജ്യമാണെന്നാണ് തായ് വാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ പ്രവിശ്യയാണെന്ന് ചൈനയും കരുതുന്നു. അതിനാല്‍ മറ്റു രാജ്യങ്ങള്‍, പ്രതേ്യകിച്ച് യു എസ് തായ്‌വാനുമായി ബന്ധം സ്ഥാപിക്കുന്നതിനെ ചൈന എല്ലാ കാലത്തും എതിര്‍ത്തിരുന്നു. തായ്‌വാനെ ആയുധമാക്കി ചൈനയോടുള്ള ട്രംപിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. തായ്‌വാനെ ചൈനീസ് വന്‍കരയുടെ ഒരു വിഘടിതപ്രദേശമായി മാത്രം കരുതുന്ന ബീജിംങ് ഭരണകൂടം വേണ്ടി വന്നാല്‍ ബലം പ്രയോഗിച്ചും തായ്‌വാനെ പിടിച്ചെടുക്കുമെന്ന് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നതുമാണ്. അതിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും പലവുരു ചൈന വ്യക്തമാക്കിയിട്ടുണ്ട്. തായ്‌വാന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ച തായ്‌വാന്‍ പ്രസിഡന്റ് സായിയോട് ചൈനക്ക് യാതൊരു മമതയുമില്ല.

ട്രംപുമായി നേരത്തെ ചൈനീസ് പ്രസിഡന്റ് ഷിപിന്‍ പിങ് സംസാരിച്ചിരുന്നു. ട്രംപ് ചുമതലയേറ്റശേഷം യു എസ് -ചൈന ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകാമെന്ന് കരുതിയ ബീജിംങിന് ഇപ്പോഴത്തെ ഫോണ്‍കോള്‍ വലിയ തലവേദനയായിട്ടുണ്ട്. ട്രംപിന്റെ ലക്ഷ്യങ്ങള്‍ ഇനി ചൈന സംശയത്തോടു കൂടിയേ വീക്ഷിക്കുകയുള്ളൂവെന്ന് വിദഗ്ധര്‍ കരുതുന്നു. ട്രംപിന്റെ ഫോണ്‍കോള്‍ വിപരീതഫലമുണ്ടാക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ പാക്പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണവും വിവാദം സൃഷ്ടിച്ചിരുന്നു. ഷെരീഫിനെ മുക്തകണ്ഠം പ്രശംസിച്ച ട്രംപ് പാകിസ്ഥാന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്നും വാഗ്ദാനം ചെയ്തു.

