റേഷന്‍: ആരാണ് ഉത്തരവാദി?

Posted on: December 25, 2016 6:00 am | Last updated: December 24, 2016 at 11:53 pm
SHARE

കേന്ദ്രസര്‍ക്കാര്‍ 2013ലെ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് കേരളത്തിലെ റേഷന്‍ ഗുണഭോക്താക്കളെ ആശങ്കാകുലരാക്കിയിരിക്കുന്നത്. ബി പിഎല്‍, എ എ വൈ, എ പി എല്‍ വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതാണ് യു പി എ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാനിയമം. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനിയമം പാസ്സാക്കിയത്.
ബഹുഭൂരിപക്ഷത്തിനും റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. കോണ്‍ഗ്രസും ബി ജെ പിയും അടിച്ചേല്‍പ്പിക്കുന്ന പുതിയ ഭക്ഷ്യസുരക്ഷാ നിയമം റേഷന്‍ സംവിധാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
1990കളില്‍ ആരംഭിച്ച നവലിബറല്‍ നയങ്ങളുടെ ഭാഗമായി, നരസിംഹറാവു സര്‍ക്കാര്‍ ലോകബേങ്ക്- ഐ എം എഫ് നിര്‍ദേശമനുസരിച്ചാണ് സബ്‌സിഡികള്‍ വെട്ടിക്കുറക്കാനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാനായി വാഡിലാല്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഭക്ഷണം, വളം, പാചകവാതകം, മണ്ണെണ്ണ, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ അവസാനിപ്പിക്കാനായിരുന്നു വാഡിലാല്‍ കമ്മിറ്റി ശിപാര്‍ശ.
രണ്ടുതരം കാര്‍ഡുകള്‍ ഉണ്ടാക്കാനായി നരസിംഹ റാവു നിയോഗിച്ച ലക്‌സാവാല കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാണ് പൊതുവിതരണ സമ്പ്രദായത്തെ (പി ഡി എസ്) ലക്ഷ്യവേധിതപൊതുവിതരണ സമ്പ്രദായമായി (ടി പി ഡി എസ്) മാറ്റിയത്. 1997ല്‍ അന്നത്തെ സെന്‍ട്രല്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി വെങ്കട്ടസുബ്രഹ്മണ്യന്‍ ഒരു ഉത്തരവിലൂടെ പി ഡി എസിനെ ടി പി ഡി എസാക്കി മാറ്റുകയായിരുന്നു. അങ്ങനെയാണ് എ പി എല്‍, ബി പി എല്‍ വിഭജനം അശാസ്ത്രീയമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അടിച്ചേല്‍പ്പിച്ച് രണ്ടുതരം കാര്‍ഡുടമകളെ സൃഷ്ടിച്ചത്. ഇത്തരം നീക്കങ്ങള്‍ക്കെതിരായ ശക്തമായ സമരങ്ങളിലൂടെയാണ് കേരളത്തില്‍ എ.പി എല്‍ വിഭാഗങ്ങള്‍ക്ക് കുറഞ്ഞ അളവിലാണെങ്കിലും സബ്‌സിഡി വിലക്ക് അരി നല്‍കുന്നത് സംരക്ഷിക്കപ്പെട്ടത്.
നേരത്തെയുള്ള റേഷന്‍ സമ്പ്രദായമനുസരിച്ച് മൂന്ന് തരം കാര്‍ഡുകളാണ് കേരളത്തിലുള്ളത്. എ പി എല്‍, ബി പി എല്‍, അന്തേ്യാദയ അന്നയോജന. ഇതില്‍ ബി പി എല്‍ വിഭാഗത്തിന് കാര്‍ഡൊന്നിന് 25 കിലോയും എ പി എല്ലിന് 10 കിലോയും അന്ത്യോദയ അന്നയോജനക്ക് 35 കിലോ അരിയും ലഭിച്ചിരുന്നു. ഇതിനെയാണ് പുതിയ മുന്‍ഗണനാ ലിസ്റ്റുവഴി ഭക്ഷ്യസുരക്ഷാ നിയമം ഇല്ലാതാക്കുന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാനിയമം ബി ജെ പി നിര്‍ബന്ധിച്ച് നടപ്പാക്കുകയാണ്.
കേരളത്തിലിപ്പോള്‍ നിലവിലുള്ള 83.18 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 14.80 ലക്ഷം ബി പി എല്ലും 5.85 ലക്ഷം അന്തേ്യാദയ അന്നയോജനയും 62.53 ലക്ഷം എ പി എല്ലുമാണ്. പുതിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാകുന്നതോടെ സംഭവിക്കുന്നത് എ പി എല്‍, ബി പി എല്‍ റേഷന്‍ കാര്‍ഡുകള്‍ക്കുപകരം മുന്‍ഗണന- മുന്‍ഗണനേതര കാര്‍ഡുകള്‍ നിലവില്‍ വരും. 1.79 കോടി ജനങ്ങള്‍ക്കാണ് ഈ പരിഷ്‌കാരത്തിന്റെ ഭാഗമായി റേഷന്‍ ആനുകൂല്യം നഷ്ടപ്പെടുക. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി മുഴുവനാളുകള്‍ക്കും റേഷന്‍ ആനുകൂല്യം ഉറപ്പുവരുത്താനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുന്ന 1.54 കോടി ആളുകള്‍ക്കേ റേഷന് അര്‍ഹതയുള്ളൂ. ഈ വിഭാഗത്തിനുതന്നെ ഓരോരുത്തര്‍ക്കും പ്രതിമാസം മൂന്ന് രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും അഞ്ച് കിലോ വീതമാണ് ലഭിക്കുക. നിലവിലുള്ള 25 കിലോ കാര്‍ഡിന് ലഭിച്ച സ്ഥാനത്ത് 5-ല്‍ കുറവ് അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് അരി കുറയും. അന്തേ്യാദയ അന്നയോജന വിഭാഗത്തില്‍ പെട്ടവര്‍ക്ക് 35 കിലോ തന്നെ തുടര്‍ന്നും ലഭിക്കാം.
ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷന്‍-3 അനുസരിച്ചുള്ള മുന്‍ഗണനാവിഭാഗത്തില്‍ വരുന്നവര്‍ക്ക് പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ അരിയാണ് ലഭിക്കുക. ഈ നിയമം പൊതുവിഭാഗത്തെ പൂര്‍ണമായി റേഷന്‍ ലഭ്യതയില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ കേരളത്തില്‍ റേഷന്‍ ഭക്ഷ്യധാന്യത്തിന് അര്‍ഹതയുള്ളവര്‍ 3,65,21,000 പേരാണെന്നാണ് ഇടതുപക്ഷം കാണുന്നത്. ഈ നിയമം നടപ്പാക്കുമ്പോള്‍ 1,40,77,000 പേര്‍ക്കായി റേഷന്‍ അവകാശം പരിമിതപ്പെടും. അതായത് 2,24,40,000 പേര്‍ പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ കിട്ടാത്തവരായി മാറും. മൊത്തം ജനസംഖ്യയുടെ 38.5 ശതമാനത്തിനു മാത്രമേ റേഷന്‍ അര്‍ഹതയുണ്ടാകൂ എന്നര്‍ഥം. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന റേഷന്‍ വിഹിതത്തിന്റെ 52ശതമാനം മാത്രമേ പുതിയ നിയമമനുസരിച്ച് നല്‍കുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ റേഷന് അര്‍ഹതയുള്ള 61.5ശതമാനം പേരെ ഈ നിയമം പുറന്തള്ളുന്നു. കേരളത്തെ ആശങ്കാകുലമായ ഭക്ഷ്യപ്രതിസന്ധിയിലേക്കാണ് ഇത്തരമൊരു നടപടി എത്തിക്കുന്നത്.
