പ്രമേയം അംഗീകരിക്കില്ല; രോഷത്തോടെ ഇസ്‌റാഈല്‍

Posted on: December 24, 2016 10:51 pm | Last updated: December 24, 2016 at 10:51 pm

ടെല്‍ അവീവ്: സമ്മര്‍ദങ്ങള്‍ മറികടന്ന് യു എന്‍ രക്ഷാസമിതിയില്‍ ഫലസ്തീന് അനുകൂലമായ പ്രമേയം പാസാക്കിയത് ഇസ്‌റാഈലിനെ ചൊടിപ്പിച്ചു. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട യു എന്‍ പ്രമേയത്തെ ലജ്ജാവഹം എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.
ഇസ്‌റാഈലിനെ മറികടന്ന് പ്രമേയം അവതരിപ്പിക്കാന്‍ മുന്നോട്ടുവന്ന ന്യൂസിലാന്‍ഡിനോടും സെനഗലിനോടും പ്രതികാരം ചെയ്യാനുള്ള ജൂത തന്ത്രവും നെതന്യാഹു ആസൂത്രണം ചെയ്തിട്ടുണ്ട്. യു എന്‍ പ്രമേയം അംഗീകരിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
സിറിയയില്‍ നടക്കുന്ന കൂട്ടക്കൊലയില്‍ പ്രതികരിക്കാതെ സമാധാനം ആഗ്രഹിക്കുന്ന പശ്ചിമേഷ്യയിലെ ജനാധിപത്യ രാഷ്ട്രമായ ഇസ്‌റാഈലിനെതിരെ നടത്തിയ പ്രമേയം വേദനാജനകമായി. പ്രമേയത്തിലെ നയങ്ങള്‍ രാജ്യം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രമേയത്തെ സ്വാഗതം ചെയ്ത് യു എന്‍ സെക്രട്ടറി ജനറലും ഫലസ്തീന്‍ വക്താവും രംഗത്തെത്തി. ഫലസ്തീനില്‍ സമാധാനം പുലരണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യമാണ് പ്രമേയത്തിലൂടെ സാധ്യമായതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. അധിനിവേശ ഇസ്‌റാഈലിനെതിരെയുള്ള വിജയമാണെന്നാണ് ഫലസ്തീന്‍ വക്താവ് പ്രതികരിച്ചത്.
സെനഗലിനും ന്യൂസിലാന്‍ഡിനുമെതിരെ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ നെതന്യാഹു അംബാസഡര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്‌റാഈലിന്റെ താക്കീത് അവഗണിച്ച് യു എന്നില്‍ ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധം അറിയിക്കാന്‍ പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലേക്കുള്ള സഹായം നിര്‍ത്തിവെക്കുമെന്നും നെതന്യാഹു വ്യക്തമാക്കി കഴിഞ്ഞു.
ഫലസ്തീനിലെ സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകുന്ന ഇസ്‌റാഈലിന്റെ കുടിയേറ്റ പദ്ധതി അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ കാലങ്ങളായി സമ്മര്‍ദം ശക്തമാണ്. യു എന്നില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കുമ്പോഴെല്ലാം തള്ളി പോകാറാണ് പതിവ്. എട്ട് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ഫലസ്തീന് അനുകൂലമായ പ്രമേയം യു എന്‍ രക്ഷാസമിതി പാസ്സാക്കുന്നത്.
കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ ഫലസ്തീന്‍ ജനങ്ങള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് ഇസ്‌റാഈല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ നാലര ലക്ഷത്തോളവും കിഴക്കന്‍ ജറൂസലമില്‍ രണ്ട് ലക്ഷത്തോളവും കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്. ഫലസ്തീന്‍ പൗരന്മാര്‍ക്ക് അധികാരപ്പെട്ട പ്രദേശങ്ങളാണ് കാലങ്ങളായി ഇസ്‌റാഈല്‍ കൈയേറിക്കൊണ്ടിരിക്കുന്നത്. പ്രശ്‌ന പരിഹാരമെന്ന നിലക്ക് പുതിയ കുടിയേറ്റങ്ങള്‍ വേണ്ടെന്ന ആവശ്യം പോലും അംഗീകരിക്കാന്‍ ഇസ്‌റാഈലിന് സാധിക്കുന്നില്ല.