Connect with us

Articles

സി ബി ഐ അന്വേഷിക്കാത്ത ഡയറിക്കുറിപ്പുകള്‍

Published

|

Last Updated

സുരീന്ദര്‍ കുമാര്‍ ജെയിന്‍ എന്ന വ്യവസായിയുടെ ഡയറിയില്‍ 115 പേരുകളുണ്ടായിരുന്നു; രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അടക്കം. എല്‍ കെ അഡ്വാനി, മാധവ് റാവു സിന്ധ്യ, ബല്‍റാം ഝാക്കര്‍, വിദ്യാചരണ്‍ ശുക്ല, മദന്‍ ലാല്‍ ഖുറാന, പി ശിവശങ്കര്‍, ആരിഫ് മുഹമ്മദ് ഖാന്‍ എന്നിങ്ങനെ തലപ്പൊക്കമുള്ളവര്‍ ആ പട്ടികയിലുണ്ടായിരുന്നു. ഇവരടക്കം 115 പേര്‍ക്ക് പണം നല്‍കിയതിന്റെ വിവരങ്ങളാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. തീവ്രവാദികള്‍ക്ക് ഹവാലപ്പണം എത്തിക്കുന്ന ദല്ലാളുമാരെ പിടികൂടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഈ ഡയറി കണ്ടെടുത്തത്. ആരോപണ പ്രത്യാരോപണങ്ങളുണ്ടായി. സംഗതി കോടതി കയറി. ഡയറിത്താളിലെ പേരുകളെ മാത്രം അധികരിച്ച് കേസെടുക്കാനാകില്ലെന്ന വാദം സുപ്രീം കോടതി വരെ നീണ്ടു. ആരോപണത്തില്‍ ഗൗരവമുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി സമഗ്രമായ അന്വേഷണത്തിന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി ബി ഐ) ചുമതലപ്പെടുത്തി.
അന്വേഷണവും വിചാരണയും മുറപോലെ നടന്നു. ഡയറിക്കുറിപ്പുകളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, കോടതികള്‍ ആരോപണങ്ങളെല്ലാം തള്ളി. കേസില്‍ അവസാനവാക്യം കുറിച്ച സുപ്രീം കോടതി അന്വേഷണത്തിലെ പാളിച്ചക്ക് സി ബി ഐയെ കണക്കിന് വിമര്‍ശിച്ചു. സി ബി ഐയുടെ പരിഗണനയില്‍ വരുന്ന കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെ കോടതി ചുമതലപ്പെടുത്തിയത് ഈ കേസുകള്‍ അവസാനിപ്പിക്കുമ്പോഴാണ്. കേസ് അവസാനിച്ചതിന് ശേഷവും സുരേന്ദ്ര കുമാര്‍ ജെയിനിന്റെ ഡയറിത്താളുകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. അന്വേഷണം അട്ടിമറിക്കാനും ഫയലുകള്‍ക്കുമേല്‍ അടയിരിക്കാനും സി ബി ഐ ഡയറക്ടര്‍ സമ്മര്‍ദം ചെലുത്തിയതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ തുറന്ന് പറഞ്ഞു. കേസില്‍ അനുകൂല വിധി നേടിയെടുക്കാന്‍ ജഡ്ജിമാരെ സ്വാധീനിച്ചത് എങ്ങനെ എന്ന ഇടനിലക്കാരന്റെ കുമ്പസാരം പിന്നീടുണ്ടായി. അഗ്നിശുദ്ധി വരുത്തിയേ പാര്‍ലിമെന്ററി ജനാധിപത്യത്തിലേക്കുള്ളൂവെന്ന് പ്രതിജ്ഞയെടുത്ത് ലോക്‌സഭാംഗത്വം രാജിവെച്ച്, ധാര്‍മികതയുടെ ആള്‍രൂപമാകാന്‍ എല്‍ കെ അഡ്വാനി ശ്രമിച്ചത് മാത്രമാണ് ഈ ആരോപണ ചരിത്രത്തിലെ അപവാദം. കേസ് അട്ടിമറിയുടെ കഥകള്‍ പിന്നീട് പുറത്തുവന്നപ്പോള്‍, ഈ അപവാദത്തിലെ കഴമ്പില്ലായ്മ ഇന്ത്യന്‍ ജനത നിര്‍വികാരമായി നോക്കിനിന്നു.
വ്യാജമദ്യദുരന്തത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ഡയറിയിലുമുണ്ടായിരുന്നു രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം സത്യനേശനുള്‍പ്പെടെ 20 സി പി എം നേതാക്കളുടെ പേരുകളുണ്ടായിരുന്നുവെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍. മറ്റ് പാര്‍ട്ടികളുടെ നേതാക്കളുടെ പേരുകളും മണിച്ചന്റെ ഡയറിയിലുണ്ടായിരുന്നു. സി പി എം നടത്തിയ അന്വേഷണത്തിനൊടുവില്‍ എം സത്യനേശനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഡയറിക്കുറിപ്പുകളെ അടിസ്ഥാനമാക്കിയെടുത്ത കേസ് കോടതി മുറിയില്‍ പിന്നീട് തളര്‍ന്നുവീണു.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായോ, കാര്യസാധ്യത്തിനുള്ള വഴിപാടായോ കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ കണക്ക് ഡയറികളില്‍ രേഖപ്പെടുത്തപ്പെടുകയും അത് പുറത്തുവരികയും ചട്ടപ്പടിയുള്ള അന്വേഷണവും വിസ്താരവും അരങ്ങേറുകയും ചെയ്ത, പഴക്കമേറാത്ത ചരിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഓര്‍മയിലുണ്ടാകും. അതുപോലെ ചില ഡയറിത്താളുകളിലാണ് ഗുജറാത്ത് മുഖ്യമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്ന് പലകുറി എഴുതി അതിനു നേര്‍ക്ക് കോടികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആദിത്യ ബിര്‍ള, സഹാറ കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ്വിധം കുറിപ്പുകളുള്ള ഡയറി കണ്ടെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിക്ക് മാത്രമല്ല, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗിനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ ഖജാന്‍ജി എന്‍ സി ഷൈനക്കും ഡല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനും പണം കൈമാറിയെന്ന രേഖപ്പെടുത്തല്‍ അതിലുണ്ട്. 2013 മെയ് മുതല്‍ 2014 മാര്‍ച്ച് വരെയുള്ള കാലത്താണ് പണം കൈമാറിയിരിക്കുന്നത് എന്ന് ഡയറിയിലെ തീയതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാലത്ത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയെക്കൊണ്ട് അംഗീകരിപ്പിച്ച് പ്രചാരണത്തിന് നായകത്വം വഹിക്കുന്ന സമയവും.
രണ്ട് കമ്പനികളില്‍ നിന്നായി 55 കോടിയോളം രൂപ നരേന്ദ്ര മോദി കൈപ്പറ്റിയെന്നാണ് ഡയറിക്കുറിപ്പുകളില്‍ നിന്ന് മനസ്സിലാകുക. ഈ കുറിപ്പുകളെ ആധാരമാക്കിയുള്ള ആരോപണമാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ചെറുപ്പക്കാരന്‍ പ്രസംഗിക്കാനൊക്കെ പഠിച്ചുവരുന്നുണ്ടെന്നൊക്കെ, രാഹുല്‍ ഗാന്ധിയെ കളിയാക്കി, ആരോപണത്തെ അവഗണിക്കാനാണ് നരേന്ദ്ര മോദി ശ്രിക്കുന്നത്. ഭൂകമ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഒരു നനഞ്ഞ പടക്കമാണ് കൊണ്ടുവന്നതെന്ന് ബി ജെ പിക്കാരൊക്കെ പുച്ഛിക്കുന്നുമുണ്ട്. ലക്ഷക്കണക്കിന് കോടിയുടെ അഴിമതി ആരോപണങ്ങള്‍ കേട്ട് തഴമ്പിച്ച ഇന്ത്യക്കാരന്റെ ചെവിയില്‍പറ്റാനില്ല 55 കോടിയെന്ന് ആശ്വസിക്കുന്നവരുമുണ്ട്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനും അഴിമതി തടയാനും ലക്ഷ്യമിട്ട് നോട്ട് പിന്‍വലിക്കലുള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന നേതാവിന് ലഭിക്കുന്ന ജനപ്രിയതയിലുള്ള കൊതിക്കെറുവാണ് ആരോപണത്തിന് പിന്നിലെന്ന് ഹസിക്കുന്നുമുണ്ട് സംഘപരിവാരം. അത്ര ലാഘവത്തോടെ തള്ളാവുന്നതാണോ ഈ ആരോപണം?

സഹാറയുടെ ഓഫീസില്‍ 2014 നവംബറില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡയറിക്കുറിപ്പുകള്‍ കണ്ടെടുക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ഏതാണ്ടെല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കുകയും ചെയ്തതിന് ശേഷം. അതുകൊണ്ടാകണം ഡയറിക്കുറിപ്പുകളിന്‍മേല്‍ തുടര്‍ നടപടികളൊന്നും ആദായനികുതി വകുപ്പ് സ്വീകരിക്കാതിരുന്നത്. പക്ഷേ, ഈ വിവരം പുറത്തുവരണമെന്ന താത്പര്യം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കെങ്കിലുമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ പകര്‍പ്പുകള്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണിന്റെയും ഡല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകരുടെയും പക്കലെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഈ പകര്‍പ്പ് ഹാജരാക്കിയിരുന്നു. ഏതെങ്കിലും കമ്പനിയുടെ ഫയലുകളില്‍ ആരുടെയെങ്കിലും പേരുകള്‍ എഴുതിവെച്ചുവെന്നത് കൊണ്ടുമാത്രം അന്വേഷണം നടത്താനാകില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി, പ്രശാന്ത് ഭൂഷണിന്റെ ഹരജി തള്ളി. പ്രധാനമന്ത്രിയുടെ പേര് ആര്‍ക്കൊക്കെ എവിടെയൊക്കെ എഴുതിവെക്കാമെന്ന ചോദ്യവും കോടതി ഉന്നയിച്ചു.
ആ ചോദ്യത്തില്‍ കഴമ്പുണ്ട്. ഏതൊക്കെ കമ്പനികള്‍ ആരുടെയൊക്കെ പേര് എഴുതിവെച്ചിട്ടുണ്ടാകും? അതൊക്കെ ആധാരമാക്കി അന്വേഷണം നടത്താനിരുന്നാല്‍ അതിന് മാത്രമല്ലേ സമയമുണ്ടാകൂ? സഹാറയുടെ പുസ്തകത്തില്‍ വെറുതെ രേഖപ്പെടുത്തുകയല്ല ചെയ്തിരിക്കുന്നത് എന്നത് കാണാതിരുന്നുകൂടാ. പണം കൊടുത്തയാളുടെ പേര്, എവിടെവെച്ചാണ് പണം കൈമാറിയത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ അതിലുണ്ട്. ഗുജറാത്തില്‍ കാസ്റ്റിക് സോഡ പ്ലാന്റ് സ്ഥാപിക്കാന്‍ ആലോചിച്ചിരുന്നുവെന്നും അത് നടപ്പാക്കിയെടുക്കുന്നതിന് വേണ്ടിയാണ് പണം കൈമാറിയത് എന്നും അതില്‍ സൂചനയുണ്ട്. അത്രയും വിവരങ്ങളുള്ളപ്പോള്‍ സംഗതി കറുപ്പോ വെളുപ്പോ എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്വം നിയമ സംവിധാനങ്ങള്‍ക്കുണ്ട്, അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കാനുള്ള ഉത്തരവാദിത്വം നീതിന്യായ സംവിധാനത്തിനുമുണ്ട്. അതുകൊണ്ടാണ് സുരീന്ദ്ര കുമാര്‍ ജെയിനിന്റെ ഡയറിയുടെ കാര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് സുപ്രീം കോടതി രണ്ട് ദശാബ്ദം മുമ്പ് ഉത്തരവിട്ടത്. ആ കീഴ്‌വഴക്കം ഓര്‍ക്കാനുള്ള ഉത്തരവാദിത്വം ഇപ്പോള്‍ ന്യായാസനങ്ങളില്‍ വാണരുളുന്നവര്‍ക്കുണ്ട്.
കോടതി ചോദിച്ച ചോദ്യങ്ങളാണ് പ്രസക്തമെന്ന് കരുതുക. അങ്ങനെയെങ്കില്‍ സഹാറയുടെയും ആദിത്യ ബിര്‍ളയുടെയും ഡയറികളില്‍ ഇത്തരം കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചത് എന്തിന് എന്ന ചോദ്യത്തിന് മറുപടിയുണ്ടാകേണ്ടേ? പട്ടികയിലുള്ളത് രാജ്യത്തിന്റെ പരമാധികാരിയാണ്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുകയാണെന്ന് ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ്. പലകുറി ജനങ്ങളുടെ അംഗീകാരം വാങ്ങിയ ശിവരാജ് സിംഗ് ചൗഹാനെയും രമണ്‍ സിംഗിനെയും ഷീല ദീക്ഷിതിനെയും പോലുള്ള നേതാക്കളാണ്. ഇവരെയൊക്കെ അപകീര്‍ത്തിപ്പെടുത്താന്‍ പാകത്തില്‍ ഡയറിക്കുറിപ്പുകള്‍ ചമച്ചത് എന്തിനെന്ന് ജനം അറിയേണ്ടേ? അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യുദ്ധം നയിക്കുന്ന പ്രധാനമന്ത്രിയെ അവിശ്വാസത്തിന്റെ നിഴലില്‍ നിര്‍ത്താനായി മനഃപൂര്‍വം കെട്ടിച്ചമച്ചതാണോ ഈ കുറിപ്പുകള്‍ എന്ന് അറിയേണ്ടേ? അതു കണ്ടെത്താനെങ്കിലും അന്വേഷണം നടത്തേണ്ട ഉത്തരവാദിത്വമില്ലേ പ്രധാനമന്ത്രിക്ക്? പ്രധാനമന്ത്രിയെ അവമതിക്കാന്‍ ശ്രമിക്കുന്നവര്‍ ആരെന്ന് കണ്ടെത്തേണ്ടതാണെന്ന തോന്നല്‍ ന്യായാസനങ്ങള്‍ക്ക് ഉണ്ടാകേണ്ടതല്ലേ?
ആദായ നികുതി വകുപ്പ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിന്റെ ഭാഗമായ ജഡ്ജിമാര്‍ അരിജിത് പസായത്, എം ബി ഷാ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ എന്നിവര്‍ക്കൊക്കെ പരാതി നല്‍കി ഫലം കാണാതിരുന്നിട്ടാണ് പ്രശാന്ത് ഭൂഷണ്‍, സുപ്രീം കോടതിയെ സമീപിച്ചത്. ഡയറിക്കുറിപ്പ് വിശ്വസിക്കാവതാണെങ്കിലും അല്ലെങ്കിലും അന്വേഷണം നടത്തേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നു ഈ ഏജന്‍സികള്‍ക്ക്. ഇവയൊക്കെ ഫയലുകള്‍ക്ക് മേല്‍ അടയിരിക്കാന്‍ തീരുമാനിച്ചത് യാദൃച്ഛികമാണെന്ന് കരുതാനാകില്ല. സി ബി ഐയുടെ താത്കാലിക ചുമതല നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായി അറിയപ്പെടുന്ന രാകേഷ് അസ്താനക്ക് നല്‍കാന്‍ തീരുമാനിച്ചതിന്റെ കാരണവും ഫയലുകള്‍ സുരക്ഷിതമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയാലാകണം.