എ പി എല്‍, ബി പി എല്‍ വിഭജനം വരുന്നതിനു മുമ്പ് ഉയര്‍ന്ന ഭക്ഷ്യലഭ്യത കേരളം ഉറപ്പാക്കിയിരുന്നു. അരിയും ഗോതമ്പും ചേര്‍ന്ന് 62.8 കിലോഗ്രാം പ്രതിമാസം/പ്രതിശീര്‍ഷം നമുക്ക് ലഭ്യമായിരുന്നു. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് പ്രതിമാസം 13.8 കിലോഗ്രാം (പ്രതിദിനം 460 ഗ്രാം) ഭക്ഷ്യവിഭവം ഉറപ്പാക്കുന്ന നിലയില്‍ നാം എത്തിയിരുന്നു. കേരളത്തിന് കുറഞ്ഞത് 48 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമെങ്കിലും ആവശ്യമുണ്ട്. എന്നാലിവിടെ ഉത്പാദിപ്പിക്കുന്നത് 10 ലക്ഷം ടണ്ണില്‍ താഴെ മാത്രം. മലയാളിയുടെ ഭക്ഷ്യാവശ്യത്തിന്റെ വലിയ ഭാഗവും പൊതുവിപണി വഴിയാണ് കിട്ടിയിരുന്നത്. കേരളത്തിലെ 85ശതമാനം പേരും ന്യായവില സംരംഭങ്ങളെ ആശ്രയിക്കുന്നവരായിരുന്നു. പുതിയ നയങ്ങളും പരിഷ്‌കാരങ്ങളും വഴി പൊതുവിതരണ സംവിധാനം വഴി ലഭ്യമായിരുന്ന 32 ശതമാനം വരെയുള്ള ഭക്ഷ്യധാന്യ വിഹിതം 3.86 ശതമാനം ആയി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ടായി.
കേരളത്തില്‍ ആഭ്യന്തര ഭക്ഷേ്യാത്പാദന സാധ്യത പരമാവധി ഇപ്പോള്‍ 20 ശതമാനം മാത്രമാണ്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍വഴി പൊതുവിതരണം ദുര്‍ബലമായതോടെ കേരളത്തിലെ സ്വകാര്യചില്ലറ വില്‍പ്പന കടകളില്‍ ഭക്ഷ്യധാന്യ വില്‍പ്പന തോത് ഇരട്ടിച്ചു. 2000 ല്‍ കേരളത്തിലെ ഒരു ചില്ലറ വില്‍പ്പകടകളില്‍ 7500 കിലോഗ്രാം അരിയും 2000 കിലോഗ്രാം ഗോതമ്പും വിറ്റുപോയിരുന്നുവെങ്കില്‍ ഇപ്പോഴത് യഥാക്രമം 14000 കിലോഗ്രാമും 4000 കിലോഗ്രാമുമായി വര്‍ധിച്ചു കഴിഞ്ഞതായി ചില കണക്കുകള്‍ കാണിക്കുന്നു.
അശാസ്ത്രീയമായ ദാരിദ്ര്യരേഖ നിര്‍ണയനമാണ് പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ മുന്‍ഗണനാ പട്ടികയ്ക്ക് അടിസ്ഥാനമായിരിക്കുന്നത്. 2013 ജൂലൈയില്‍ ആസൂത്രണ കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് നഗരങ്ങളില്‍ 33.33 രൂപ ചെലവഴിക്കാന്‍ കഴിവുള്ളവര്‍ എ പി എല്‍ ആണ്. ഗ്രാമങ്ങളില്‍ 27.29 രൂപ ചെലവഴിക്കാന്‍ കഴിവുളളവരും. ഈ പുതിയ മാനദണ്ഡങ്ങളനുസരിച്ച് 2004-05 കാലത്ത് 37.2ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഏഴ് വര്‍ഷംകൊണ്ട് അത് 15.3 ശതമാനമായി കുറഞ്ഞു. ദാരിദ്ര്യരേഖ മാറ്റിവരച്ച് ദാരിദ്ര്യം കുറയ്ക്കുന്ന ഗണിതവിദ്യ!
കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ അതിജീവനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അടിസ്ഥാനമാണ് ഭക്ഷ്യസുരക്ഷ. ഈയൊരു തിരിച്ചറിവോടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സൂക്ഷ്മവും സ്ഥൂലവുമായ പലവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഭക്ഷ്യസുരക്ഷ നിലകൊള്ളുന്നത്. അതില്‍ പ്രധാനമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുവിതരണ സംവിധാനം.
ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ബി പി എല്‍, എ എ വൈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പുതിയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ അവകാശം നഷ്ടപ്പെടുന്ന 20 ലക്ഷത്തിലേറെ കാര്‍ഡുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരിവിതരണം തുടരണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. റേഷന്‍ അവകാശം ഭൂരിപക്ഷത്തിന് നഷ്ടപ്പെടുത്തുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ബഹുജനാഭിപ്രായം ശക്തിപ്പെടുത്തിയും കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയും മാത്രമേ കേരളത്തിന്റെ റേഷന്‍ സമ്പ്രദായം സംരക്ഷിക്കാനാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here