ഫോണ്‍വിളിയെ തുടര്‍ന്ന് ചൈന- യു എസ് ബന്ധത്തിലുണ്ടായ ഉലച്ചില്‍ പരിഹരിക്കുന്നതിന് യു എസ് നീക്കം തുടങ്ങിയിരിക്കുകയാണ്. ഒറ്റ ചൈന എന്ന നയം തുടരുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ചൈനക്ക് ഉറപ്പുനല്‍കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. തങ്ങളുടെ അധീനതയിലുള്ള പ്രദേശമായി ചൈന കരുതുന്ന തായ്‌വാനുമായി യു എസിന് ഔദേ്യാഗിക ബന്ധമില്ലെന്നിരിക്കെ ഈ ഫോണ്‍വിളി ചൈനയെ ചൊടിപ്പിച്ചതില്‍ അത്ഭുതമില്ല. ഇതിനെതിരെ നയതന്ത്രതലത്തില്‍ രാജ്യം പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഫോണ്‍വിളിക്ക് പിന്നാലെ ചൈനയുടെ സാമ്പത്തിക നയങ്ങളെയും ദക്ഷിണ ചൈന കടലിലെ ഇടപെടലുകളെയും വിമര്‍ശിക്കുന്ന ട്രംപിന്റെ ട്വിറ്ററുകളും വിവാദമായി. ചൈന കൃത്രിമമായി കറന്‍സി നിര്‍മ്മിക്കുന്നവരും യു എസ് സമ്പദ് വ്യവസ്ഥയെ കൊള്ളയടിക്കുന്നവരുമാണെന്ന് തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ തന്നെ ട്രംപ് ആരോപിച്ചിരുന്നു. “അമേരിക്കയോടു ചോദിച്ചിട്ടാണോ ചൈന കറന്‍സിയുടെ മൂല്യം കുറച്ചത് എന്ന് എനിക്ക് തോന്നുന്നില്ല.” – ട്രംപ് വിമര്‍ശിച്ചു. ഇരുകൂട്ടര്‍ക്കും ഗുണകരമായ ബന്ധമാണ് ദീര്‍ഘനാളായി അമേരിക്കയും ചൈനയും പിന്തുടര്‍ന്നിരുന്നത് എന്ന് ട്രംപിന്റെ ട്വിറ്ററിനുള്ള മറുപടിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. “ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതോടെ അവരുമായി മത്സരിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നു. അവരുടെ രാജ്യത്തേക്ക് പോകുന്ന നമ്മുടെ ഉത്പന്നങ്ങള്‍ക്ക് വലിയ തോതില്‍ നികുതിയേര്‍പ്പെടുത്തുമ്പോള്‍, അവരുടെ ഉത്പന്നങ്ങള്‍ക്ക് നികുതിയൊന്നും നമ്മള്‍ ഈടാക്കുന്നില്ല.” ട്വിറ്ററില്‍ ട്രംപ് കുറിച്ചു.
വൈറ്റ് ഹൗസ് വക്താവ് ജോസഫ് ഏണസ്റ്റ് വ്യക്തമാക്കിയത് ഏകചൈന നിലപാടില്‍ യു എസ് യാതൊരു മാറ്റവും വരുത്തില്ലെന്നാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടു കാലത്തെ അമേരിക്കയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പ്രസിഡന്റുമാരെല്ലാം ഈ നയത്തില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. ട്രംപിനും ഈ നിലപാടു തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം മാത്രമേ അദ്ദേഹത്തിന്റെ ചൈനീസ് നയം എന്തായിരിക്കുമെന്ന് പറയാന്‍ കഴിയുകയുള്ളൂ.
രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ പുതിയ ലോകസാഹചര്യത്തിലാണ് 1949-ല്‍ ചൈനീസ് വന്‍കര ആകെ കീഴ്‌പ്പെടുത്തി മാവോസേതുങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗവണ്‍മെന്റ് അവിടെ അധികാരത്തില്‍ വരുന്നത്. അപ്പോള്‍ ചൈനയില്‍ നിലവിലുണ്ടായിരുന്ന ദേശീയ സര്‍ക്കാറിന്റെ നേതൃത്വം വഹിച്ചിരുന്ന ചിയാങ് കൈഷക്കും കൂട്ടരും ചൈനീസ് വന്‍കരയില്‍ നിന്നും പരാജിതരായി പിന്മാറുകയും തായ്‌വാന്‍ (ഫോര്‍മോസ) കേന്ദ്രമാക്കി പാശ്ചാത്യ ശക്തികളുടെ സഹായത്തോടുകൂടി ഒരു പാവ ഗവണ്‍മെന്റ് സ്ഥാപിക്കുകയും ചെയ്തു. ഈ തായ്‌വാന്‍ ഭരണകൂടത്തെ ചൈന ഒരു കാലത്തും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 1979 വരെ അമേരിക്കയും ചില പാശ്ചാത്യശക്തികളും തായ്‌വാനെ അംഗീകരിക്കുകയും ഐക്യരാഷ്ട്ര സഭയില്‍ ചൈനീസ് വന്‍കരയുടെ പ്രാതിനിധ്യം ഇതിനു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 1979-ല്‍ ഐക്യരാഷ്ട്ര സഭയില്‍ തായ് വാന്റെ അംഗത്വം ഇല്ലാതാകുകയും ആ സ്ഥാനം ചൈനക്ക് നല്‍കുകയും ചെയ്തു. അന്നുമുതല്‍ തായ്‌വാനുമായി യാതൊരു ഔദേ്യാഗിക ബന്ധവും യു എസിനില്ല. എന്നാല്‍ വ്യാപാര ബന്ധങ്ങള്‍ അവര്‍ തുടരുന്നുമുണ്ട്.
വരുന്ന ജനുവരി 20നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പു തന്നെ നിലവിലുള്ള ആ രാജ്യത്തിന്റെ നയങ്ങളാകെ മാറ്റിക്കുറിക്കുന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ വളരെ മോശപ്പെട്ട കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കാനേ സഹായിക്കുകയുള്ളൂ. അമേരിക്കയില്‍ ഇപ്പോഴും ഒബാമ പ്രസിഡന്റായി അധികാരത്തില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ അധികാരത്തെപ്പോലും ചോദ്യം ചെയ്യുന്ന നിലയിലുള്ള ചില പ്രഖ്യാപനങ്ങള്‍ വരെ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം അദ്ദേഹത്തിന്റേതായ നയങ്ങള്‍ പ്രഖ്യാപിച്ചു നടപ്പാക്കുന്നതാണ് എന്തുകൊണ്ടും മര്യാദ.

നാലു പതിറ്റാണ്ടായി നിലനില്‍ക്കുന്ന അമേരിക്കയുടെ ചൈനീസ് നയത്തില്‍ നിയുക്ത പ്രസിഡന്റ് ട്രംപ് അടിസ്ഥാനമാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു എന്ന പ്രതീതി ഉളവാക്കിക്കൊണ്ടാണ് തായ്‌വാന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണ വാര്‍ത്തകളും ഒടുവില്‍ നടത്തിയിരിക്കുന്ന
ചൈനീസ് വിരുദ്ധരായ സാമ്പത്തിക ഉപദേഷ്ടാക്കളുടെ നിയമനവും നിയുക്ത പ്രസിഡന്റിന്റെ ട്വിറ്ററുകളുമെല്ലാം പുറത്തുവന്നിരിക്കുന്നത്. അമേരിക്കയുടെ നിലവിലുള്ള ചൈനീസ് നയം രാജ്യത്തെ മുഖ്യപാര്‍ട്ടികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും മറ്റു പാര്‍ട്ടികളുമെല്ലാം അംഗീകരിച്ചതാണ്. രാജ്യം തന്നെ അംഗീകരിച്ച നയമാണിത്. ഏതായാലും ഇതിനു മാറ്റം വരുത്താന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എളുപ്പം സാധിക്കുമെന്നു തോന്നുന്നില്ല.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest