മംഗളൂരുവില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം; മൂന്ന്‌പേര്‍ അറസ്റ്റില്‍

Posted on: December 27, 2016 12:56 pm | Last updated: December 27, 2016 at 12:56 pm

കാസര്‍കോട്: കര്‍ണാടകയിലെ മംഗളൂരുവില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തുകയായിരുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ ബ്വാള്‍ സ്വദേശികളായ മനു, മുകേഷ്, പറങ്കിപേട്ടയിലെ ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. മസാജ് പാര്‍ലറില്‍ ജോലിക്കെത്തിയ യുവതികളെ നിര്‍ബന്ധിപ്പിച്ച് ഇവര്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. മലയാളികളടക്കം ഏഴ് യുവതികളെ ഇവിടെ നിന്നും പോലീസ് രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനികളുമുണ്ട്. മംഗളൂരു കങ്കനാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാഗൂരിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് ഇവര്‍ മസാജ് പാര്‍ലര്‍ നടത്തിയിരുന്നത്.

മംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ കൂണുകള്‍ പോലെയാണ് മസാജ് പാര്‍ലറുകള്‍ മുളച്ചുപൊങ്ങുന്നത്. ആയുര്‍വേദ ചികിത്സയുടെ മറവിലാണ് ഭൂരിഭാഗം മസാജ് പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. മംഗളൂരു, കദ്രി, കങ്കനാടി, ഹമ്പന്‍കട്ട, ഉഡുപ്പി എന്നിവിടങ്ങളിലെല്ലാം നിരവധി പുതിയ മസാജ് പാര്‍ലറുകള്‍ സമീപ കാലത്ത് തുറന്നു പ്രവര്‍ത്തച്ചിട്ടുണ്ട്. ഇതിനുപുറമെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും പെണ്‍വാണിഭം സജീവമാണ്. ലോഡ്ജുകളിലും മസാജ് പാര്‍ലറുകളിലും പോലീസ് റെയ്ഡ് നടത്തുന്നത് പതിവാണെങ്കിലും കുറച്ചുകാലം അടച്ചിട്ട ശേഷം വീണ്ടും ഇവ തുറന്ന് പ്രവര്‍ത്തിക്കുകയാണ്. പോലീസിനെ പണം നല്‍കി സ്വാധീനിച്ചാണ് മംഗളൂരുവില്‍ അനാശാസ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.