മുന്‍കാലത്ത് പുറത്തുവന്ന ഡയറിക്കുറിപ്പുകളുടെ കാര്യത്തിലെ അന്വേഷണം ഏത് വിധത്തിലാണ് അട്ടിമറിക്കപ്പെട്ടത് എന്ന വിവരങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഈ ഏജന്‍സികളുടെ നിലപാടുകളെ കൂടുതല്‍ സംശയിക്കണം. തെളിവു നശിപ്പിക്കല്‍, ഉദ്യോഗസ്ഥരെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മറ്റ് കേസുകളില്‍ കുടുക്കിയോ അന്വേഷണം അട്ടിമറിക്കല്‍ എന്നിവയിലൊക്കെ നിലവിലെ ഭരണനേതൃത്വത്തിനുള്ള പ്രാഗത്ഭ്യം ഗുജറാത്തിലെ മാതൃകകളില്‍ നിന്ന് രാജ്യം മനസ്സിലാക്കിയതാണ്. ആയതിനാല്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും കോഴപ്പണത്തിന്റെ കുറഞ്ഞ വലുപ്പത്തെ ഹസിച്ചും ജനത്തെ കബളിപ്പിക്കാനുള്ള ശ്രമം വലിയ തോതില്‍ ഫലം കാണാന്‍ ഇടയില്ല. മുമ്പുണ്ടായ കേസുകളൊക്കെ കോടതിയില്‍ തളര്‍ന്നുവീണെങ്കിലും ആരോപണവിധേയരുടെ കൈകളില്‍ കോഴപ്പണത്തിന്റെ കറയുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അതേ ബോധ്യം ഇവിടെയുമുണ്ടാകും.
അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി, കോഴ വാങ്ങിയെന്ന ആരോപണമാണ് പൊതുമധ്യത്തില്‍ നില്‍ക്കുന്നത്. ഇവ്വിധം കോഴ സമാഹരിച്ച്, വരവില്‍ കവിഞ്ഞ് സമാഹരിക്കുന്ന സ്വത്തിനെയാണ് പൊതുവില്‍ കള്ളപ്പണമെന്ന് വ്യവഹരിക്കുന്നത്. അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കറയേറ്റ കരങ്ങളുയര്‍ത്തിയാണ്, അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ യുദ്ധത്തില്‍ പങ്കാളിയാകൂ എന്ന് ആഹ്വാനം ചെയ്യുന്നത് എന്ന് ജനത്തിന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്